ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിന്റെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ സ്പോർട്സ് കാറായ ‘ന്യൂ വാന്റേജ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 2005ൽ ആദ്യമായി അരങ്ങേറിയ കാറിന്റെ പരിഷ്കരിച്ച പതിപ്പിന് 2.95 കോടി രൂപയാണു മുംബൈയിലെ ഷോറൂം വില. ‘ന്യൂ വാന്റേജ്’ നിരത്തിലെത്തുമ്പോഴേക്ക് വില 3.25 കോടിയാളം രൂപയായി ഉയരും.
സമ്പന്നരായി യുവ വാഹന പ്രേമികളെ ലക്ഷ്യമിട്ടാണു ‘ന്യൂ വാന്റേജി’ന്റെ വരവ്; ദൈനംദിന ഉപയോഗത്തിനുള്ള സ്പോർട്സ് കാറെന്ന നിലയിലാണ് ഈ മോഡൽ വിപണനം ചെയ്യുന്നതെന്നും പശ്ചിമ, ദക്ഷിണ ഇന്ത്യയിലെ ആസ്റ്റൻ മാർട്ടിൻ വിതരണക്കാരായ ഇൻഫിനിറ്റി കാഴ്സ് വ്യക്തമാക്കി. അടുത്ത വർഷം 15 — 20 ‘ന്യൂ വാന്റേജ്’ കാറുകൾ ഇന്ത്യയിൽ വിൽക്കാനാവുമെന്നാണു പ്രതീക്ഷയെന്നും ഇൻഫിനിറ്റി കാഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ലളിത് ചൗധരി അറിയിച്ചു.
എൻട്രി ലവൽ സ്പോർട്സ് കാറുകൾക്കും വിലയേറിയ ആഡംബര കാറുകൾക്കും മധ്യത്തിലായാണ് ആസ്റ്റൻ മാർട്ടിൻ ‘ന്യൂ വാന്റേജ്’ അവതരിപ്പിക്കുന്നത്. ഡ്രൈവിങ് ഡൈനമിക്സിൽ വിട്ടുവീഴ്ച ചെയ്യാതെ എല്ലാത്തരം ഡ്രൈവർമാർക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ‘ന്യൂ വാന്റേജി’ന്റെ രൂപകൽപ്പനയെന്നും ചൗധരി വിശദീകരിച്ചു. ഇതോടൊപ്പം കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതും ‘ന്യൂ വാന്റേജി’നെ ഇന്ത്യൻ റോഡുകൾക്ക് അനുകൂലമാക്കുന്നുണ്ട്.
കാറിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിനാണ്; 503 ബി എച്ചി പിയോളം കരുത്തു സൃഷ്ടിക്കാൻ ഈ എൻജിനാവും. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിനാവുമെന്നും ആസ്റ്റൻ മാർട്ടിൻ അവകാശപ്പെടുന്നു.