ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കയുടെ പുതിയ ‘ഇൻട്രൂഡർ എസ് പി’ ഇന്ത്യയിലെത്തുന്നു. കാർബുറേറ്ററുള്ള ‘2018 ഇൻട്രൂഡർ എസ് പി’ക്ക് 1,00,500 രൂപയും ഫ്യുവൽ ഇഞ്ചക്ഷൻ വകഭേദത്തിന് 1,07,300 രൂപയുമാണു വില. ‘ഇൻട്രൂഡറി’ന്റെ അടിസ്ഥാന പതിപ്പിനെ അപേക്ഷിച്ച് യഥാക്രമം 505 രൂപ(കാർബുറേറ്റർ)യും 404 രൂപ(ഫ്യുവൽ ഇഞ്ചക്റ്റഡ്)യും അധികമാണിത്.
സാധാരണ ‘ഇൻട്രൂഡറി’ൽ നിന്നു വേറിട്ടു നിൽക്കാനായി പിൻസീറ്റ് യാത്രികനുള്ള ബാക്ക് റസ്റ്റോടെയാണ് ‘എസ് പി’ എത്തുന്നത്. കൂടാതെ റെഡ് അക്സന്റ് സഹിതമുള്ള മെറ്റാലിക് മാറ്റ് ബ്ലാക്ക് ഷേഡിലും ‘ഇൻട്രൂഡർ എസ് പി’ ലഭ്യമാണ്.
ഇന്ത്യയിൽ ഉത്സവകാലം വിരുന്നെത്തുന്നതിനു മുന്നോടിയായി ക്രൂസർ പ്രേമികളെ ആകർഷിക്കാനായി ഈ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. തകർപ്പൻ രൂപകൽപ്പനയുടെയും സ്പോർട്ടി രൂപത്തിന്റെയുമൊക്കെ പിൻബലത്തിൽ സുസുക്കി ‘ഇൻട്രൂഡ’റും ‘ഇൻട്രൂഡർ എഫ് ഐ’യും ആരാധകരുടെ മനം കവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സാങ്കേതികമായി ‘ഇൻട്രൂഡറി’ൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘ഇൻട്രൂഡർ എസ് പി’ എത്തുന്നത്. ബൈക്കിനു കരുത്തേുകന്നത് 155 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്. കാർബുറേറ്ററെന്നോ ഫ്യുവൽ ഇഞ്ചക്ഷനെന്നോ വ്യത്യാസമില്ലാതെ 14.6 ബി എച്ച് പിയോളം കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.