ഡിസയറിനെ വെല്ലാൻ പുത്തൻ ആസ്പയർ

കോംപാക്ട് സെഡാനായ ആസ്പയറിന്റെ പരിഷ്കരിച്ച മോഡൽ വിപണിയിൽ. 1.2 ലീറ്റർ പെട്രോൾ എൻജിനുള്ള മോഡലിന് 5.55 ലക്ഷം രൂപ മുതൽ 7.24 ലക്ഷം വരെയും 1.5 ലീറ്റർ ഡീസൽ എൻജിൻ മോഡലിന് 6.45 ലക്ഷം മുതൽ 8.14 ലക്ഷം വരെയുമാണു വില. 6–സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സുള്ള 1.5 ലീറ്റർ പെട്രോൾ മോഡലും അവതരിപ്പിച്ചിട്ടുണ്ട്; വില 8.49 ലക്ഷം രൂപ. ഇതുവരെ വിപണിയിലുണ്ടായിരുന്ന ആസ്പയറിനെക്കാൾ 20,000 രൂപയോളം വില കുറവാണ് പുതിയ പതിപ്പിന്.

New Aspire

1.2 ലീറ്റർ പെട്രോൾ എൻജിൻ 96 പിഎസ് കരുത്തും 120 എൻഎം കുതിപ്പുശേഷിയും (ടോർക്) ലീറ്ററിന് 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമുള്ളതാണെന്നു കമ്പനി അറിയിച്ചു.1.5 ലീറ്റർ ഡീസലിന് 100 പിഎസ് കരുത്തും 215 എൻഎം ടോർക്കും 26.1 കിമീ ഇന്ധനക്ഷമതയും. 5 വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്റിയുള്ള ആദ്യ കോംപാക്ട് സെഡാനാണിതെന്നു കമ്പനി മേധാവി അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. ഡ്യുവൽ എയർബാഗ് എല്ലാ വേരിയന്റിലുമുണ്ട്. ഏറ്റവുമുയർന്ന വേരിയന്റിൽ 6 എയർബാഗുണ്ട്.

New Aspire

നേരത്തെ പുതിയ പതിപ്പിനുള്ള ബുക്കിങ്ങുകൾ ഫോഡ് ഇന്ത്യ ആരംഭിച്ചിരുന്നു. ഒട്ടെറെ പുതുമകളോടെയാണ് ഫോഡ് പരിഷ്കരിച്ച ‘ആസ്പയർ’ വിൽപ്പനയ്ക്കെത്തിക്കുന്നത്. പുത്തൻ ‘ഫ്രീസ്റ്റൈലി’ലെ കറുപ്പിനു സമാനമായി സിൽവർ ഇൻസർട്ട് സഹിതമുള്ള പുതിയ ബംപർ, പരിഷ്കരിച്ച ഹെഡ്ലാംപ് ക്ലസ്റ്റർ, പുത്തൻ ഫോഗ് ലാംപ് ഹൗസിങ്, സിൽവർ ഫിനിഷോടെ വലിപ്പമേറിയ മുൻഗ്രിൽ തുടങ്ങിയവയൊക്കെ ഈ ‘ആസ്പയറി’ലുണ്ട്. പിന്നിലാവട്ടെ ബംപറിലെ പുത്തൻ ഇൻസർട്ടുകളാണു മാറ്റം. മുന്തിയ വകഭേദമായ ‘ടൈറ്റാനിയ’ത്തിലാവട്ടെ പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീലുമുണ്ട്.

New Aspire

കാറിന്റെ അകത്തളത്തിന് ബ്ലാക്ക് — ബീജ് ഇരട്ടവർണ സങ്കലനമാമു ഫോഡ് തിരഞ്ഞെടുത്തിരിക്കുന്നത്. സെന്റർ കൺസോളിലെ ഫ്ളോട്ടിങ് ടച്സ്ക്രീൻ വഴിയുള്ള സിങ്ക് ത്രീ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ ‘ആസ്പയറി’ലുണ്ട്. പുനഃക്രമീകരിച്ച എയർകണ്ടീഷനർ വെന്റുകളും പിയാനോ ബ്ലാക്ക് അക്സന്റുമാണ് അകത്തളത്തിലെ മറ്റു മാറ്റം