ഗീയർരഹിത സ്കൂട്ടറായ ‘വീഗൊ’യുടെ പരിഷ്കരിച്ച പതിപ്പ് ടി വി എസ് മോട്ടോർ കമ്പനി പുറത്തിറക്കി. 20 ലീറ്റർ സംഭരണ ശേഷിയുള്ള യൂട്ടിലിറ്റി ബോക്സ്, സ്പോർട് വീൽ — റിം സ്റ്റിക്കർ, പാസ് ബൈ സ്വിച്, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി തുടങ്ങിയവയോടെ എത്തുന്ന സ്കൂട്ടറിന് 53,027 രൂപയാണു ഡൽഹിയിലെ ഷോറൂം വില.
‘വീഗൊ’യുടെ 110 സി സി എൻജിൻ, പൂർണ ലോഹ നിർമിത ബോഡി, ആധുനിക ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയവയൊക്കെ പരിഷ്കരിച്ച പതിപ്പിലും ടി വി എസ് നിലനിർത്തിയിട്ടുണ്ട്. രാജ്യത്ത് ബോഡി ബാലൻസിങ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള ആദ്യ സ്കൂട്ടറാണ് ‘വീഗൊ’ എന്നാണു ടി വി എസിന്റെ അവകാശവാദം.എൻജിന്റെ സ്ഥാന നിർണയത്തിലെ മികവും രൂപകൽപ്പനയിലെ സവിശേഷതയും ചേർന്നാണു സ്കൂട്ടറിനു മികച്ച സ്ഥിരത സമ്മാനിക്കുന്നത്.
ഉപയോക്താക്കളുടെ മാറുന്ന അഭിരുചികൾക്കൊത്താണ് ടി വി എസ് മോട്ടോർ കമ്പനി പരിഷ്കാരങ്ങളും പുതുമകളും നടപ്പാക്കുന്നതെന്ന് കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) അനിരുദ്ധ ഹാൽദാർ അറിയിച്ചു. നവീകരിച്ച ‘വീഗൊ’ ഉത്സവകാലത്ത് മികച്ച പ്രതികരണം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.