ജഗ്വാർ ലാൻഡ് റോവർ എഫ് പേസ് പെട്രോൾ പതിപ്പിന്റെ പ്രാദേശിക നിർമാണം ആരംഭിച്ചു. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഇൻജീനിയം ടർബോചാർജ്ഡ് പെട്രോൾ എൻജിൻ കരുത്തേകുന്ന ‘2019 എഫ് പേസി’ന് 63.17 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂമുകളിൽ വില.
ഇന്ത്യയിലെത്തി രണ്ടു വർഷത്തിനുള്ളിൽ ‘ജഗ്വാർ’ ആരാധകരുടെ മനംകവരാൻ ‘എഫ് പേസി’നു സാധിച്ചിട്ടുണ്ടെന്ന് ജഗ്വാർ ലാൻഡ് റോവർ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. ആഭ്യന്തരമായി നിർമിച്ച, ഇൻജീനിയം പെട്രോൾ പതിപ്പ് കൂടിയെത്തുന്നതോടെ ജഗ്വാർ ശ്രേണിയിലെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എഫ് പേസി’നുള്ള സ്വീകാര്യത ഇനിയുമുയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പാർക്ക് അസിസ്റ്റ്, ലെയ്ൻ കീപ് അസിസ്റ്റ്, കാബിൻ എയർ അയണൊസൈഷൻ, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, 360 ഡിഗ്രി പാർക്കിങ് സെൻസർ, അഡാപ്റ്റീവ് എൽ ഇ ഡി ഹെഡ്ലൈറ്റ്, വൈ ഫൈ ഹോട്ട് സ്പോട്ട്, പ്രോ സർവീസസ്, 10.2 ഇഞ്ച് ടച് സ്ക്രീൻ തുടങ്ങിയവയെല്ലാമായാണ് ‘എഫ് പേസി’ന്റെ വരവ്. പുതിയ പതിപ്പിലാവട്ടെ ദീപാലംകൃതമായ മെറ്റൽ ട്രെഡ്പ്ലേറ്റ്, 10 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റിനു ക്രോം സ്വിച്ച്, സ്യൂഡ് ക്ലോത്ത് ഹെഡ്ലൈനർ, ബ്രൈറ്റ് മെറ്റൽ പെഡൽ തുടങ്ങിയവയുമുണ്ട്.
‘ജഗ്വാർ’ ശ്രേണിയിൽ ‘എക്സ് ഇ’(വില 39.73 ലക്ഷം രൂപ മുതൽ), ‘എക്സ് എഫ്’(49.58 ലക്ഷം രൂപ മുതൽ), ‘എഫ് പേസ്’(63.17 ലക്ഷം മുതൽ), ‘എക്സ് ജെ’(1.10 കോടി രൂപ മുതൽ), ‘എഫ് ടൈപ്(90.93 ലക്ഷം മുതൽ) തുടങ്ങിയവയാണു കമ്പനി ലഭ്യമാക്കുന്നത്. കൊച്ചിയിലടക്കം 27 ഡീലർഷിപ്പുകളും ജഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിലുണ്ട്.