ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയുടെ പനിഗേൽ വി ഫോർ ആർ ഇന്ത്യയിലെത്തി. 51.87 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. ഇന്ത്യയ്ക്കായി പനിഗേൽ വി ഫോർ ആറിന്റെ വെറും അഞ്ചു യൂണിറ്റാണ് ഡ്യുകാറ്റി നീക്കിവച്ചിരിക്കുന്നത്. ബൈക്കിനുള്ള ബുക്കിങ് രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞതായും കമ്പനി അറിയിച്ചു.
ഈ 30നകം ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം ആദ്യ പാദത്തിൽ ബൈക്ക് കൈമാറുമെണു ഡ്യുകാറ്റിയുടെ വാഗ്ദാനം. അതിനു ശേഷം ബുക്ക് ചെയ്യുന്നവർക്ക് 2019ന്റെ മധ്യത്തോടെയാവും ‘പനിഗേൽ വി ഫോർ ആർ’ ലഭിക്കുക. പനിഗേൽ വി ഫോറിന് ഇന്ത്യയിൽ ലഭിച്ച തകർപ്പൻ സ്വീകരണമാണ് ‘പനിഗേൽ വി ഫോർ ആർ’ അവതരിപ്പിക്കാൻ ആത്മവിശ്വാസം പകർന്നതെന്ന് ഡ്യുകാറ്റി മാനേജിങ് ഡയറക്ടർ സെർജി കനോവാസ് അറിയിച്ചു. രാജ്യത്തെ റേസിങ്, റൈഡിങ് ആരാധകർക്ക് അവിശ്വസനീയ അനുഭവമാകും ബൈക്ക് പ്രദാനം ചെയ്യുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പനിഗേൽ വി ഫോർ എസിനൊപ്പം ഡ്യുകാറ്റിയുടെ റേസിങ് പാരമ്പര്യം കൂടി ചേർന്നാണ് പനിഗേൽ വി ഫോർ ആർ യാഥാർഥ്യമാവുന്നത്. നിയമനങ്ങളും നിബന്ധനകളുമൊക്കെ പാലിക്കുന്ന റോഡ് ലീഗൽ റേസ് ബൈക്കാണ് ഇതെന്നും ഡ്യുകാറ്റി വ്യക്തമാക്കുന്നു.
പനിഗേൽ വി ഫോർ ആറിനു കരുത്തേകുന്നത് 998 സി സി എൻജിനാണ്; റേസിങ് നിലവാരമുള്ള സസ്പെൻഷനും മെക്കാനിക്കൽ ക്രമീകരണങ്ങളും അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള ഫോർ പൊസിഷൻ ആക്സിലും അലൂമിനിയം സ്വിങ് ആമുമൊക്കെയായാണു ബൈക്കിന്റെ വരവ്. ഇന്ത്യയിൽ ഡൽഹി, മുംബൈ, പുണെ, അഹമ്മദബാദ്, ബെംഗളൂരു, കൊച്ചി, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലാണു ഡ്യുകാറ്റിക്കു ഡീലർഷിപ്പുകളുള്ളത്.