നിയമപരമായ ബാധ്യത പരിഗണിച്ച് ‘അവഞ്ചർ 220 ക്രൂസ്’, ‘സ്ട്രീറ്റ്’ എന്നിവയിൽ ബജാജ് ഓട്ടോ ലിമിറ്റഡ് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) ലഭ്യമാക്കി. 2019 ഏപ്രിൽ ഒന്നു മുതലാണ് രാജ്യത്തു വിൽക്കുന്ന 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളിൽ എ ബി എസ് നിർബന്ധമാക്കിയിരിക്കുന്നത്.
ഇതോടെ ഇരു ബൈക്കുകളുടെയും പൂണെ ഷോറൂമിലെ വില 1,02,425 രൂപയായി ഉയർന്നു. എ ബി എസ് ഇല്ലാത്ത മോഡലുകളുടെ വിലയാവട്ടെ 95,707 രൂപയായിരുന്നു; ഇതോടെ 7,600 രൂപയുടെ വിലവർധനയാണു നിലവിൽവന്നത്. ‘പൾസർ എൻ എസ് 200’,‘പൾസർ ആർ എസ് 200’ ബൈക്കുകളിൽ ലഭ്യമാക്കിയ സിംഗിൾ ചാനൽ എ ബി എസ് യൂണിറ്റ് തന്നെയാവും ബജാജ് ‘220 അവഞ്ചറി’ലും ഘടിപ്പിച്ചിരിക്കുന്നതെന്നാണു സൂചന.
എ ബി എസിന്റെ വരവിനപ്പുറമുള്ള മാറ്റങ്ങളൊന്നും ‘അവഞ്ചറി’ൽ നടപ്പാക്കിയിട്ടില്ല. 220 സി സി, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 8,400 ആർ പി എമ്മിൽ 19 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 17.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരു മോഡലുകളിലും മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ. മുന്നിൽ 260 എം എം ഡിസ്കുള്ള ബൈക്കിന്റെ പിന്നിലെ ബ്രേക്ക് 130 എം എം ഡ്രമ്മാണ്.
എൻട്രി ലവൽ ക്രൂസർ വിഭാഗത്തിൽ ലഭ്യമായ അപൂർവം ബൈക്കുകളിലൊന്നാണ് ‘അവഞ്ചർ’ ശ്രേണി. രൂപകൽപ്പനയിലെ വ്യത്യാസമാണു ‘220 അവഞ്ചർ സ്ട്രീറ്റി’നെയും ‘ക്രൂസി’നെയും വേറിട്ടു നിർത്തുന്നത്. ക്രോം ഗാർണിഷും വലിയ വിൻഡ്ഷീൽഡും ദീർഘദൂര യാത്രകൾ സുഖകരമാക്കാനുള്ള ബാക്ക് റസ്റ്റുമൊക്കെയായി പരമ്പരാഗത ക്രൂസർ ശൈലിയിലാണു ‘ക്രൂസി’ന്റെ വരവ്.
അതേസമയം ചെറിയ, സ്മോക്കഡ് വൈസർ, ബ്ലാക്ക്ഡ് ഔട്ട് പാർട്സ്, ക്രോമിന്റെ സ്ഥാനത്ത് സാറ്റിൽ സിൽവർ ഫിനിഷ് തുടങ്ങിയവയാണു ‘സ്ട്രീറ്റി’ന്റെ സവിശേഷത. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റൽ കൺസോൾ, പുത്തൻ നിറക്കൂട്ട് തുടങ്ങിയവയൊക്കെ ബജാജ് ഇക്കൊല്ലം ‘അവഞ്ചറി’ൽ ലഭ്യമാക്കിയിരുന്നു.