എബിഎസ് സുരക്ഷയുമായി പൾസർ 220 എഫ്

പ്രകടനക്ഷമതയേറിയ ‘പൾസർ 220 എഫി’നു പുത്തൻ ഗ്രാഫിക്സും ക്രാഷ് ഗാഡുമൊക്കെ നൽകി ബജാജ് ഓട്ടോ ലിമിറ്റഡ് പരിഷ്കരിച്ചിരുന്നു. ഇപ്പോഴിതാ ‘പൾസർ 220 എഫി’ൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ബജാജ് ലഭ്യമാക്കി. 1,05,254 രൂപയാണു ‘പൾസർ 220 എഫ് എ ബി എസി’ന്റെ പൂണെ ഷോറൂമിലെ വില; എ ബി എസ് ഇല്ലാത്ത വകഭേദത്തിന്റെ വിലയായ 97,670 രൂപയെ അപേക്ഷിച്ച് 7,600 രൂപയോളം അധികമാണിത്. 2019 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തു വിൽക്കുന്ന 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളിൽ എ ബി എസ് നിർബന്ധമാക്കിയിട്ടുണ്ട്.

‘ആർ എസ് 200’, ‘എൻ എസ് 200’ ബൈക്കുകളിലെ സിംഗിൾ ചാനൽ എ ബി എസ് യൂണിറ്റ് തന്നെയാണ് ‘220 എഫി’ലും ബജാജ് ഓട്ടോ ലഭ്യമാക്കിയിരിക്കുന്നതെന്നാണു സൂചന. 220 സി സി, സിംഗിൾ  സിലിണ്ടർ എൻജിനാണു ‘പൾസർ 220 എഫി’നു കരുത്തേകുന്നത്; 8,500 ആർ പി എമ്മിൽ 20.9 ബി എച്ച് പിയോളം കരുത്തും 7,000 ആർ പി എമ്മിൽ 18.5 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

അരങ്ങേറ്റം കുറിച്ച ശേഷം കാര്യമായ പരിഷ്കാരങ്ങളില്ലാതെ കഴിയുമ്പോഴും എൻട്രി ലവൽ സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ജനപ്രിയമായി തുടരാൻ ‘പൾസർ 220 എഫി’നു സാധിച്ചിട്ടുണ്ട്. ബൈക്കിനെ ഉടനെയൊന്നും പിൻവലിക്കാൻ ബജാജിനു പദ്ധതിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ‘പൾസർ 220 എഫി’ൽ എ ബി എസ് ലഭ്യമാക്കിയത്. അടുത്തു തന്നെ ‘പൾസർ 220 എഫ് എ ബി എസ്’ രാജ്യത്തെ ഡീലർഷിപ്പുകളിലെത്തുമെന്നാണു സൂചന.