പ്രകടനക്ഷമതയേറിയ ‘പൾസർ 220 എഫി’നു പുത്തൻ ഗ്രാഫിക്സും ക്രാഷ് ഗാഡുമൊക്കെ നൽകി ബജാജ് ഓട്ടോ ലിമിറ്റഡ് പരിഷ്കരിച്ചിരുന്നു. ഇപ്പോഴിതാ ‘പൾസർ 220 എഫി’ൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ബജാജ് ലഭ്യമാക്കി. 1,05,254 രൂപയാണു ‘പൾസർ 220 എഫ് എ ബി എസി’ന്റെ പൂണെ ഷോറൂമിലെ വില; എ ബി എസ് ഇല്ലാത്ത വകഭേദത്തിന്റെ വിലയായ 97,670 രൂപയെ അപേക്ഷിച്ച് 7,600 രൂപയോളം അധികമാണിത്. 2019 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തു വിൽക്കുന്ന 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളിൽ എ ബി എസ് നിർബന്ധമാക്കിയിട്ടുണ്ട്.
‘ആർ എസ് 200’, ‘എൻ എസ് 200’ ബൈക്കുകളിലെ സിംഗിൾ ചാനൽ എ ബി എസ് യൂണിറ്റ് തന്നെയാണ് ‘220 എഫി’ലും ബജാജ് ഓട്ടോ ലഭ്യമാക്കിയിരിക്കുന്നതെന്നാണു സൂചന. 220 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണു ‘പൾസർ 220 എഫി’നു കരുത്തേകുന്നത്; 8,500 ആർ പി എമ്മിൽ 20.9 ബി എച്ച് പിയോളം കരുത്തും 7,000 ആർ പി എമ്മിൽ 18.5 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
അരങ്ങേറ്റം കുറിച്ച ശേഷം കാര്യമായ പരിഷ്കാരങ്ങളില്ലാതെ കഴിയുമ്പോഴും എൻട്രി ലവൽ സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ജനപ്രിയമായി തുടരാൻ ‘പൾസർ 220 എഫി’നു സാധിച്ചിട്ടുണ്ട്. ബൈക്കിനെ ഉടനെയൊന്നും പിൻവലിക്കാൻ ബജാജിനു പദ്ധതിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ‘പൾസർ 220 എഫി’ൽ എ ബി എസ് ലഭ്യമാക്കിയത്. അടുത്തു തന്നെ ‘പൾസർ 220 എഫ് എ ബി എസ്’ രാജ്യത്തെ ഡീലർഷിപ്പുകളിലെത്തുമെന്നാണു സൂചന.