മാരുതിയുടെ ടോൾബോയ് വാഗൺആറിന്റെ പുതിയ പതിപ്പ് വിപണിയിൽ. രണ്ട് എൻജിൻ ഓപ്ഷനുകളിലായി ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 4.19 ലക്ഷം മുതൽ 5.69 ലക്ഷം രൂപ വരെയാണ്. മാനുവൽ, എജിഎസ് വകഭേദങ്ങളില്‍ വാഗൺആർ ലഭിക്കും. 1.2 ലീറ്റർ, 1.0 ലീറ്റർ എന്നീ രണ്ട് എൻജിൻ വകഭേദങ്ങളിലാണ് പുതിയ വാഗൺആർ എത്തുക.
വാഗൺആർ 1 ലീറ്റർ വകഭേദത്തിന്റെ എൽഎക്സ്ഐ മാനുവലിന് 4.19 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 4.69 ലക്ഷം രൂപയുമാണ് വില. വിഎക്സ്ഐ 1 ലീറ്റർ എജിഎസിന് 5.16 ലക്ഷം രൂപയാണ് വില. ശേഷി കൂടിയ 1.2 ലീറ്റർ വകഭേദത്തിന്റെ വിഎക്സ്ഐ മാനുവലിന് 4.89 ലക്ഷവും ഇസഡ്എക്സ്ഐ മാനുവലിന് 5.22 ലക്ഷവും വിഎക്സ്ഐ എജിഎസിന് 5.36 ലക്ഷവും ഇസഡ്എക്സ്ഐ എജിഎസിന് 5.69 ലക്ഷവുമാണ് വില.
ടോൾ ബോയ് ലുക്ക് നിലനിർത്തിയെത്തുന്ന വാഹനത്തിന് അടിമുടി മാറ്റങ്ങളുണ്ട്. വീതികൂടിയ ബോഡി, മികച്ച ഇന്റീരിയർ, കൂടുതൽ സ്ഥല സൗകര്യമുള്ള ക്യാബിൻ, ബെസ്റ്റ് ഇൻ ക്ലാസ് ബൂട്ട് സ്പെയ്സ് എന്നിവ പുതിയ വാഗൺആറിന്റെ പ്രത്യേകതകളാണ്.
മാരുതിയുടെ അഞ്ചാം തലമുറ ഹേർട്ട്ടെക് പ്ലാറ്റ്ഫോമിലാണ് പുതിയ വാഗൺആർ നിർമിക്കുന്നത്. പുതിയ പ്ലാറ്റ്ഫോം വാഹനത്തെ കൂടുതൽ സ്റ്റേബിളും കരുത്തുറ്റതുമാക്കുന്നുവെന്നു മാരുതി പറയുന്നു. ഡ്രൈവർ എയർബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ്ബെൽറ്റ് റിമൈഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ അടിസ്ഥാന വകഭേദം മുതലുണ്ടാകും.