ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹാരിയർ വിപണിയിൽ. വില 12.69 ലക്ഷം മുതൽ. നാല് വകഭേദങ്ങളിലായി ഹാരിയർ വിൽപ്പനയ്ക്കെത്തും. എക്സ്ഇ മോഡലിന് 12.69 ലക്ഷം രൂപയും എക്സ്എം വകഭേദത്തിന് 13.75 ലക്ഷവും എക്സ്ടിക്ക് 14.95 ലക്ഷവും എക്സ്ഇസഡിന് 16.25 ലക്ഷം രൂപയുമാണ് വില.
ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നു വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. ഏതു തരത്തിലുള്ള റോഡുകളിലൂടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നാണ് ടാറ്റ പറയുന്നത്. ഇന്ത്യൻ നിരത്തിലെ എസ്‌യുവികൾക്ക് പുതിയൊരു മാനം നൽകും ഹാരിയർ.
ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരമാണ് ഹാരിയറിന്റെ രൂപകൽപ്പന. ഫ്ലോട്ടിങ് റൂഫ് ഫിനിഷ്, വലിയ വീൽആർച്ചുകൾ, പ്രൊട്ടക്ടീവ് സൈഡ് ക്ലാഡിങ്, സിൽവർ ചിൻ ഗാർഡോഡു കൂടിയ ഡ്യുവൽ ടോൺ ഫ്രണ്ട് ബംബർ, സെനോൺ എച്ച്ഐഡി പ്രൊഡക്റ്റർ ഹെഡ്‌ലാംപ്, ടേൺ ഇന്റീകേറ്ററുകളോടു കൂടിയ ഡ്യുവൽ ഫങ്ഷൻ എൽഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ, സ്പോർട്ടി പിയാനോ ബ്ലാക് ഫിനിഷിലുള്ള 3ഡി എൽഇഡി ടെയിൽ ലാംപ്, ലോഗോ പ്രൊജക്ഷനോടു കൂടിയ ഒആർവിഎം എന്നിവയുണ്ട് ഹാരിയറിൽ.
ഓക് വുഡ് ഫിനിഷുള്ള ഇന്റീയറാണ്. 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയുള്ള മീറ്റർ കൺസോൾ, 8.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവയുണ്ട് ഇന്റീരയറിൽ. രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിനാണ് ഹാരിയറിൽ. 1956 സിസി എൻജിന് 3750 ആർപിഎമ്മിൽ 140 എൻഎം ടോർക്കും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. 4598 എംഎം നീളവും 1894 എംഎം വീതിയും 1706 ഉയരവുമുണ്ട് വാഹനത്തിന്. 2741 എംഎം വീൽബെയ്സും 205 എംഎം ഗ്രൗണ്ട് ക്രിയറൻസും.
സുരക്ഷയ്ക്കായി മുന്നിലെ ഡ്യൂവൽ എയർബാഗുകളും സീറ്റ് സൈഡ് എയർബാഗും കർട്ടൻ എയർബാഗുകളുമടക്കം 6 എയർബാഗുകളുണ്ട്. കൂടാതെ എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ഓഫ് റോഡ് എബിഎസ്, ഇലക്ട്രോണിക് ട്രാക്‌ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽഡിസന്റ് കൺട്രോൾ ബ്രേക് ഡിസ്ക് വൈപ്പിങ്, ഹൈഡ്രോളിങ് ബ്രേക് അസിസ്റ്റ് തുടങ്ങി 14 ഫങ്ഷനാലിറ്റികളുള്ള അഡ്വാൻസിഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റ് പ്രോഗ്രാമാണ് വാഹനത്തിൽ.
മുന്നിൽ ലാൻഡ്റോവർ സസ്പെൻഷനും പിന്നിൽ ഹാരിയറിലായി ലോട്ടസ് വികസിപ്പിച്ച സസ്പെൻഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്. കരുത്തും ഇന്ധനക്ഷമതയും നൽകുന്നതിനായി സിറ്റി, ഇക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുണ്ട്. കൂടാതെ വ്യത്യസ്ത തരം ഡ്രൈവിങ് കണ്ടീഷനുകൾക്കായി വെറ്റ്, റഫ്, നോർമൽ മോഡുകളുമുണ്ട്. എട്ടുതരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവിങ് സീറ്റും 4 തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന കോഡ്രൈവർ സീറ്റുമാണ്. പിന്നിലെ സീറ്റ് 60:40 അനുപാതത്തിൽ മടക്കാനും സാധിക്കും. 425 ലീറ്ററാണ് ബുട്ട് സ്പെയ്സ്, പിൻ സീറ്റ് മടക്കിയാൽ അത് 810 ലീറ്ററായി ഉയരും.