സ്കൂട്ടറും ബൈക്കും ഒത്തു ചേരുന്ന ഒരു വാഹനം ഇന്ത്യയിലില്ലായിരുന്നു, ഹോണ്ട നവി ഇറങ്ങും വരെ. ഇതു സ്കൂട്ടറാണോ അതോ ബൈക്കാണോ എന്നാണു ചോദ്യമെങ്കിൽ ഹോണ്ടയ്ക്കു പോലും ഉത്തരം മുട്ടും. പണ്ടൊരു രാജ്ദൂത് ജി ടി എസ് ഉണ്ടായിരുന്നു. പക്ഷെ അത് ചെറിയ ബൈക്ക് എന്ന വിഭാഗത്തിലാണ് വരിക. നവിയുടെ വിഭാഗത്തിൽ അന്നും ഇന്നും എന്നും നവി മാത്രം. ബൈക്കിന്റെ ലുക്കും സ്കൂട്ടറിന്റെ ഗിയർലെസ് എഞ്ചിനുമുള്ള നവിയെ അതു കൊണ്ട് സ്കൂട്ടർ–ബൈക്ക് എന്നു വിളിക്കുന്നതാവും ഉചിതം.
∙ കണ്ടാൽ കൊതിക്കും: ഹോണ്ടയുടെ കുഞ്ഞൻ ബൈക്കായ ഗ്രോം 125–ന് സമാനമായ രൂപം. ക്യൂട്ട് എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്ന ഡിസൈൻ. ഹെഡ് ലാംപും ഫെയറിങും വ്യത്യസ്തം. മനോഹരവും. വലുപ്പം കുറഞ്ഞ ഫ്യൂവൽ ടാങ്കിൽ അനാവശ്യ പാനലുകളൊന്നുമില്ല. ഒറ്റ നിറത്തിൽ ഹോണ്ടയുടെ ലോഗോയും നവി എന്ന എഴുത്തുമല്ലാതെ മറ്റ് സ്റ്റിക്കറുകളുമില്ല. ഹോണ്ടയുടെ തന്നെ സ്റ്റണ്ണറിനു സമാനമായ ടെയിൽ ലാംപ്.
∙ നിറസാന്നിധ്യം: പോപ്പിൻസ് മിഠായിയുടെ കൂടു തുറന്നതുപോലെ നിറവൈവിധ്യം. പച്ച, ചുവപ്പ് ഓറഞ്ച്, വെള്ള അങ്ങനെ പോകുന്നു നിറങ്ങളും. ചെറിയ രൂപവും നിറപ്പകിട്ടും നവിയെ കൂടുതൽ ക്യൂട്ട് ആക്കുന്നു. കൂടുതൽ അലങ്കാരങ്ങൾ ആവശ്യമുള്ളവർക്ക് കസ്റ്റമൈസ് ചെയ്യാം.
∙ ശരാശരി: ഹോണ്ട ഇക്കോ ടെക്നോളജി എന്ന സാങ്കേതിക വിദ്യ സമന്വയിക്കുന്ന 110 സി സി എഞ്ചിനാണ്. ഫോർ സ്ട്രോക്ക് എസ് ഐ എഞ്ചിൻ 7000 ആർ പി എമ്മിൽ 5.84 കിലോവാട്ട് ശക്തിയും 5500 ആർ പി എമ്മിൽ 8.96 എൻ എം ടോർക്കും നൽകും. 101 കിലോ മാത്രം ഭാരം. ഇന്ധനടാങ്ക് 3.8 ലീറ്റർ.
∙ നിയന്ത്രണവിധേയൻ: അനായാസ നിയന്ത്രണമാണ് പ്രത്യേകത. സിറ്റി ട്രാഫിക്കിലും മറ്റും നിയന്തിക്കാൻ വളരെയെളുപ്പമാണ്. സ്ഥിരമായി ബൈക്കോടിക്കുന്നവർ നവിയിൽ കയറിയാൽ ബ്രേക്കിനായി കാൽ കൊണ്ട് പരതും. ശബ്ദവും കരുത്തുമൊക്കെ ആക്ടീവയുടേത് തന്നെ.
∙ ഉയരം വേണ്ട: നീളക്കൂടതലുള്ളവർക്ക് നവിയിലെ യാത്ര അത്ര സുഖകരമാവില്ല. സാധാരണയിൽ കവിഞ്ഞ ഉയരമുള്ളവർ വേറെ ബൈക്കു നോക്കട്ടെ. ഇതു ടീൻ ഏജർമാർക്കാണ്. ബൈക്ക് തന്നെ വേണമെന്ന് വാശിപിടിക്കുന്ന കോളജ് കുമാരന്മാർക്ക് നവി വാങ്ങിക്കൊടുക്കാവുന്നതാണ്. പോക്കറ്റും കാലിയാവില്ല, അമിത സ്പീഡിൽ പോകുമെന്ന ആശങ്കയും വേണ്ട.
∙ സ്ത്രീകൾക്കും പറ്റും: ബൈക്കിന്റെ രൂപഭാവങ്ങൾ ഉണ്ടെങ്കിലും നവി പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന വാഹനമാണ്. ഗിയർ ഇടാൻ അറിയാത്തവർക്കും ബൈക്കിൽ പോകാനൊരവസരം. ആക്ടീവയിൽ ആക്ടിവായ സ്ത്രീകൾക്കും മാറ്റത്തിനായി നവി ആകാം.
∙ വില കുറവ്: സമാന സൗകര്യങ്ങളുള്ള സ്കൂട്ടറകളുമായി താരതമ്യപ്പെടുത്തുമ്പോൾ നവിയുടെ വില വളരെ കുറവാണ്. 45,000 രൂപയ്ക്ക് ലഭിക്കുന്ന ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അത്ര സുലഭമല്ല. മികച്ച മൈലേജും സ്റ്റൈലും ബോണസ്.