ഡ്യൂക്ക് 250 യുവാക്കൾക്ക് ഒരു ലോട്ടറിയാണ്. കാരണം, ഡ്യൂക്ക് 250 യെ ഉടനെയെങ്ങും ഇന്ത്യൻ നിരത്തിലേക്കെത്തിക്കാൻ കെടിഎമ്മിനു പദ്ധതിയില്ലായിരുന്നു. എന്നാൽ പുതിയ ഡ്യൂക്ക് 390യും 200ഉം തമ്മിൽ വിലയിൽ വലിയ അന്തരം വന്നപ്പോൾ ആ വിടവിലേക്ക് ഡ്യൂക്ക് 250യെ കൊണ്ടുവരാതെ മറ്റു വഴിയില്ലായിരുന്നു. എന്തായാലും സംഭവം ജോറായി. 250 സിസിയിലെ പോര് ഇതോടെ കടുത്തു എന്നു തന്നെ പറയാം. ലുക്കിലും പെർഫോമെൻസിലും പുതുമകളുമായെത്തിയ ഡ്യൂക്ക് 250യിൽ ഒന്നു കറങ്ങാം.
ഡിസൈൻ
പുതിയ ഡ്യൂക്ക് 200 ന്റെയും 390 യുടെയും മിശ്രണമാണ് ഡ്യൂക്ക് 250 എന്നു പറയുന്നതാണു ശരി. ടയർ , എൻജിൻ ഇലക്ട്രോണിക്സ്, മീറ്റർ കൺസോൾ എന്നിവയെല്ലാം ഡ്യൂക്ക് 200 നോടു സമം. സസ്പെൻഷൻ, ബോഡി, ടാങ്ക് എന്നിവയെല്ലാം ഡ്യൂക്ക് 390 യിൽ നിന്നു കടം കൊണ്ടിരിക്കുന്നു.
വിശദമായ കാഴ്ചയിലേക്ക്– വലുപ്പക്കുറവു തോന്നുന്ന ഷാർപ് എഡ്ജ് ഡിസൈനാണ് ഡ്യൂക്ക് 250യുടെ സവിശേഷത. കെടിഎമ്മിന്റെ സൂപ്പർ സ്പോർട് മോഡലായ 1290 ഡ്യൂക്ക് ആറിന്റെ രൂപത്തോടു സാമ്യമുള്ള ഡിസൈനാണ്. വെളുപ്പും കറുപ്പും ഓറഞ്ചും ചേർന്ന നിറവിന്യാസം കേമമായിട്ടുണ്ട്. ടാങ്കിലെയും ടെയിൽ പാനലിലെയും എഴുത്തുകൾ സ്പോർട്ടി സ്വഭാവം നൽകുന്നു. കെടിഎമ്മിന്റെ െഎഡന്റിറ്റിയായ ഒാറഞ്ച് നിറം പിൻ സബ്ഫ്രെയ്മിൽ മാത്രമായി ഒതുക്കിയിരിക്കുന്നു എന്നതു ശ്രദ്ധേയം. വീലുകൾക്കുപോലും കറുപ്പുനിറമാണ്.
അഗ്രസീവ് ലുക്കാണ് എൽഇഡി ഡേ ടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റിന്. വലിയ സ്കൂപ്പോടു കൂടിയ ടാങ്ക് പൂർണമായും മെറ്റലിൽ നിർമിച്ചിരിക്കുന്നു എന്നതും പുതുമയാണ്. 13.5 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി. ട്രെല്ലിസ് ഫ്രെയിമാണ്. മെയിൻ ഫ്രെയിമും പിൻ സബ്ഫ്രെയിമും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പിൻ ഫ്രെയിം പുറത്തു കാണത്തക്ക രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് സ്പോർട്ടിനെസ് കൂട്ടിയിട്ടുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം സസ്പെൻഷനെക്കുറിച്ചാണ്. ഡ്യൂക്ക് 250 യ്ക്ക് വശത്തായാണ് സൈലൻസർ നൽകിയിരിക്കുന്നത്. ഇതുവരെയുള്ള കെടിഎം മോഡലിന്റ ഹൈലൈറ്റുകളിലൊന്ന് അവയുടെ അണ്ടർബെല്ലി എക്സോസ്റ്റുകളായിരുന്നു. കരുത്തു തോന്നിപ്പിക്കുന്ന സൈലൻസർ ഡിസൈൻ കൊള്ളാം. റേഡിയേറ്റർ ഗ്രില്ലും ബെല്ലി പാനും (എൻജിൻ സ്കൂപ്) ഫുട്പെഗ്ഗുകൾക്കുെമല്ലാം പുതിയ ഡിസൈനാണ്.
വീതിയേറിയ നല്ല പാഡിങ്ങുള്ള സീറ്റാണ് 250 യുടെ മറ്റൊരു സവിശേഷതയായി പറയാവുന്നത്. സീറ്റിന്റെ ഉയരം ഡ്യൂക്ക് 200 നെക്കാളും കൂടുതലുണ്ട്. ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലാംപും വിഭജിച്ച ഗ്രാബ്റെയിലും സ്പോർട്ടി ബോഡി പാനലുമെല്ലാം കിടിലൻ ലുക്കാണ് പിൻഭാഗത്തിനു നൽകുന്നത്. ഫുള്ളി ഡിജിറ്റൽ കൺസോളാണ്. ഡ്യൂക്ക് 200 ൽ ഉള്ളതു തന്നെ. ടിഎഫ്ടി ഡിസ്പ്ലേ നൽകാമായിരുന്നു.
എൻജിൻ/ റൈഡ്
830 എംഎം ഉയരമുള്ള സീറ്റും പുതിയ റിയർ സെറ്റ് ഫുട് പെഗ്ഗും വീതിയേറിയ ഹാൻഡിൽ ബാറും നല്ല റൈഡിങ് പൊസിഷനാണു നൽകുന്നത്. ഡ്യൂക്ക് 200 നെക്കാളും 30 എംഎം ഉയരക്കൂടുതലുള്ളതു പൊക്കം കുറഞ്ഞവർക്കു ചെറിയ പ്രശ്നമുണ്ടാക്കിയേക്കാം.
248.76 സിസി സിംഗിൾ സിലണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ 31 ബിഎച്ച്പി കരുത്തും 24 എൻ എം ടോർക്കും നൽകും. 9000 ആർപിഎമ്മിൽ ഡ്യൂക്ക് 250 മാക്സിമം കരുത്ത് പുറത്തെടുക്കും. ഡ്യൂക്ക് 200 നെക്കാളും 1000 ആർപിഎം കുറവാണിത്. ഡ്യൂക്ക് 200 നെ അപേക്ഷിച്ച് ടോർക്ക് ഡെലിവറിയിലും റിഫൈൻമെന്റിലും കാര്യമായ പുരോഗതി വന്നിട്ടുണ്ട്. തുടക്കത്തിൽ ചെറിയ പമ്മലുണ്ടെങ്കിലും മിഡ്റേഞ്ച് മുതൽ പുലിക്കുട്ടിയാണ് ഡ്യൂക്ക് 250. 7500 ആർപിഎമ്മിൽ കൂടിയ ടോർക്ക് ലഭ്യമാകും. സ്ലിപ്പർ ക്ലച്ച് ഉള്ളതിനാൽ ഉയർന്ന വേഗത്തിലും പേടിക്കാതെ ഡൗൺ ചെയ്യാം.
പുതിയ ഒാപ്പൺ കാട്രിഡ്ജ് ഫോർക്കുകളാണ് മുന്നിൽ നൽകിയിരിക്കുന്നത്. പിന്നിൽ മോണോ ഷോക്കും. ചെറിയ ഗട്ടറുകളും ബംപുകളുമെല്ലാം ഈസിയായി തരണം ചെയ്യുന്നുണ്ട് ഈ സസ്പെൻഷനുകൾ. പുതിയ സസ്പെൻഷൻ സെറ്റപ്പും ട്രെല്ലിസ് ഫ്രെയിമും നേർരേഖയിലും കേർണറിങ്ങിലും നല്ല സ്റ്റെബിലിറ്റി നൽകുന്നുണ്ട്. സോഫ്റ്റ്കോംപൗണ്ട് റബറുകൊണ്ടു നിർമിച്ച എംആർഎഫ് ടയറുകൾ 390യിലുള്ള മെറ്റ്സലർ ടയറിനോടു കിടപിടിക്കുന്ന ഗ്രിപ് നൽകുന്നുണ്ട്.
ഡ്യൂക്ക് 200 യിൽ കണ്ട അതേ ബ്രേക്ക് സെറ്റപ്പാണ് ഡ്യൂക്ക് 250യിലും. മുന്നിൽ 300 എംഎം ഡിസ്ക്ക്. പിന്നിൽ 230 എംഎം ഡിസ്ക്ക്. ബ്രേക്കിങ് മികച്ചതെങ്കിലും എബിഎസ് നൽകാമായിരുന്നു.
ടെസ്റ്റേഴ്സ് നോട്ട്
31 ബിഎച്ച്പി കരുത്ത്, സൂപ്പർ സ്പോർട് മോഡൽ ലുക്ക്, കിടിലൻ പ്രൈസിങ്. ഒപ്പം റൈഡ് കംഫർട്ടും റിഫൈൻമെന്റും കൂടിച്ചേരുമ്പോൾ ഡ്യൂക്ക് 250 തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. എബിഎസ് ഇല്ലാത്തതാണ് പോരായ്മയായി പറയാവുന്നത്.
വിപണിയിലെ എതിരാളികൾ യമഹ എഫ്സി 25, ഹോണ്ട സിബിആർ, കാവാസാക്കി നിൻജ 250, ഡോമിനർ 400 എന്നിവരാണ്. കരുത്തും വിലയും തമ്മിൽ മുട്ടിച്ചു നോക്കിയാൽ ഡോമിനറായിരിക്കും വെല്ലുവിളി കൂടുതൽ ഉയർത്തുക.
ടെസ്റ്റ് റൈഡ്– കെടിഎം കോട്ടയം, 9544917555
വില- 1.77 ലക്ഷം രൂപ