നഗരത്തിരക്കിലൂടെ ഊളിയിട്ടു കയറാനും ഹൈവേയിലൂടെ പാറിപ്പറക്കാനും പറ്റുന്ന ഒരു നേക്കഡ് സൂപ്പർ ബൈക്ക് തേടുന്നവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളെ തൃപ്തിപ്പെടുത്താനിതാ ഡ്യുക്കാറ്റിയിൽനിന്നുമൊരു മോഡൽ മോൺസ്റ്റർ 797. ഡ്യുക്കാറ്റി നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ
മസിൽ ബോഡി
പേരുപോലെ തന്നെ കാഴ്ചയിൽ ഭീകരൻമാരാണ് മോൺസ്റ്റർ നിരയിലുള്ളവർ. മസ്കുലർ ടാങ്കും വലിയ ഹെഡ്‌ലാംപും നേക്കഡ് ബോഡിയുമെല്ലാം റഫ് ആൻഡ് ടഫ് ഫീലാണ് നൽകുന്നത്. കാഴ്ചയിൽ അൽപം വലുപ്പക്കുറവു തോന്നുമെങ്കിലും മസിൽബോഡി തന്നെയാണ് 797 നുമുള്ളത്. എന്നാൽ മറ്റു മോൺസ്റ്ററുകളിൽനിന്നും ഡിസൈനിൽ െചറിയ മാറ്റങ്ങൾ 797 ൽ വരുത്തിയിട്ടുണ്ട്. തൊണ്ണൂറുകളിലെ മോൺസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന.
മോൺസ്റ്റർ മോഡലുകളുടെ ഹൈലൈറ്റ് അതിന്റെ മസിൽ പെരുപ്പിച്ചു നിൽക്കുന്നതുപോലുള്ള ടാങ്കാണല്ലോ. 797 ലും ആ ഗാംഭീര്യത്തിനു കുറവു വരുത്തിയിട്ടില്ല. ഒാവൽ ആകൃതിയിലുള്ള ഹെഡ്‌ലാംപ്, തടിച്ച യുഎസ്ഡി ഫോർക്ക്, ട്രെല്ലിസ് ഫ്രെയിം, നീളം കുറഞ്ഞ എക്സോസ്റ്റ്, കരുത്തുറ്റ സ്വിങ് ആം സിംഗിൾ സൈഡ് സസ്പെൻഷൻ, തടിച്ച ടയറുകൾ എന്നിങ്ങനെ ഒാരോ ഭാഗങ്ങളും കാഴ്ചയ്ക്കു വിരുന്നാണ്.
മോൺസ്റ്റർ 797 ഡ്യുക്കാറ്റിയുടെ എൻട്രിലെവൽ മോഡലാണ്. അതുകൊണ്ടുതന്നെ റൈഡ് മോഡുകൾ, ട്രാക്‌ഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല. വലിയ മോൺസ്റ്ററുകളിലുള്ള വൈറ്റ് ബാക്ക്‌ലിറ്റോടു കൂടിയ ഫുള്ളി ഡിജിറ്റൽ കൺസോളാണ് 797 നും നൽകിയിരിക്കുന്നത്.
എൻജിൻ
ഡ്യുക്കാറ്റിയുടെ സ്ക്രാംബ്ലറിലുള്ള അതേ എൻജിനും ഗീയർബോക്സുമാണ് മോൺസ്റ്റർ 797 നും നൽകിയിരിക്കുന്നത്. 803 സിസി, വി ട്വിൻ എൻജിൻ 73 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും. ടോർക്ക് 5750 ആർപിഎമ്മിൽ 67 എൻഎം. താഴ്ന്ന ആർപിഎമ്മിൽ തന്നെ മോൺസ്റ്റർ അതിന്റെ കുതിപ്പു കാട്ടിത്തുടങ്ങും.3000-35000 ആർപിഎമ്മിനു മുകളിലേക്കു കയറുന്നതോടെ മോൺസ്റ്റർ വന്യമായ കരുത്തു പുറത്തെടുക്കും.
റൈഡ്
193 കിലോ ഭാരമുണ്ടെങ്കിലും കൈകാര്യം ചെയ്യാൻ എളുപ്പമാണ്. കൊച്ചി നഗരത്തിലൂടെയും ഹൈവേയിലൂടെയുമായിരുന്നു ടെസ്റ്റ് റൈഡ് ചെയ്തത്. കമ്മ്യൂട്ടർ ബൈക്കുകളുടേതുപോലുള്ള റൈഡിങ് പൊസിഷനാണ്. മറ്റു സൂപ്പർ ബൈക്കുകളേപ്പോലെ സിറ്റി ഡ്രൈവ് മടുപ്പിക്കുന്നില്ല എന്നതു മോൺസ്റ്റർ 797 ന്റെ സവിശേഷതയായി കാണാം. മുന്നോട്ടു കയറിയ ഫുട്പെഗും വീതിയേറിയ ഹാൻഡിൽ ബാറും നല്ല കുഷനുള്ള സീറ്റും നഗരയാത്രകൾക്കൊപ്പം ദീർഘദൂരയാത്രകളിലും നല്ല കംഫർട്ട് നൽകും. 805 എംഎം ആണ് സീറ്റിന്റെ ഉയരം. പക്കാ റിഫൈൻഡായ എൻജിന്റെ മിഡ് റേഞ്ചിലെ പ്രകടനമാണ് ഏറ്റവും മികച്ചത്. സ്മൂത്ത്
ആക്സിലറേഷനാണ്. ഞെടിയിടയിൽ നൂറിനു മുകളിലെത്തും. ഉയർന്ന വേഗത്തിലെ സ്ഥിരതയ്ക്കു ട്രെല്ലിസ് ഫ്രേമിനോടും സസ്െപൻഷനോടും 797 കടപ്പെട്ടിരിക്കുന്നു. ആറു സ്പീഡ് ഗീയർ ബോക്സിന്റെ ഷിഫ്റ്റിങ് ഈസി. എയർ കൂൾഡ് എൻജിനാണ്. ട്രാഫിക്കിലും മറ്റും നിർത്തുമ്പോൾ എൻജിന്റെ ചൂട് കാലിലേയ്ക്കു നന്നായി അടിച്ചു കയറുന്നുണ്ട്. സ്ളിപ്പർ ക്ലച്ചാണ്. പെട്ടെന്നുള്ള ഡൗൺ ഷിഫ്റ്റിങ്ങിൽ വീൽ ലോക്കാകാതിരിക്കാൻ ഇതു സഹായകമാകും. നേർരേഖാ സ്ഥിരതയിലും പെട്ടെന്നുള്ള ദിശാ മാറ്റത്തിലും കോർണറിങ്ങിലുമൊക്കെ 797 ഡ്യുക്കാറ്റിയുടെ മറ്റു മോഡലുകളേപ്പോലെ മുന്നിട്ടു നിൽക്കുന്നുണ്ട്. നല്ല റോഡ് പിടുത്തം നൽകുന്ന പിരലി ഡയബ്ലോസാ ടയറുകളാണ് നൽകിയിരിക്കുന്നത്. നനഞ്ഞ പ്രതലത്തിലും നല്ല ഗ്രിപ്പു നൽകുന്നുണ്ട് ഈ ടയറുകൾ.
അധികം സോഫ്റ്റും എന്നാൽ അത്ര കടുപ്പവുമല്ലാത്ത സസ്പെൻഷൻ സെറ്റപ്പാണ് 797 നുള്ളത്. ബംപുകളും ചെറുകുഴികളുമൊക്കെ വലിയ ചാട്ടമില്ലാതെ 797 തരണം ചെയ്യുന്നുണ്ട്. മുന്നിൽ കയാബായുടെ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ സാക്സിന്റെ മോണോഷോക്ക് സസ്പെൻഷനുമാണ്. പിൻ സസ്പെൻഷന്റെ പ്രീ ലോഡും റീ ബൗണ്ടിങ്ങും അഡ്ജസ്റ്റ് ചെയ്യാം. ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസും നൽകിയിട്ടുണ്ട്.
ടെസ്റ്റേഴ്സ് നോട്ട്
മസിൽ ലുക്ക്, റിഫൈൻഡ് എൻജിൻ, സിറ്റി–ഹൈവേ യാത്രകൾക്ക് ഒരുപോലെ ഇണങ്ങിയ റൈഡിങ് പൊസിഷൻ എന്നിവയാണ് ഡ്യുക്കാറ്റി മോൺസ്റ്ററിന്റെ സവിശേഷതകൾ.
വില– 7.91 ലക്ഷം