അക്യുല– കഴിഞ്ഞ ഡൽഹി ഒാട്ടോ എക്സ്പോയിൽ ഏറ്റവും മികച്ച കൺസെപ്റ്റ് ബൈക്കിനുള്ള അവാർഡ് വാങ്ങിയ, ടിവിഎസിന്റെ പവിലിയനിലേക്കു യുവാക്കളെ ഇടിച്ചു കയറ്റിയ മോഡൽ. രണ്ടു വർഷം തികയുന്നതിനുമുൻപിതാ ആക്കുളയ്ക്കു ടിവിഎസ് ജീവൻ നൽകി. അതാണ് അപ്പാച്ചെ ആർടിആർ 310 ആർആർ. ആക്കുളയെന്നാൽ റഷ്യൻ ഭാഷയിൽ സ്രാവെന്നർഥം. സ്രാവിന്റെ രൂപത്തിൽനിന്നാണ് അപ്പാച്ചെ 310 ആർആറിന്റെ ഡിസൈൻ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് ടിവിഎസ് നിരയിലെ ഏറ്റവും കരുത്തനായ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്.
ലോകോത്തര നിലവാരം
ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള സഹകരണം സത്യത്തിൽ ടിവിഎസിനു ഗുണം ചെയ്തു. നിലവാരം ടോപ് ലെവൽ. ഫിറ്റ് ആൻഡ് ഫിനിഷും പെയിന്റിങ്ങും എല്ലാം കിടു. ടാങ്കിലെ ടിവിഎസ് ലോഗോയിൽ നിന്നു മനസ്സിലാക്കാം 310 ആർആറിന്റെ ഉയർന്ന നിലവാരം. ബിഎംഡഡബ്ല്യു ജി 310 ആറിന്റെ ഫെയേർഡ് രൂപമാണോ എന്നു ചോദിച്ച് ആരും പഞ്ച് കളയരുത്. എൻജിനടക്കമുള്ള ഭാഗങ്ങൾ ബിഎംഡബ്ല്യു 310 ആറുമായി പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഇതു വേറേ ലെവലാണ്. 35 വർഷത്തെ റേസ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ് ടീമിലെ വിദഗ്ധരുടെ ഇടപെടലോടുകൂടിയാണ് അപ്പാച്ചെ 310നെ നിർമിച്ചിരിക്കുന്നത്. 300 മണിക്കൂറോളം വിൻഡ് ടണൽ എയ്റോഡൈനാമിക് ടെസ്റ്റ് അടക്കം നടത്തിയാണ് ടിവിഎസിന്റെ ആദ്യ ഫുള്ളി ഫെയേർഡ് മോഡലായ അപ്പാച്ചെ 310 നെ നിരത്തിലെത്തിച്ചിരിക്കുന്നത്.
സൂപ്പർ ലുക്ക്
ഹരം പിടിപ്പിക്കുന്ന ചുവപ്പു നിറത്തിൽ റേസ് സ്ട്രിപ് ഗ്രാഫിക്സോടു കൂടിയ അപ്പാച്ചെ കാഴ്ചയിൽ വിദേശമോഡലുകളോടു കിടപിടിക്കും. ഡ്യുക്കാറ്റി പനിഗേലിലും ട്രയംഫ് ഡേറ്റോണയിലുമൊക്കെ കണ്ട രൂപവടിവുകൾ അപ്പാച്ചെ ആർആറിലും കാണാൻ കഴിയുന്നുണ്ട്. മുൻ ഫെൻഡർ മുതൽ ടെയിൽ ലൈറ്റ‌്വരെ സ്പോർടി തീമിലാണ് വാർത്തെടുത്തിരിക്കുന്നത്. രാത്രിയെ പകലാക്കുന്ന ഇരട്ട– എൽഇഡി പ്രൊജക്ടർ ലാംപ്, വലിയ വിൻഡ് സ്ക്രീൻ, റാം എയർ ഇൻടേക്ക്, തടിച്ച സ്വർണ്ണ നിറത്തിലുള്ള യുഎസ്ഡി ഫോർക്ക് എന്നിവ മുൻ കാഴ്ചയിൽ സൂപ്പർബൈക്ക് ഫീൽ നൽകുന്നു. സ്രാവിൻ ചിറകിന്റെ (ഫിൻ) ആകൃതിയിലാണ് സൈഡ് ഫെയറിങ്ങിലെ എയർ വെന്റുകൾ. എൻജിൻ ചൂടു പരമാവധി പുറത്തേക്കു കടത്തിവിടത്തക്ക രീതിയിലാണ് ഇതു ഡിസൈൻ ചെയ്തിരിക്കുന്നത്. ഷാർക് ഫിൻ ഡിസൈനോടുകൂടിയ, ഉയർന്നു നിൽക്കുന്ന ടെയിൽ ഭാഗം കാഴ്ചയിൽ വിരുന്നാണ്. എൽഇഡി ടെയിൽ ലാംപ് അതിമനോഹരം.
മിനി കംപ്യൂട്ടർ
കുത്തനെയുള്ള ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, നിലവിലെ ഇന്ധനക്ഷമത, ഇനി എത്ര ഇന്ധനമുണ്ട്, എത്രദൂരം സഞ്ചരിക്കാം, 0-60 വേഗത്തിലെത്താനെടുത്ത സമയം, ശരാശരി വേഗം, കൂടിയ വേഗം, ഒാവർ സ്പീഡ്, എൻജിൻ ചൂട് എന്നിവയറിയാം. ട്രിപ് മീറ്റർ , ലാപ് ടൈമർ, ക്ലോക്ക്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിങ്ങനെ ’ഒരു ലോഡ്’ സംവിധാനങ്ങൾ കൂടെ.
എൻജിൻ
ബിഎംഡബ്ല്യു ജി310 ആറിൽ ഉപയോഗിച്ച അതേ ട്രെല്ലിസ് ഫ്രെയിം തന്നെയാണ് അപ്പാച്ചെ 310 യ്ക്കും നൽകിയിരിക്കുന്നത്. പിന്നിലെ സബ്ഫ്രെയിം ഉയർത്തിയതടക്കം ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിവേഴ്സ് ഇൻ ക്ലൈൻഡ് എൻജിനാണ് അപ്പാച്ചെ 310 യ്ക്കു നൽകിയിരിക്കുന്നത്. അതായാത്, എൻജിൻ ഹെഡ് പിന്നിലേക്കു ചെരിഞ്ഞിരിക്കുന്ന രീതി. എയർ ഇൻടേക്ക് എൻജിന്റെ മുന്നിലും എക്സോസ്റ്റ് എൻജിന്റെ പിന്നിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലുള്ള എൻജിൻ ഒരു ഇന്ത്യൻ ബൈക്കിൽ നൽകുന്നത്. മാത്രമല്ല, എൻജിന്റെ ഈ ആകൃതികൊണ്ട് സ്വിങ് ആം പിവിയറ്റ് കുറച്ചു മുന്നിലേക്കു കയറ്റുവാനും വീൽബേസ് കൂട്ടാതെ തന്നെ സ്വിങ് ആമിന്റെ നീളം കൂട്ടുവാനും കഴിഞ്ഞു. ഫലം നേർരേഖയിലും കോർണറിങ്ങിലും മികച്ച സ്റ്റെബിലിറ്റിയും കൺട്രോളും ലഭിക്കുന്നു.
ബിഎംഡബ്ല്യു ജി 310 ആറിൽ നൽകിയിരിക്കുന്ന 312.2 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് അപ്പാച്ചെ 310 ലും. പക്ഷേ, രണ്ട് എൻജിനുകൾ തമ്മിൽ ട്യൂണിങ്ങിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് ടിവിഎസ് പറയുന്നത്. ടിവിഎസിന്റെ കസ്റ്റം ഇസിയു ആണ് അപ്പാച്ചെ 310 ൽ ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന റെവ് റേഞ്ച് ഈ എൻജിന്റെ സവിശേഷതയാണ്. മാത്രമല്ല ചെറിയ ത്രോട്ടിൽ തിരിവിൽപോലും മികച്ച പ്രകടനം പുറത്തെടുക്കുന്ന രീതിയിലാണ് എൻജിൻ ട്യൂണിങ്. 9700 ആർപിഎമ്മിൽ 34 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 7700 ആർപിഎമ്മിൽ 27.3 എൻഎമ്മും. റിഫൈൻഡായ എൻജിൻ. സ്മൂത്ത് പവർ ഡെലിവറി.ലൈറ്റായ ക്ലച്ചാണ്. ആറ് സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ കിറു കൃത്യം.
സൂപ്പർ കൺട്രോൾ
810 എംഎം ഉയരമുണ്ട് സീറ്റിന്(കെടിഎം ആർസി 390- 820 എംഎം) വീതിയേറിയ നല്ല കുഷനുള്ള സീറ്റ്. കംഫർട്ടായ പൊസിഷൻ. ക്ലിപ് ഒാൺ ഹാൻഡിൽ ബാറും ഫുട്പെഗും തമ്മിലുള്ള അനുപാതം ചെറിയ–ദീർഘ ദൂരയാത്രകൾക്കും റേസ് ട്രാക്കിലും ഒരുപോലെ ഇണങ്ങും. നൂറ്റി എഴുപതു കിലോയോളം ഭാരമുണ്ടെങ്കിലും കൈകാര്യം ചെയ്യാൻ അത്ര വിഷമമില്ല. (കെടിഎം ആർസി 390- 170 കിലോഗ്രാം) കിടിലൻ സ്റ്റെബിലിറ്റി, വളവുകളിൽ സൂപ്പർ കൺട്രോൾ. മൂന്നക്ക വേഗത്തിലേക്കു കുതിച്ചു കയറുന്നത് അറിയില്ല. കൂടിയ വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്.2.93 സെക്കൻഡ് കൊണ്ട് 0-60 കിലോമീറ്റർ വേഗത്തിലെത്തും. മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന കയാബയുെട യുഎസ്ഡി ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ സെറ്റപ്പ്. സൂപ്പർ ഗ്രിപ്പ് നൽകുന്ന പരലി ടയറുകളാണ് ഇരുവീലുകളിലും. ബ്രേക്കിങ് സുരക്ഷ കൂട്ടി ഡ്യൂവൽ ചാനൽ എബിഎസുണ്ട്.
ടെസ്റ്റേഴ്സ് നോട്ട്
ലോകനിലവാരത്തിലുള്ള നിർമാണം. സൂപ്പർ ഡിസൈൻ, കിടിലൻ സ്റ്റെബിലിറ്റി. റിഫൈൻഡ് എൻജിൻ. എന്നിങ്ങനെ 300 സിസി വിഭാഗത്തിൽ മറ്റുള്ളവർക്കു കടുത്ത വെല്ലുവിളിയാണ് അപ്പാച്ചെ 310 ആർആർ. എതിരാളികളെക്കാൾ വിലയും കുറവാണെന്നതു വിപണിയിൽ അപ്പാച്ചെയ്ക്കു കുതിപ്പേകും. ഇന്ധനക്ഷമത ലീറ്ററിന് 26 കിലോമീറ്റർ.
എതിരാളികൾ
കാവാസാക്കി നിൻജ 300, കെടിഎം ആർസി 390, യമഹ ആർ3