തണ്ടർബേഡിന്റെ പുതിയ മുഖം

Royal Enfield Thunderbird 350X
SHARE

ക്ലാസിക് രൂപത്തിൽനിന്നു റോയൽ എൻഫീൽഡ് ചുവടുമാറുകയാണോ? അല്ല. ക്ലാസിക് രൂപം നിലനിർത്തി യുവതലമുറയെ ആകർഷിക്കുന്ന ഡിസൈനിലേക്കു മാറുന്നു. അതിന്റെ തുടക്കമാണ് തണ്ടർബേഡ് എക്സ്. എൻഫീൽഡ് മോഡലുകളെടുത്ത് മോ‍ഡിഫൈ ചെയ്യാത്ത ചെറുപ്പക്കാർ കുറവാണ്. അലോയ് വീൽ, ഹാൻഡിൽ ബാർ, സീറ്റ്, സൈലൻസർ എന്നിങ്ങനെ രൂപമാറ്റങ്ങൾ വരുത്താത്ത ഭാഗങ്ങൾ വിരളം. ഇനിയതു വേണ്ട. എൻഫീൽഡ് തന്നെ ആ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു തണ്ടർബേഡ് 350 എക്സ്, 500 എക്സ് എന്ന മോഡലുകളിലൂടെ. 

thunderbird-350x-1
Royal Enfield Thunderbird 350X

ലുക്ക് മാറി

ഒാൾബ്ലാക്ക് തീമാണ് പെട്ടെന്നു ശ്രദ്ധിക്കുക. വെള്ളിത്തിളക്കം പേരിനു കുറച്ചിടങ്ങളിൽ മാത്രം. ഫെൻഡറും സൈഡ് പാനലുകളും എൻജിനും സൈലൻസറുമെല്ലാം കറുപ്പഴകിലാണ്. ഹെഡ്‍‌ലാംപിനും ഇരട്ട മീറ്റർ കൺസോളിനും ചുറ്റമായി ക്രോമിയം തിളക്കമുണ്ട്. ഒൻപതു സ്പോക്ക് അലോയ്‌വീൽ പുതുമകളിലൊന്നാണ്. ഹെ‍ഡ്‌ലാംപിനുള്ളിലും കറുപ്പു പൂശിയത് പ്രൊജക്ടർ ഹെഡ്‍‌ലൈറ്റിന്റെ ഗാംഭീര്യം കൂട്ടി. പകൽ സമയത്തു തെളിഞ്ഞു നിൽക്കുന്ന ഡേ ടൈം റണ്ണിങ് ലൈറ്റിനൊരു പ്രത്യേക ചന്തമുണ്ട്. നാലു പുതിയ നിറങ്ങളാണ് ടാങ്കിനു നൽകിയിരിക്കുന്നത്– ഒാറഞ്ച്, നീല, വെള്ള, ചുവപ്പ്. ടാങ്കിന്റെ അതേ നിറത്തിൽ അലോയ്‌വീലിലും ഒരു ചുറ്റു നൽകിയിട്ടുണ്ട്. ഹാൻഡിൽ ബാറാണു മറ്റൊരു മാറ്റം. ഉയരം കൂടി വശങ്ങളിലേക്ക് എടുത്തു നിന്ന ഹാൻഡിൽ ബാർ മാറ്റി പുതിയ ഷോർട് ബാറാണ് നൽകിയിരിക്കുന്നത്. 

thunderbird-350x-3
Royal Enfield Thunderbird 350X

സിംഗിൾ പീസ് സീറ്റാണ് മാറ്റങ്ങളിൽ അടുത്തത്. സീറ്റിന്റെ ഉയരം കുറച്ചിട്ടില്ലെങ്കിലും ലോ പ്രൊഫൈൽ ഫീലാണ് പുതിയ സീറ്റ് നൽകുന്നത്. ഗ്രാബ് റെയിലും ഉടച്ചു വാർത്തു. സീറ്റിനോടും ടെയിൽ ലാംപിനോടും ഇഴുകിച്ചേർന്നിരിക്കുന്ന നല്ല ക്വാളിറ്റിയുള്ള ഗ്രാബ്റെയിൽ. മൊത്തത്തിൽ നോക്കിയാൽ പുതിയ മാറ്റങ്ങൾ അടിപൊളി എന്നുതന്നെ പറയണം. ടെസ്റ്റ് ഡ്രൈവിനിടയിൽ വാഹനം കണ്ട ചെറുപ്പക്കാർക്കെല്ലാം പറയാൻ ഒറ്റവാക്ക്– കിടിലൻ!.  ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടത് സീറ്റ് തന്നെ. ചേട്ടാ ഈ സീറ്റെവിടെയാ ചെയ്തത് എന്നു ചോദിച്ചവരുമുണ്ട്!

thunderbird-350x-2
Royal Enfield Thunderbird 350X

എൻജിൻ/റൈ‍ഡ്

എൻജിനിൽ മാറ്റമില്ല. നിലവിലെ തണ്ടർബേഡിലുള്ള 19.8 ബിഎച്ച്പി പവറും 28 എൻഎം ടോർക്കുമുള്ള 346 സിസി എൻജിനാണ് 350 എക്സിലുമുള്ളത്. ഹാൻഡിലിന്റെ മാറ്റം റൈഡിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. സുഖസവാരിയാണ് തണ്ടർബേഡ് എക്സിന്റെ എടുത്തു പറയേണ്ട ഗുണം. ഉയരം കുറഞ്ഞ ഹാൻഡിൽ ബാർ നല്ല കംഫർട്ട് റൈഡ് നൽകുന്നു. നഗരത്തിരക്കിലും മറ്റും കൂളായി കൊണ്ടു പോകാം. സീറ്റിന്റെ കുഷൻ സൂപ്പർ. ദീർഘദുരയാത്രയിൽ അനുഗ്രഹമാകും ഈ സീറ്റ്. 

thunderbird-350x-4
Royal Enfield Thunderbird 350X

ടെസ്റ്റേഴ്സ് നോട്ട്

വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും വരുത്തിയ ചെറിയ പരിഷ്കാരങ്ങൾ തണ്ടർബേഡിന്റെ വിൽപന കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ സീറ്റും ഹാൻഡിൽ ബാറും റൈഡിൽ വരുത്തിയ മാറ്റം ചില്ലറയല്ല. ദീർഘദൂരയാത്രകൾക്ക് ഇണങ്ങിയ മോഡൽ എന്നു നിസ്സംശയം പറയാം. വിലയിൽ സാധാരണ തണ്ടർ ബേഡിൽനിന്ന് ഏകദേശം എണ്ണായിരം രൂപയോളം കൂടുതലുണ്ട് തണ്ടർബേഡ് എക്സിന്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA