’ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’ പറഞ്ഞു പഴകിയതാണെങ്കിലും ടിവിഎസിന്റെ കാര്യമാകുമ്പോൾ വീണ്ടും ഈ ഡയലോഗ് പൊടിതട്ടി എടുക്കേണ്ടി വരും. ഗ്രാഫൈറ്റ് എന്നൊരു മോഡലിനെ കൺസെപ്റ്റായിരുന്നു 2016 ഒട്ടോഎക്സ്പോയിൽ ടിവിഎസ് അവതരിപ്പിച്ചിരുന്നു. സ്പോർട്ടി ഡിസൈനോടു കൂടിയ ഇതിന്റെ വിവരങ്ങളറിയാൻ ഫ്രീക്ക് പിള്ളേർ ഇടിപിടി കൂടിയതു മറക്കില്ല. ഉടനെ നിരത്തിലെത്തുമെന്നു കരുതിയിട്ടു അതുണ്ടായില്ല. പക്ഷേ, പുതിയ എൻ ടോർക് കണ്ടപ്പോൾ മനസ് രണ്ടു കൊല്ലം പിന്നിലേക്കോടി നിന്നത് ഗ്രാഫൈറ്റിന് അടുത്താണ്. ഒപ്പം ഒരു ചോദ്യവും ഗ്രാഫൈറ്റ് തന്നെയല്ലേ എൻ ടോർക്.? ആെണന്നും അല്ലെന്നും പറയാം. എന്തായാലും സംഭവം തകർത്തു. ആക്സസ് 125, ആക്ടീവ 125, ഗ്രേസിയ 125 എന്നിവരുടെ ഇടയിലേക്കാണ് എൻടോർക് എത്തിയിരിക്കുന്നത്. ടിവിഎസ് നേരത്തേ കാലുകുത്തേണ്ട വിഭാഗം. ഇല്ല്യാളം താമസിച്ചാലും എത്തിയല്ലോ എന്നാശ്വസിക്കാം. കാരണം ടിവിഎസ് ഏതു പുതിയ മോഡലിറക്കിയാലും ഞെട്ടിക്കുന്ന സംഭവങ്ങൾ അതിലുണ്ടാകും. ഇത്തവണയും അതു തെറ്റിച്ചിട്ടില്ല. സെഗ്‌മെന്റിലെ തന്നെ ആദ്യമെന്നു പറയാവുന്ന മുപ്പതിലധികം കിടിലൻ ഫീച്ചറുകളുമായാണ് എൻ ടോർക് എത്തിയിരിക്കുന്നത്. ടെസ്റ്റ് റൈഡിലേക്ക്..
സൂപ്പർ ലുക്ക്
സ്റ്റെൽത് ബോംബർ എയർ ക്രാഫ്റ്റ് ഡിസൈൻ. എൻടോർക്കിന്റെ ഡിസൈനിനെ ടിവിഎസ് വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. യുവാക്കളെ ആകർഷിക്കാൻ പോന്ന തകർപ്പൻ ഡിസൈൻ. പക്കാ സ്പോർട്ടി ഫീൽ നൽകുന്ന കൂർത്ത വക്കുകളും വടിവുകളും എടുപ്പുകളമുള്ള ബോഡി പാനലുകൾ. വി ആകൃതിയിലുള്ള വലിയ ഹെഡ്‌ലൈറ്റ്, ഹാൻഡിലിൽ ഘടിപ്പിച്ച ഇൻഡിക്കേറ്ററുകൾ, തടിച്ച ടയറുകൾ, എൻഡിവെയിറ്റോടു കൂടിയ ഹാൻഡിൽ ബാർ, സ്പോർട്ടി സൈലൻസർ, ഡയമണ്ട് കട്ട് അലോയ് വീൽ, വിഭജിച്ച ഗ്രാബ് റെയിൽ, ടി ആകൃതിയിലുള്ള ടെയിൽ ലാംപ്, കാർബൺഫൈബർ ശൈലിയിലുള്ള ഇൻസേർട്ടുകൾ, ആകർഷകമായ ഇരട്ട നിറവിന്യാസം എന്നിങ്ങനെ കാഴ്ചയിലും എടുപ്പിലുമെല്ലാം വെറൈറ്റിയുമായാണ് എൻ ടോർക്കിന്റെ വരവ്. പിൻഭാഗ ഡിസൈൻ അത്യുഗ്രം എന്നു പറയാതെ വയ്യ. ഫിറ്റ് ആൻഡി ഫിനിഷ് ടോപ്. സ്വിച്ചുകളും പ്ലാസ്റ്റിക് ഘടകങ്ഹളുമെല്ലാം അതു വിളിച്ചോതുന്നു. പിൻ ബ്രേക്ക് ലോക്ക് ചെയ്യാനുള്ള ലിവറിലടക്കം ക്വാളിറ്റി പ്രകടം.
ഹൈടെക്
ന്യൂ ജെൻ പിള്ളാർക്കു വേണ്ടിയാകുമ്പോൾ ഹൈടെക് ആകേണ്ട. അതുകൊണ്ടുതന്നെ അഞ്ച് ഇഞ്ചിന്റെ ഫുള്ളി ഡിജിറ്റൽ കൺസോളാണ് എൻടോർക്കിനു നൽകിയിരിക്കുന്നത്. ലാപ് ടൈം, മൂന്നു ട്രിപ് മീറ്റർ, ഒാഡോ മീറ്റർ, സ്പീഡോമീറ്റർ, 0-60 വേഗത്തിലെത്താനെടുത്ത സമയം, ടോപ് സ്പീഡ് റിക്കോർഡർ, ശരാശരി വേഗം, സർവീസ് ഇൻഡിക്കേറ്റർ, ക്ലോക്ക്, എൻജിൻ ഒായിൽ ടെംപറേച്ചർ, ഫ്യൂവൽ ഗേജ് എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ കൺസോളിൽനിന്നറിയാം.
സ്മാർട് ബോയ്
ഡിജിറ്റൽ കൺസോൾ മാത്രമല്ല ബ്ലൂടൂത്ത് കണക്ടിവിറ്റിയും, നാവിഗേഷനും ഇതിൽ ഉണ്ടെന്നറിയുമ്പോഴാണ് ശരിക്കും ഞെട്ടുക. എതിരാളികൾക്ക് ഒരു കാതം മുൻപേയാണ് ടിവിഎസിന്റെ ഏറ്. സ്മാർട് കണക്ട് എന്നാണ് ടിവിഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത്, ബ്ലൂടൂത്ത് വഴി മൊബൈൽ ഫോൺ ഇൻസ്ട്രമെന്റ് കൺസോളുമായി കണക്ട് ചെയ്യാം. എൻ ടോർക് എന്ന ആപ്പിലൂടെ ഫോണിലെ വിവരങ്ങൾ സ്കൂട്ടറിന്റെ കൺസോളിൽ തെളിയും. മിസ്ഡ് കോൾ, ഇൻകമിങ് കോൾ, എസ്എംഎസ്, ഫോൺ ബാറ്ററി ചാർജ് നില, ട്രിപ് റിപേർട്, ഹൈ സ്പീഡ് അലർട്ട്, അവസാനം പാർക്ക് ചെയ്ത സ്ഥലം എന്നിങ്ങനെ സെഗ്‌മെന്റിൽ ആരും നൽകാത്ത സൗകര്യങ്ങൾ എൻടോർക്കിലുണ്ട്. മാപ്മൈ ഇന്ത്യയുടേതാണ് മാപ്. എത്തിച്ചേരാനെടുക്കുന്ന സമയം, ദൂരം, റൂട്ട് എന്നിവയെല്ലാം കൺസോളിലൂടെ അറിയാൻ കഴിയും.
എൻജിൻ
ഇന്ത്യയിലെ ആദ്യ മൂന്നു വാൽവ് എൻജിനോടു കൂടിയ സ്കൂട്ടർ എന്ന തലയെടുപ്പോടെയാണ് എൻടോർക് എത്തുന്നത്. രണ്ടു ഇൻടേക്ക വാൽവും ഒരു എക്സോസ്റ്റ് വാൽവുമാണുള്ളത്. കൂടുതൽ കൃത്യതയുള്ള ഇന്ധന–വായു മിശ്രണവും അതുവഴി മികച്ച ഇന്ധനക്ഷമതയുമാണ് ഈ സംവിധാനം കൊണ്ടുള്ള നേട്ടം. സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ എൻജിനും എൻടോർക്കിന്റേതു തന്നെ. 9.5 ബിഎച്ച്പിയാണ് കൂടിയ കരുത്ത് ( ആക്ടീവ 125– 8.6 ബിഎച്ച്പി, ഗ്രേസിയ– 8.5 ബിഎച്ച്പി, ആക്സസ്– 8.5 ബിഎച്ച്പി) ടോർക് 10.5 എൻഎമ്മും. സ്മൂത്തായ എൻജിനാണ്. ഉയർന്ന ആർപിഎമ്മിലും പക്കാ റിഫൈൻഡ്. ഉയർന്ന ബൈക്കുകളിൽ ഉള്ള എൻജിൻ കിൽ സ്വിച്ച് എൻടോർക്കിലുമുണ്ട്!!
റൈഡ്
എതിരാളികളെക്കാളും ഭാരക്കൂടതലുണ്ട് എൻടോർക്കിന്– 116.1 കിലോഗ്രാം. (ഹോണ്ട ആക്ടീവ 125– 108 കിലോഗ്രാം, സുസുകി ആക്സസ്– 102 കിലോഗ്രാം, ഹോണ്ട ഗ്രേസിയ– 107 കിലോഗ്രാം). എന്നു കരുതി സ്റ്റാൻഡിൽ വയ്ക്കാനും ഇറക്കാനും പാടുപെടേണ്ട. ടിവിഎസിന്റെ ഈസി സ്റ്റാൻഡ് ഇക്കാര്യങ്ങൾ ഈസിയാക്കും. നല്ല മയമുള്ള സൂപ്പർ സീറ്റാണ്. തുന്നലും ആകൃതിയുമെല്ലാം ഉഗ്രൻ. സീറ്റിന്റെ ഉയരം 770 എംഎം. ആക്ടീവ 125 നെക്കാളും 5 എംഎം കൂടുതലുണ്ട്. ആക്സസിനെക്കാളും 5 എംഎം കുറവും. ഉയരക്കാർക്കും കാൽമുട്ട് ഹാൻഡിലിൽ ഇടിക്കാതെ ഇരിക്കാം. നല്ല കംഫർട് നൽകുന്ന ഹാൻഡ് ഗ്രിപ്.
സ്പോർട്ടിയായ ശബ്ദമാണ് എൻടോർക്കിന്റെ ഒരു സവിശേഷത. സ്മൂത്തായ പവർ ഡെലിവറി. കൈ കൊടുത്താൽ അനായാസം വേഗമാർജിക്കുന്നു. 80-90 കിലോമീറ്റർ വേഗത്തിൽ നല്ല നിയന്ത്രണം. നേർരേഖാ സ്ഥിരത അത്യുഗ്രം. വളവുകൾ ടെൻഷനില്ലാതെ വിശിയെടുക്കാം. ടയർ ഗ്രിപ് അപാരം. അത്ര മൃദുവും അത്ര കട്ടിയുമല്ലാത്ത സസ്പെൻഷൻ. ഹംപുകളും ചെറു കുഴികളുമൊക്കെ കൂളായി കയറിയിറങ്ങും. കുടുക്കം യാത്രികരിൽ അറിയില്ല. സിറ്റിയിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും എൻടോർക്കിനെ കൂളായി വളച്ചൊടിച്ചു കൊണ്ടു പോകാമെന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. കിടയറ്റ ബ്രേക്കിങ്ങിനായി പെറ്റൽ ഡിസ്ക്കാണു മുന്നിൽ. ഇതും സ്കൂട്ടർ വിഭാഗത്തിൽ ആദ്യമാണ്. പിന്നിൽ ഡ്രം ബ്രേക്കാണ്. 22 ലീറ്ററാണ് അണ്ടർ സീറ്റ് സ്റ്റേറേജ്. എങ്കിലും വലിയ ഫുൾ ഫെയ്സ് ഹെൽമറ്റ് വയ്ക്കാനാവില്ല. സീറ്റിനടിയിൽ മൊബൈൽ ചാർജിങ് പോയിന്റുണ്ട്.
ടെസ്റ്റേഴ്സ് നോട്ട്
ഇതൊരു വെല്ലുവിളിയാണ്. ഹോണ്ടക്കും സുസുക്കിക്കുമുള്ള ടിവിഎസിന്റെ വെല്ലുവിളി. സ്പോർട്ടി ഡിസൈൻ, മേൽത്തരം നിർമാണം, കരുത്തുറ്റ എൻജിൻ, സുഖസവാരി, സ്കൂട്ടറുകൾ ഇതുവരെ കാണാത്ത അത്യുഗ്രൻ ഫീച്ചേഴ്സുകൾ, മിതമായ വില ഇങ്ങനെ എതിരാളികൾക്കു കനത്ത വെല്ലുവിളിയാണ് എൻടോർക്.