കാത്തിരിപ്പിനു വിരാമമിട്ട് ആർ വൺ ഫൈവ് വേർഷൻ 3.0 (ആർ15 v 3.0) ഇതാ വിപണിയിലെത്തിയിരിക്കുന്നു. രൂപത്തിലും പെർഫോമൻസിലും പുതിയ കൂട്ടുകൾ ചേർത്താണ് യമഹ മൂന്നാം തലമുറ ആർ15 നെ കൊണ്ടുവന്നിരിക്കുന്നത്. പുതുമകൾ എന്തൊക്കെയെന്നറിയാം.
സൂപ്പർ ലുക്ക്
യമഹയുടെ സൂപ്പർ ബൈക്കുകളായ ആർ വണ്ണിന്റെയും ആർ സിക്സിന്റെയും രൂപത്തോടുള്ള സാമ്യമാണ് പുതിയ ആർ15 നെ സൂപ്പർ താരമാക്കുന്നത്. പക്കാ സ്പോർട്ടി ഡിസൈൻ. കൂർത്ത വക്കുകളും വടിവുകളോടും കൂടിയ ബോഡി പാനലുകൾ. കറുപ്പും നീലയും ഇടകലർന്ന നിറവിന്യാസം സ്പോർട്ടി ഫീൽ കൂട്ടുന്നു. കാറ്റിനെ കീറിമുറിച്ചു കുതിക്കാൻ പാകത്തിലുള്ള എയ്റോ ഡൈനാമിക് ഡിസൈനാണ്. മെലിഞ്ഞ ഇരട്ട എൽഇഡി ഹെഡ്‌ലാംപുകൾ. ഇവയ്ക്കു നടുവിലായി സൂപ്പർ ബൈക്ക് ശൈലിയിൽ വലിയൊരു എയർ ഇൻടേക്കും നൽകിയിരിക്കുന്നു. ഹെഡ്‌ലാംപ് പാനലുകളോട് ഇഴുകിച്ചേർന്ന വലിയ വൈസർ. മുൻഫെയറിങ്ങിൽത്തന്നെയാണ് റിയർ വ്യൂ മിററും ഘടിപ്പിച്ചിരിക്കുന്നത്. റൈഡറുടെ കാൽമുട്ടിനെ ഉൾക്കൊള്ളുന്ന തരത്തിലുള്ള മസ്കുലർ ടാങ്ക് ഡിസൈൻ. പതിനൊന്നു ലീറ്ററാണു ശേഷി. വീതിയേറിയ റൈഡർ സീറ്റ്. പിൻ സീറ്റ് ഉയർന്നതാണ്. ചെറു യാത്രകൾക്ക് ഉചിതം. ടെയിൽ സെക്‌ഷന്റെ ഡിസൈനും മനോഹരം. എൽഇഡി ടെയിൽ ലാംപാണ്. മസ്കുലർ ലുക്കിലാണ് പിൻ മഡ്ഗാർഡിന്റെ രൂപകൽപന.
ബലമേറിയ ഡെൽറ്റാ ഫ്രെയ്‌മിലാണ് ആർവണ്ണിനെ നിർമിച്ചിരിക്കുന്നത്. മികച്ച സ്റ്റെബിലിറ്റിയും വഴക്കവും ഇതു നൽകുന്നു. ദീർഘചതുരാകൃതിയിലുള്ള പുതിയ ഫുള്ളി ഡിജിറ്റൽ കൺസോളാണ്. വൈറ്റ് ബാക്ക്‌ലിറ്റോടുകൂടിയ ഇതിൽനിന്നു വിവരങ്ങൾ പെട്ടെന്നു വായിച്ചെടുക്കാം. ഗിയർ പൊസിഷനും ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററടക്കമുള്ള വിവരങ്ങളുണ്ടിതിൽ. കാഴ്ചയിൽ മുൻമോഡലുകളെക്കാൾ കിടിലനാണ് പുതിയ ആർ15. ആഗ്രസീവ് ലുക്ക്. യുവാക്കളുടെ മനം കവരുമെന്ന കാര്യത്തിൽ സംശയം ലേശമില്ല. പക്ഷേ, ക്വാളിറ്റിയിലും ഫിനിഷിങ്ങിലും എവിടൊക്കെയോ എന്തൊക്കെയോ ഒരു പോരായ്മ പോലെ!
കിടിലൻ പെർഫോമൻസ്
150 സിസി സെഗ്‌മെന്റിലെ ഏറ്റവും മികച്ച പെർഫോമൻസ് ഉള്ള ബൈക്കേത് എന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ആത് ആർ 15 മാത്രമാണ്. ഇത്തവണയും ആ പെർഫോമൻസ് ഒരു പടി കൂടിമെച്ചപ്പെടുത്താൻ എൻജിനെ ഒന്നു രാകി മിനുക്കിയെടുത്തിട്ടുണ്ട് യമഹ. പുതിയ എൻജിനാണോ എന്നു ചോദിച്ചാൽ അല്ല എന്നുത്തരം. പഴയതു തന്നേ? എന്നു നെറ്റിചുളിച്ചാൽ, അല്ല. ബോറിന്റെ വലുപ്പം ഒരു എംഎം കൂട്ടിയിട്ടുണ്ട്. പുതിയ ഇൻടേക്ക് എക്സ്‌സോസ്റ്റ് സിസ്റ്റത്തിനൊപ്പം വേരിയബിൾ വാൽവ് ആക്‌ചുവേഷൻ (വിവിഎ) സംവിധാനവും കൂട്ടിച്ചേർത്തതോടെ പ്രകടനത്തിൽ കാര്യമായ മികവു കൈവന്നു. ലോ എൻഡ് ആർപിഎമ്മിലും ടോപ് എൻഡിലും മികച്ച പ്രകടനം വിവിഎ സിസ്റ്റം ഉറപ്പു നൽകുന്നു. 10000 ആർപിഎമ്മിൽ 19.3 ബിഎച്ച്പി ആണ് കൂടിയ കരുത്ത്. ടോർക്ക് 15 എൻഎമ്മും.
മുൻമോഡലിനെക്കാൾ താഴ്ന്ന ആർപിഎമ്മിലെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. മിഡ് റേഞ്ചിലെ പ്രകടനം എടുത്തു പറയാതെ വയ്യ. ടോപ് എൻഡ് പവർ ഡെലിവറി കിടിലൻ. അനായാസം മൂന്നക്ക വേഗത കൈവരിക്കുന്നുണ്ട്. ആറു സ്പീഡ് ട്രാൻസ്‌മിഷന്റെ പ്രകടനം വളരെ സമൂത്ത്. െഞാടിയിടകൊണ്ടു ഗിയർ മാറാം. അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച് സംവിധാനം കൂട്ടിച്ചേർത്തിട്ടുണ്ട്. അതുകൊണ്ട് ഉയർന്ന വേഗത്തിലും ഫാസ്റ്റായി ഗിയർ ഡൗൺ ഷിഫ്റ്റ് ചെയ്യാം. വീൽ ലോക്കാകുമെന്ന പേടി വേണ്ട.
139 കിലോഗ്രാം ഭാരമേയുള്ളൂ. കൂളായി കൊണ്ടുനടക്കാം. താഴ്ന്ന ക്ലിപ് ഒാൺ ഹാൻഡിൽ ബാറാണ്. നൈസ് ഹാൻഡ് ഗ്രിപ്പുകൾ. സ്പോർട്ടി റൈഡിങ് പൊസിഷൻ. സ്പോർട്സ് ബൈക്കിനോടു താൽപര്യമുള്ളവർ മാത്രം ആർ15 നെ നോക്കിയാൽ മതി. കാരണം, അവർക്കു മാത്രമേ ഈ റൈഡിങ് പൊസിഷൻ പിടിക്കുകയുള്ളൂ. പെർഫോമൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ആർ 15 തയാറല്ല. നേർരേഖാ സ്ഥിരതയും വളവുകളിലെ മെയ്‌വഴക്കവും മറ്റേതു 150സിസി ബൈക്കുകളെക്കാളും മികച്ചത് എന്നു കണ്ണുംപൂട്ടി പറയാം. ഗ്രിപ് കൂടുതൽ കിട്ടാനായി എംആർഎഫിന്റ വീതിയേറിയ ടയറാണു പിന്നിൽ നൽകിയിരിക്കുന്നത്. ബ്രേക്കിങ്ങും മികച്ചു നിൽക്കുന്നു. എബിഎസ് ഇല്ല.
വാങ്ങണോ?
ഫ്രീക്ക് പിള്ളേരുടെ ബൈക്കാണിത്. പ്രായം കൂടിയവർക്കു പറ്റില്ലേ എന്നു ചോദിച്ചാൽ പറ്റും മനസ്സു ചെറുപ്പമാകണമെന്നു മാത്രം. സൂപ്പർ ബൈക്ക് ലുക്ക്, സ്പോർട്ടി പെർഫോമൻസ്, സൂപ്പർബ് എൻജിൻ. 150 സിസി വിഭാഗത്തിലെ പടക്കുതിര തന്നെയാണ് അർ15 വേർഷൻ 3.0.
ടെസ്റ്റ് ഡ്രൈവ്: ഷിൻറായ് യമഹ, 7034001243