മൂന്നു ലക്ഷം രൂപയ്ക്കു ബിഎംഡബ്ല്യു ബൈക്ക്. സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാതിരുന്ന കാര്യം ഇതാ യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഒന്നല്ല രണ്ടു മോഡലുകളാണ് കുറഞ്ഞ വിലയിൽ ബിഎംഡബ്ല്യു വിപണിയിൽ എത്തിച്ചിരിക്കുന്നത്. ജി310 ആർ നോക്കഡ് ബൈക്കും ജി310 ജിഎസ് അഡ്വഞ്ചർ ടൂററും. കെടിഎം, കാവാസാക്കി, യമഹ, റോയൽ എൻഫീൽഡ് എന്നിവർക്കെല്ലാം ചങ്കിടിപ്പു നൽകിയാണ് ബിഎംഡബ്ല്യുവിന്റെ ട്വിൻ ബ്രദേഴ്സ് നിരത്തിലെത്തിയിരിക്കുന്നത്. രണ്ടുപേർക്കും ഒരേ എൻജിനാണ്. പക്ഷേ വ്യത്യസ്ത സ്വഭാവക്കാർ. രണ്ടുപേരെയും ഒന്നടുത്തറിയാം...
സുസുക്കിയും യമഹയും ഹോണ്ടയും ഒക്കെ അവതരിപ്പിച്ച പോലെ തങ്ങളുടെ സൂപ്പർമോഡലിന്റെ ചെറു പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന രീതിയിലാണ് രണ്ടുപേരുടെയും ഡിസൈൻ. ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസും സംയുക്ത സഹകരണത്തിൽ നിരത്തിലിറക്കുന്ന മോഡലുകളാണ് ഇവ. ടിവിഎസിന്റെ ബെംഗളൂരുവിലുള്ള ഫാക്ടറിയിലാണ് നിർമാണം. യൂറോപ്പിനുപുറത്ത് ബിഎംഡബ്ല്യു ആദ്യമായി നിർമിക്കുന്ന മോഡലുകൾ എന്ന സവിശേഷതയും ഈ രണ്ടു മോഡലുകൾക്കുണ്ട്.
സ്പോർട്ടി മെഷീൻ
ആദ്യം ജി 310 ആറിൽ കയറാം. എസ് 1000 ആർ സൂപ്പർബൈക്കിന്റെ ഡിസൈനിൽനിന്നാണ് ഇവന്റെ ജനനം. നേക്കഡ് സ്ട്രീറ്റ് ശൈലിയിൽ പക്കാ സ്പോർട്ടി ഡിസൈനാണ് ജി310 ആറിന്. ഒതുക്കമുള്ള രൂപം. എന്നാൽ നോട്ടമുടക്കുന്ന മസ്കുലറായ ഘടകങ്ങൾ ഒട്ടേറെ. കാൽമുട്ടുകൾ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിൽ കൊത്തിയെടുത്ത ടാങ്കും സ്കൂപ്പും അതിലെ ഗ്രാഫിക്സും എടുത്തു നിൽക്കുന്നു. ടാങ്കിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവറിങ് നൽകിയിട്ടുണ്ട്. ടാങ്കിന്റെ വശങ്ങളിലും ഹാൻഡിലിലും വിഖ്യാതമായ ബിഎംഡബ്ല്യു ലോഗോ പതിച്ചിരിക്കുന്നു. സ്വർണനിറത്തിലുള്ള തടിച്ച ഫോർക്കുകൾ പ്രൗഢി കൂട്ടുന്നു.
സ്പോർട്ടിയായ ഹെഡ്‌ലാംപ്. മുകളിൽ ഇഴുകിച്ചേർന്ന് കൺസോൾ. വൈറ്റ് ബാക്‌ലിറ്റോടുകൂടിയ ഫുള്ളി ഡിജിറ്റൽ കൺസോളാണ്. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽഗേജ്, സർവീസ് ഇൻഡിക്കേറ്റർ, ക്ലോക്ക്, ഗിയർപൊസിഷൻ എന്നിവയെല്ലാം ഇതിൽ അറിയാം. കുഴിവുള്ള നീളം കുറഞ്ഞ സിംഗിൾപീസ് സീറ്റാണ്. നീളം കുറഞ്ഞ ടെയിൽ സെക്‌ഷൻ പിൻവശത്തെ കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്. വിഭജിച്ച ഗ്രാബ്റെയിലാണ്. കാസ്റ്റ് അലുമിനിയം അലോയ്‌വീലുകളുടെ ഡിസൈൻ കൊള്ളാം. തടിച്ച ടയറുകളും ക്രോം ഫിനിഷോടുകൂടിയ സൈലൻസറും ബിഗ്ബൈക്ക് ഫീൽ നൽകുന്നു. ജി310 ആറിലെ ഗോൾഡൻ കളർ ഫോർക്ക്, സൈലൻസർ, അലോയ് വീലുകൾ എന്നിവ മറ്റേതോ ബൈക്കിൽ കണ്ടിട്ടുള്ളതായി തോന്നുന്നെങ്കിൽ അതു ശരിയാണ്.
ടിവിഎസിന്റെ ആപ്പാച്ചെ ആആർ310 ലും ഇതേ ഘടകങ്ങൾ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ എൻജിൻഇരട്ട ഓവർ ഹെഡ്‌ക്യാമോടുകൂടിയ 313 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ് ലിക്വിഡ് കൂൾഡ് എൻജിനാണ് ഇരു മോഡലുകൾക്കും. ഫ്യൂവൽ ഇൻജക്‌ഷനാണ്. 7500 ആർപിഎമ്മിൽ 34 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 7500 ആർപിഎമ്മിൽ 28 എൻഎം.
റൈഡ്
158. 5 കിലോഗ്രാം ഭാരമുണ്ട് 310 ആറിന് (കെടിഎം 390–149 കിലോഗ്രം). എങ്കിലും അത്ര ഫീൽ ചെയ്യില്ല. ഡിസൈനിലെ ഒതുക്കം കൊണ്ടാകണം. 785 എംഎം ഉയരമേയുള്ളൂ സീറ്റിന് (കെടിഎം 390– 830എംഎം). ഉയരം കുറഞ്ഞവർക്കും ഈസിയായി ഇരിക്കാം. സ്പോർട്ടി റൈഡിങ് പൊസിഷനാണ്. വീതിയേറിയ ഫ്ലാറ്റ്ഹാൻഡിൽ ബാർ നല്ല കംഫർട്ട് നൽകുന്നവയാണ്. മികച്ച ത്രോട്ടിൽ റെസ്പോൺസ്. ഹരം പിടിപ്പിക്കുന്ന എക്സോസ്റ്റ് ശബ്ദംകൂടിയാകുമ്പോൾ 310 ആറിലെ റൈഡ് ആവേശം കൊള്ളിക്കുന്നതാകുന്നു. ഹാൻഡ്‌ലിങ് കേമം. സിറ്റിയിലൂടെ ഊളിയിട്ടു കയറാനു ഹൈവേയിൽ കുതിച്ചു നിൽക്കാനും 310 ആർ റെഡി. ആറ് സ്പീഡ് ഗിയർബോക്സാണ്. ഷിഫ്റ്റിങ് സ്മൂത്ത്. കൃത്യമായ വെയ്റ്റോടുകൂടിയ ക്ലച്ച് ഉപയോഗിക്കാൻ വളരെയെളുപ്പം.
നേർരേഖാ സ്ഥിരത മികച്ചത്. പെട്ടെന്നുള്ള ദിശാമാറ്റത്തിലും കോർണറിങ്ങിലും നല്ല മെയ്‌വഴക്കം കാട്ടുന്നുണ്ട്. കിടിലൻ ഗ്രിപ്പ് നൽകുന്ന മിഷലിന്റെ പൈലറ്റ് സ്ട്രീറ്റ് റേഡിയൽ ടയറുകളാണ് 310 ആറിനു നൽകിയിരിക്കുന്നത്. 110 സെക്‌ഷൻ ടയറാണ് മുന്നിൽ. പിന്നിൽ 150 സെക്‌ഷന്റെയും.
രണ്ടു ബൈക്കുകളുടെയും സസ്പെൻഷൻ ഘടകങ്ങൾ ഒന്നാണെങ്കിലും ട്രാവലിൽ വ്യത്യാസമുണ്ട്. 140 എംഎം ആണ് മുൻ ഫോർക്കിന്റെ ട്രാവൽ. പിന്നിലെ മോണോഷോക്കിനു 131 എംഎം ട്രാവലുണ്ട്. ഇരുവീലുകളിലും ഡിസ്ക് ബ്രേക്കിന്റെ കടിഞ്ഞാണുണ്ട്. ഒപ്പം എബിഎസിന്റെ കരുതലും.
സാഹസികൻ
ഒരേ എൻജിൻ കൊണ്ട് ഇരട്ടകളെന്നു വിളിക്കാമെങ്കിലും കാഴ്ചയിലും സ്വഭാവത്തിലും അജഗജാന്തരമുണ്ട് ഇരുവരും തമ്മിൽ. പക്കാ സ്പോർട്ടി സ്ട്രീറ്റ് ബൈക്കാണ് ജി310 ആർ എങ്കിൽ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ജി310 ജിഎസ്. ബിഎം ഡബ്ല്യുവിന്റെ അഡ്വഞ്ചർ നിരയിലെ രാജാവായ ആർ 1200 ജിഎസിന്റെ ചെറുപതിപ്പെന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം. ചങ്കുവിരിച്ച് എന്തിനും പോന്നവനെന്ന ഭാവം അഡ്വഞ്ചർ പ്രേമികളെ 310 ജിഎസിലേക്ക് ആകർഷിപ്പിക്കും. റോയൽ എൻഫീൽഡ് ഹിമാലയൻ, കാവാസാക്കി വേഴ്സിസ് 300 എന്നിവർക്കു 310 ജിഎസ് ഭീഷണി ഉയർത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. 310 ആറിലുപയോഗിച്ചിരിക്കുന്ന അതേ ഹെഡ്‌ലാംപ് തന്നെയാണ് ഇതിലും.
പക്ഷേ, പക്ഷിയുടെ വലിയ കൊക്കുപോലുള്ള ടോപ് ഫെൻഡറും ചെറിയ വിൻഡ് സ്ക്രീനും ചേർന്നപ്പോൾ സംഗതി വേറെ ലെവലെത്തി. 1200 ജിഎസിനെ അനുസ്മരിപ്പിക്കുന്ന വലിയ ടാങ്ക്. പതിനൊന്നു ലീറ്ററാണ് കപ്പാസിറ്റി. ടാങ്കിൽനിന്നു ഹെഡ്‌ലാംപിലേക്കു കയറിനിൽക്കുന്ന ഫെയറിങ് കരുത്തും സ്പോർട്ടിനെസും വിളിച്ചോതുന്നു. സ്വർണനിറമാർന്ന അപ്‍സൈഡ് ഡൗൺഫോർക്കാണ്. ജി310 ആറിനെക്കാളും ട്രാവൽ കൂടുതലുണ്ട്. പരുക്കൻ പ്രതലത്തിലൂടെ കൂസലില്ലാതെ നീങ്ങാൻ പര്യാപ്തമാണ് മുൻപിൻ സസ്പെൻഷൻ.
ഉയർന്ന പൊസിഷനിലുള്ള വീതിയേറിയ ഹാൻഡിൽ ബാറാണ്. മീറ്റർ കൺസോൾ ജി 310 ആറിനോടു സമം. സീറ്റും അതുതന്നെ. പക്ഷേ ഉയരം കൂടുതലുണ്ട്. 835 എംഎം. ഉയരം കുറഞ്ഞവർക്ക് അത്ര സുഖകരമായി തോന്നില്ല. വലിയ ഗ്രാബ്റെയിലിനൊപ്പം അഞ്ചുകിലോ ഭാരം കയറ്റാവുന്ന അലുമിനിയം ലഗേജ് റാക്ക് വൃത്തിയായി ഇണക്കിച്ചേർത്തിട്ടുണ്ട്. ടെയിൽ ലാംപും 310 ആറിലുള്ളതു തന്നെ. വീൽ ഡിസൈനും ഒരുപേലെതന്നെയാണെങ്കിലും ജിഎസിന്റെ മുന്നിൽ 19 ഇഞ്ച് വീലാണ്.
എൻജിൻ
ജി310 ആറിലുള്ള അതേ എൻജിൻ തന്നെയാണ്. കരുത്തിലും ടോർക്കിലുമൊന്നും യാതൊരു വ്യത്യാസവുമില്ല. പക്ഷേ, പെർഫോമൻസിൽ വ്യതിയാനമുണ്ട്. മികച്ച ത്രോട്ടിൽ റെസ്പോൺസുണ്ടെങ്കിലും 310 ആർ പോലെ അത്ര അഗ്രസീവല്ല. സ്മൂത്ത് പവർ ഡെലിവറി. മിഡ് റേഞ്ചിലെ പെർഫോമൻസ് സൂപ്പർ.
റൈഡ്
ഉയർന്ന സീറ്റും ഹാൻഡിൽ ബാറും പിന്നോട്ടിറങ്ങാത്ത ഫുട്പെഗ്ഗും നിവർന്നുള്ള ഇരിപ്പു നൽകുന്നു. ചെറുവേഗത്തിലും ഉയർന്ന വേഗത്തിലും നല്ല കൺട്രോൾ നൽകുന്നുണ്ട്. കട്ടിങ്ങും ബംപുകളുമൊന്നും കയറിയിറങ്ങുന്നത് അറിയില്ല. സസ്പെൻഷന്റെ പ്രകടനത്തിനു ടോപ് മാർക്ക് നൽകാം. കുന്നും മലയും കയറിയിറങ്ങാൻ ജിഎസ് റെഡി. ഓഫ് റോഡിങ്ങിൽ എബിഎസ് ഓഫ് ചെയ്യാൻ ഹാൻഡിലിൽ സ്വിച്ച് നൽകിയിട്ടുണ്ട്. റോഡ് ഗ്രിപ്പും ബ്രേക്കിങ്ങും മികച്ചത്. രണ്ടു മോഡലുകളും റൈഡ് ക്വാളിറ്റിയിൽ മികച്ചുനിൽക്കുന്നെങ്കിലും ഒരുപടികൂടി നിൽക്കുന്നത് ജിഎസ് ആണ്.
ആർക്കൊക്കെ?
സ്പോർട്ടി പെർഫോമൻസുള്ള നേക്കഡ് ബൈക്ക് ആഗ്രഹിക്കുന്നവർക്കുള്ളതാണ് ജി310 ആർ. ഉയരക്കുറവും കൈകാര്യം ചെയ്യാനുള്ള എളുപ്പവും സ്പോർട്ടി ലുക്കും മേൻമകൾ. ലോങ് റൈഡും അൽപം സാഹസികതയും ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ജിഎസ്. ഹൈവേയിൽ സുഖ സവാരി. റോഡിറങ്ങിയാലോ തികഞ്ഞ ഓഫ്റോഡർ.