ട്രയംഫിന്റെ സ്റ്റൈലൻ ട്രിപ്പിൾ, ടെസ്റ്റ് റൈഡ്

ട്രയംഫ് എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കോടി എത്തുന്നത് ബോണിവെലും ടൈഗറുമാണ്. ക്ലാസിക് ക്രൂയിസറുകളുടെയും അഡ്വഞ്ചർ ടൂറർ ബൈക്കുകളുടെയും ആരാധകർ എന്നും ഹൃദയത്തോടു ചേർത്തു നിർത്തുന്ന പേരാണ് ട്രയംഫ്.  ഇനി ഈ മോഡലുകളോടൊപ്പം ഒരു പേരുകൂടി ചേരുകയാണ്. സ്ട്രീറ്റ് ട്രിപ്പിൾ‌. നേക്കഡ് സ്പോർട് വിഭാഗത്തിലെ താരമാണെങ്കിലും  അടിമുടി പരിഷ്കാരത്തിലൂടെ  സ്ട്രീറ്റ് ട്രിപ്പിൾ മോഡലുകൾ വിപണിയിൽ പുതു ചരിത്രമെഴുതുകയാണ്. സ്ട്രീറ്റ് ട്രിപ്പിളിന്റെ ആർഎസ് മോഡലിന്റെ ടെസ്റ്റ് റൈഡിലേക്ക്...

Triumph Street Triple

ഡിസൈൻ

2007 ൽ ആണ് ട്രയംഫ് നേക്കഡ് സ്ട്രീറ്റ്ബൈക്ക് വിഭാഗത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ മോഡലിനെ നിരത്തിലെത്തിക്കുന്നത്. ഡെയ്റ്റോണയിലുണ്ടായിരുന്ന 675 സിസി എൻജിനുമായിട്ടായിരുന്നു വരവ്. പത്തു വർഷങ്ങൾക്കുശേഷം പുത്തൻ എൻജിനും ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുമായാണ് പുതിയ സ്ട്രീറ്റ് ട്രിപ്പിൾ സീരീസ് എത്തിയിരിക്കുന്നത്. രണ്ടു വേരിയന്റുകളാണ് സ്ട്രീറ്റ് ട്രിപ്പിളിനുള്ളത്. എസ്, ആർഎസ്. 

തുമ്പികളുടെ കണ്ണുകൾ പോലെ പ്രത്യേക ആകൃതിയുള്ള ഇരട്ട ഹെഡ്‌‌ലൈറ്റ് തന്നെയാണ് സ്ട്രീറ്റ് ട്രിപ്പിളിനെ കാഴ്ചയിൽ വേറിട്ടു നിർത്തുന്നത്. ഒതുക്കമുള്ള രൂപം. മുന്നോട്ടാഞ്ഞുള്ള സ്പോർട്ടി ഡിസൈനാണ്. മസ്കുലർ ടാങ്കും ചെറിയ സൈലൻസറും സ്പോർട്ടി അലോയ്കളും നോട്ടം പിടിച്ചെടുക്കും. 

Triumph Street Triple

മിനി കംപ്യൂട്ടർ

ആർഎസിന്റെ മീറ്റർ കൺസോളിനെ മിനി കംപ്യൂട്ടർ എന്നു വിളിക്കുന്നതാണു ശരി. അഞ്ച് ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയോടുകൂടിയ ഇതിന്റെ ആംഗിൾ ക്രമീകരിക്കാവുന്നതാണ്. സ്പീഡോ മീറ്റർ, ടാക്കോ മീറ്റർ, റൈഡിങ് മോഡ്, ഗിയർ പൊസിഷൻ, ഫ്യൂവൽ ഗേജ്, ക്ലോക്ക്, ടെംപറേച്ചർ, ട്രിപ് മീറ്റർ, ഇന്ധനക്ഷമത, ഇനി എത്ര ദൂരം സഞ്ചരിക്കാം, സർവീസ് റിമൈൻഡർ, മറ്റു വാണിങ് ലൈറ്റുകൾ എന്നിങ്ങനെ വാഹനത്തെക്കുറിച്ചുള്ള സകല വിവരങ്ങളും ഈ കൊച്ചു കംപ്യൂട്ടറിൽ നിന്നറിയാം. 

 റൈഡ് മോഡ് അനുസരിച്ച് ആറു തരത്തിൽ സ്ക്രീൻ സ്റ്റൈൽ ക്രമീകരിക്കാം. ഏതു കാലാവസ്ഥയിലും ഏതു ലൈറ്റിലും കൃത്യമായി കൺസോളിലെ വിവരങ്ങൾ വായിച്ചെടുക്കാം. എസ്, ആർ മോഡലുകളെ അപേക്ഷിച്ച് ലാപ് ടൈമർ ആർഎസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

Triumph Street Triple

ഇടത്തേ ഹാൻഡിലിലെ ജോയ് സ്റ്റിക്ക് വഴി കൺസോളിലെ വിവരങ്ങൾ അറിയാം. ഡ്രൈവ് മോഡ് സിലക്ട് ചെയ്യാനുള്ള സ്വിച്ചും ഹാൻഡിലിൽ നൽകിയിട്ടുണ്ട്. ഒാട്ടത്തിൽ തന്നെ മോഡ് മാറ്റാൻ കഴിയും. 

എൻജിൻ/റൈഡ്

765 സിസി മൂന്നു സിലിണ്ടർ എൻജിനാണ് ആർഎസിനെ ട്രാക്കിലും റോഡിലും സൂപ്പർ താരമാക്കുന്നത്. 121.1 ബിഎച്ച്‌പിയാണ് കൂടിയ കരുത്ത്. ടോർക്ക് 77 എൻ‌എം. സ്പോർട്ടി റൈഡിങ് പൊസിഷനാണെങ്കിലും ഡെയ്‌ലി റൈഡിങ്ങിനും ഉതകുന്ന രീതിയിലാണ് ഹാൻഡിൽ ഫുട് പെഗ് അനുപാതം. കുഴിവു കുറഞ്ഞ വീതിയേറിയ ഹാൻഡിൽ ബാറാണ്. ഹാൻഡിലിന്റെ അറ്റത്താണ് മിററുകൾ ഘടിപ്പിച്ചിരിക്കുന്നത്. സെഗ്‌മെന്റിലെ ഭാരം  കുറഞ്ഞ ബൈക്കുകളിലൊന്നാണ് ആർഎസ്. മുൻ തലമുറയെക്കാളും ഭാരക്കുറവാണിതിന്. 

Triumph Street Triple

825 എംഎം ഉയരമുള്ള സീറ്റിൽ അനായാസം കയറി ഇരിക്കാം. വിഭജിച്ച സീറ്റുകൾ. നല്ല കുഷനുണ്ട്. ക്വിക് ഷിഫ്റ്ററോടു കൂടിയ ആറു സ്പീഡ് ഗിയർ ബോക്സാണ്. അപ് ഷിഫ്റ്റ് ചെയ്യുന്നതിനു ക്ലച്ച് ഉപയോഗിേക്കണ്ട (എസ്, ആർ മോഡലുകൾക്ക് ക്വിക് ഷിഫ്റ്റർ ആക്സസറിയായി കിട്ടും). ഷോർട് ത്രോയാണ്. ഷിഫ്റ്റിങ് അൾട്രാ സ്മൂത്ത്. സ്ലിപ് അസിസ്റ്റ് ക്ലച്ചാണ്. ഉയർന്ന വേഗത്തിലും അഗ്രസീവായി ഡൗൺഷിഫ്റ്റ് ചെയ്യാം. 

അഞ്ച് റൈഡ് മോഡുകളുണ്ട്– റോഡ്, റെയിൻ, സ്പോർട്, റൈഡർ, ട്രാക്ക്. പെരുമഴയത്തായിരുന്നു ടെസ്റ്റ് റൈഡ്. അതുകൊണ്ടുതന്നെ റെയിൻ മോഡ് ആദ്യം പരീക്ഷിക്കാൻ കഴിഞ്ഞു. കണ്ണാടി പോലുള്ള റോഡിൽ മൂന്നക്കവേഗത്തിലും കിടിലൻ ട്രാക്‌ഷനാണ് ആർഎസ് കാഴ്ചവച്ചത്. കടുത്ത ബ്രേക്കിങ്ങിലും ചെറിയൊരു പാളിച്ച പോലുമില്ലെന്നത് എടുത്തു പറയണം. സ്പോർട്, ട്രാക്ക് മോഡുകളിലെ എൻജിൻ മുരൾച്ച ഒന്നു കേൾക്കേണ്ടതു തന്നെയാണ്.

Triumph Street Triple

റൈഡ് ബൈ വയർ ടെക്നോളജിയുണ്ടിതിൽ. ചെറിയൊരു ത്രോട്ടിൽ തിരിവിനോടുപോലും തൽക്ഷണം പ്രതികരിക്കും ആർഎസ്. എൻജിൻ റിഫൈൻമെന്റിലാണ് ആർഎസ് റൈഡറുടെ ഹൃദയം കീഴടക്കുന്നത്. അൾട്രാ സ്മൂത്ത് എന്നു പറഞ്ഞാൽ മതിയാകില്ല. അത്ര റിഫൈൻഡാണ്. ടോപ് ഗിയറിൽ 40 കിലോമീറ്ററിലേക്കു താഴ്ന്നിട്ടും എൻജിൻ പക്കാ സ്മൂത്ത്. ത്രോട്ടിൽ കൊടുത്താലോ വെടിയുണ്ടപോലെ പായും. എബിഎസും ട്രാക്‌ഷൻ കൺട്രോളും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 

റോഡിലും ട്രാക്കിലും ഒരുപോലെ മികച്ച ട്രാക്‌ഷൻ നൽകുന്ന പുതിയ ഗൾവിങ് സ്റ്റൈൽ സ്വിങ് ആം ആണ് നൽകിയിരിക്കുന്നത്. ഉയർന്ന വേഗത്തിൻ മികച്ച നേർരേഖാ സ്ഥിരതയും കോർണറിങ്ങിൽ മികച്ച മെയ്‌വഴക്കവും ഇതു നൽകുന്നു. ഉയർന്ന സ്പെസിഫിക്കേഷനോടുകൂടിയ സസ്പെൻഷൻ ഘടകങ്ങളാണ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസിനു ട്രയംഫ് നൽകിയിരിക്കുന്നത്. പ്രീലോഡും റീബൗണ്ടും ഡാംപിങ്ങും എല്ലാം ക്രമീകരിക്കാവുന്ന ഷോവയുടെ 41 എംഎം ഫോർക്കുകളാണ് മുന്നിൽ. ഒഹ്‌ലിന്റെ പിഗ്ഗിബാക്ക് റിസർവോയർ മോണോഷോക്ക് സസ്പെൻഷനാണു പിന്നിൽ. 

Triumph Street Triple

മുൻ മോഡലുകളെ അപേക്ഷിച്ച് ബ്രേക്കിങ് ക്ഷമത കൂടുതലാണ് പുതിയ മോഡലുകൾക്ക്. ബ്രെംബോയുടെ എം50 ഫോർ പിസ്റ്റൺ മോണോബ്ലോക്ക് കാലിപ്പറോടു കൂടിയ ഇരട്ട ഡിസ്ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ സിംഗിൾ പിസ്റ്റൺ സ്ലൈഡിങ് കാലിപ്പറോടു കൂടിയ സിംഗിൾ ഡിസ്ക്കും. സൂപ്പർ റോഡ് ഗ്രിപ്പ് നൽകുന്ന പിരലി ഡയബ്ലോസാ ടയറുകളാണ്. റോഡിൽ ഒട്ടിപ്പിടിച്ചു നിൽക്കുന്ന ഫീലാണ് ഇരു ടയറുകളും നൽകുന്നത്.

അവസാനവാക്ക്

നേക്കഡ് സ്ട്രീറ്റ് വീഭാഗത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ മോഡലുകൾ പുതു ചരിത്രം രചിക്കുമെന്നു നിസ്സംശയം പറയാം. പ്രത്യേകിച്ച് ആർഎസ്. കിടിലൻ പവർ, റിഫൈൻഡ് എൻജിൻ, മികച്ച റൈഡിങ് കംഫർട്ടും സ്റ്റെബിലിറ്റിയും എന്നിവയോടൊപ്പം ഉയർന്ന നിർമാണ നിലവാരം കൂടിയാകുമ്പോൾ സ്ട്രീറ്റ് ട്രിപ്പിൾ എതിരാളികൾക്കു തലവേദന സൃഷ്ടിക്കും. 

വില– എസ്– ` 9.52 ലക്ഷം, ആർഎസ്–`11.50 ലക്ഷം 

ടെസ്റ്റ് ഡ്രൈവ്–9645599922