ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിർമാതാക്കളിലൊന്നാണ് ട്രംയഫ്. 19–ാം നൂറ്റാണ്ടിൽ സ്ഥാപിതമായ കമ്പനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് ബോൺവില്ല. 1959 ൽ അമേരിക്കയിലെ ബോൺവില്ലയിലെ സാള്‍ട്ട് ഫ്ലാറ്റിൽ മണിക്കൂറിൽ 311.76 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ട ബൈക്കിന് ആ പേരു തന്നെ ട്രംയഫ് നൽകി. പിന്നീടിങ്ങോട്ട് നിരവധി റേസുകളിൽ ബോൺവില്ല താരമായി. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും മോഡലുകള്‍ നിരവധി വന്നുപോയെങ്കിലും ബോൺവില്ല എന്ന ബൈക്കിന്റെ പ്രശസ്തിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല.
∙ ക്ലാസിക്: മോഡേൺ ക്ലാസിക്, ബോൺവില്ല ടി100നെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യ മോഡലായ ടി120 യെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ടി100ന്. വെള്ളയും നീലയും നിറമുള്ള ഉരുണ്ട ഇന്ധനടാങ്കാണ് ബോൺവില്ലയുടെ ഹൈലൈറ്റ്. ടാങ്കിൽ ക്രോമിലുള്ള ട്രയംഫ് ലോഗോയുമുണ്ട്. രണ്ടു ഡയൽ ക്ലാസിക് മീറ്ററുകളിൽ അനലോഗ് ഡിജിറ്റല്‍ സങ്കലനം. ഇന്ധനത്തിന്റെ ഉപയോഗം, ഡിസ്റ്റൻസ് ടു എംറ്റി, ഗിയർ പൊസിഷൻ, ട്രാക്ഷൻ കൺട്രോൾ സ്റ്റാറ്റസ്, ക്രൂസ് കൺട്രോൾ സ്റ്റാറ്റസ്, ഡിജിറ്റൽ ക്ലോക്ക് തുടങ്ങിയവ അടങ്ങിയതാണ് മീറ്റർ കൺസോൾ.
വട്ടത്തിലുള്ള വലിയ ഹെഡ്‍ലാംപാണ്. ബോൺവില്ലയുടെ ക്ലാസിക്ക് ലുക്കിന് ഒട്ടും കോട്ടം വരാതിരിക്കാൻ ട്രയംഫ് പരമാവധി ശ്രമിച്ചിട്ടുണ്ട്. 32 സ്പോക്ക് വീലുകളാണ് മുന്നിലും പിന്നിലും. മനോഹരമായ ചെറിയ ഇൻഡികേറ്ററുകൾ. ക്രോം ഫിനിഷിലുള്ള ട്വിൻ സൈലൻസർ പൈപ്പുകൾ. എൻജിൻ ഭാഗത്തും പഴമയുടെ സൗന്ദര്യം കൊണ്ടുവന്നിരിക്കുന്നു.
∙ എൻജിൻ: നിലവിലെ ബോണ്‍വില്ല സീരിസിലെ ഏറ്റവും ചെറിയ എൻജിൻ ഉപയോഗിക്കുന്ന ബൈക്കാണ് ടി 100. 900 സിസി കപ്പാസിറ്റിയുള്ള ഈ പാരലൽ ട്വിൻ എൻജിൻ 54 ബിഎച്ച്പി കരുത്തും 80 എൻഎം ടോർക്കും നൽകും. 213 കിലോഗ്രാം ഭാരമുള്ള വലിയ ബൈക്കാണെങ്കിലും 150 സിസി ബൈക്ക് ഓടുക്കുന്നതുപോലെ ഈസിയായി കൈകാര്യം ചെയ്യാം ഈ കരുത്തനെ. മികച്ച ത്രോട്ടിൽ റെസ്പോൺസ്.
∙ റൈഡ്: വാഹനത്തിലാദ്യം കയറുമ്പോൾ അൽപ്പം ഭയം തോന്നുമെങ്കിൽ മുന്നോട്ടു പോകുന്തോറും അത് ആവേശമായി മാറും. ട്രാഫിക്കിലൂടെയും ഹൈവേയിലൂടെയും എത്ര ഓടിച്ചാലും കൊതി തീരില്ല. മികച്ച ഹാൻഡിലിങ്ങാണ് ബൈക്കിന്, ട്രാഫിക്ക് ബ്ലോക്കുകളിൽ അത് മുൻതൂക്കം നൽകും. ഹൈവേ ക്രൂസിങ്ങാണ് ഏറ്റവും മനോഹരം, എത്ര ദൂരം ഓടിച്ചാലും മടുപ്പില്ല. ദൂരയാത്രയ്ക്ക് ചേർന്ന സീറ്റുകൾ. മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗം ആർജിക്കാൻ ഈ കരുത്തന് സാധിക്കും. ക്ലാസിക്ക് ലുക്കിലുള്ള ഈ മോഡേൺ ബൈക്കിൽ ട്രാക്ഷൻ കൺട്രോൾ, എബിഎസ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുണ്ട്.
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി 100. കരുത്തും സ്റ്റൈലും കൂടെ ട്രംയഫിന്റെ പാരമ്പര്യവും ഒരുപോലെ ഒത്തുചേർന്നിരിക്കുന്നു . ബൈക്കിനായി 10 ലക്ഷം രൂപ ബജറ്റുണ്ടെങ്കിൽ ഒട്ടും മടിക്കാതെ തെരഞ്ഞെടുക്കാം ബോൺവില്ല ടി 100.
എക്സ്ഷോറൂം വില– 9.02 ലക്ഷം
ടെസ്റ്റ് ഡ്രൈവ്–9645599922