എൻഫീൽഡിൽ നിന്ന് മറ്റൊരു ‘റോയൽ ബൈക്ക്’: ഇന്റർസെപ്റ്റർ–650 ടെസ്റ്റ് ഡ്രൈവ്

മെയ്ഡ് ലൈക്ക് എ ഗൺ, ഗോസ് ലൈക്ക് എ ബുള്ളറ്റ് എന്ന വിഖ്യാത റോയൽ എൻഫീൽഡ് പരസ്യവാചകം അന്വർഥമാക്കുന്ന മോഡലാണ് ഇന്റർസെപ്റ്റർ 650 എന്നു സമ്മതിക്കാൻ എൻഫീൽഡ് വിരോധികൾക്കു പോലും രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വരില്ല. റോയൽ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഇന്റർസെപ്റ്റർ രാജ്യാന്തര തലത്തിൽ മോട്ടോർസൈക്കിൾ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു.

Royal Enfield Interceptor 650

റോയൽ എൻഫീൽഡ് പുറത്തിറക്കിയ ഏറ്റവും മികച്ച ബൈക്കാണിതെന്ന കാര്യത്തിൽ സംശയമില്ല. ഡ്രൈവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന എല്ലാ  ഘടകങ്ങളും മികച്ച രീതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 250 മുതൽ 750 സിസി ശ്രേണിയിലെ (മിഡിൽ വെയിറ്റ്) ബൈക്കുകളിൽ ഏറ്റവും മികച്ച മോഡലുകളിലൊന്നാണിത്. 2.5 ലക്ഷം മുതൽ 2,85 ലക്ഷം രൂപ വരെയാണു എക്സ് ഷോറൂം വില.

ഡിസൈൻ

മിഡിൽ വെയിറ്റ് ശ്രേണിയിലെ ഏറ്റവും മികച്ച റൈഡിങ് പൊസിഷനുള്ള ബൈക്കുകളിലൊന്നാണ് ഇന്റർസെപ്റ്റർ. ദൂരയാത്രയ്ക്ക് സഹായകമായ രീതിയിലാണു സീറ്റിന്റെ രൂപകൽപന. ഫുട് പെഗ്ഗുകളും ഇതേ ഉദേശിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്കും യഥേഷ്ടം ഇടമുണ്ട്. മോഡേൺ ക്ലാസിക് വിഭാഗത്തിൽപെട്ട ബൈക്കാണിത്. റവിഷിങ് റെഡ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും പുതിയ റോയൽ എൻഫീൽഡ് ടാഗുകളാണ് പതിച്ചിരിക്കുന്നത്. മുൻകാല മോഡലുകളിൽ നിന്നു വ്യത്യസ്തമായി മുകളിലേക്ക് ഉയർന്നു നിൽക്കുന്ന സൈലൻസറുകളാണ്.

Royal Enfield Interceptor 650

പ്രത്യേകം രൂപകൽപന ചെയ്ത ഹാൻഡിൽബാർ റൈഡിങ്ങിൽ മികച്ച അനുഭവം നൽകുന്നു. ആറു നിറങ്ങളില്‍ വാഹനം ലഭിക്കും. മികച്ച നിലവാരത്തിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഫ്യൂവൽ ഇന്‍ഡിക്കേറ്റർ, ആർപിഎം മീറ്റർ, സ്പീഡോ മീറ്റർ എന്നിവയുള്ള ഇൻസ്ട്രമെന്റ് കൺസോൾ കൃത്യമായി പൊസിഷൻ ചെയ്തിരിക്കുന്നു. എൽഇടി ലൈറ്റുകളല്ലെങ്കിലും രാത്രിയിൽ കൃത്യമായി കാഴ്ച നൽകുന്ന ലാംപുകളാണു ഘടിപ്പിച്ചിരിക്കുന്നത്. ലളിതമായ, പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന മോഡേൺ ക്ലാസിക്കാണ് ഇന്റർസെപ്റ്റർ എന്നാണു കമ്പനിയുടെ വിശദീകരണം. അതുകൊണ്ടു തന്നെ പരിഷ്കരിച്ച മോഡലുകളിൽ  മറ്റ് രാജ്യാന്തര ബ്രാൻഡുകളിലുള്ളതുപോലെയുള്ള അൾട്ടാമോഡേൺ മീറ്റർകൺസോൾ നൽകുന്ന കാര്യം കമ്പനി പരിഗണിക്കുന്നതായാണു സൂചന. എന്നാൽ ഈ ചെറു ന്യൂനകതളെല്ലാം ബൈക്ക് ഓടിക്കുന്നതോടെ പമ്പകടക്കും.

പെർഫോർമൻസ്

പ്രകടനത്തിൽ രാജ്യാന്തര ബ്രാൻഡുകളോടു കിടപിടിക്കുന്ന ബൈക്കാണ് ഇന്റർസെപ്റ്റർ. റോയൽ എൻഫീൽഡ് ഇതു വരെ പുറത്തിറക്കിയ മോഡലുകളുമായി താരതമ്യം ചെയ്യാനാവില്ല. മികച്ച നിലവാരമുള്ള എൻജിൻ. ബാലൻസിങ്, സ്ലിപ്പർ ക്ലച്ച്, ബ്രേക്കിങ്, റോഡ്ഗ്രിപ്, ഹാൻഡിലിങ് എല്ലാം മികച്ചത്. 

Royal Enfield Interceptor 650

ഹൈവേ പ്രകടനത്തിൽ മറ്റെല്ലാ ഇന്ത്യൻ ബൈക്കുകൾക്കും ഇന്റർസെപ്റ്റർ വെല്ലുവിളി ഉയര്‍ത്തും. 10 വർഷത്തെ ഗവേഷണത്തിനൊടുവിൽ പുറത്തിറക്കിയ  എസ്ഒഎച്ച്സി (സിങ്കിൾ ഓവർഹെഡ് ക്യാം) 648 സിസി എയർ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ഇന്റർസെപ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ വികിസിപ്പിച്ച എൻജിൻ 7,250 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും, 5,250 ആർപിഎമ്മിൽ 54 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകും. രാജ്യാന്തര  മിഡിൽ വെയിറ്റ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ശബ്ദമാണ് 270 ഡിഗ്രി ഫയറിങ് ഓഡറിലുള്ള ട്വിൻ സിലണ്ടർ എൻജിന്റേത്. ഇന്റർസെപ്റ്ററിന്റെ ശബ്ദം ബൈക്ക് പ്രേമികളെ ത്രസിപ്പിക്കുമെന്ന് ഉറപ്പ്. ട്രാഫിക്കിൽ ശ്രദ്ധ ലഭിക്കാനും ഇതു സഹായിക്കും.

Royal Enfield Interceptor 650

മികച്ച ത്രോട്ടിൽ റെസ്പോൺസാണ് ട്വിൻ എൻജിൻ നൽകുന്നത്. കുറഞ്ഞ സ്പീഡിൽ നിന്നു സെക്കൻഡുകൾക്കുള്ളിൽ കുതിക്കും. 0–100 എത്താൻ വേണ്ടത് 6 സെക്കൻഡുകൾ മാത്രം. ഹൈവേയിൽ 140 കിലോമീറ്റർ സ്പീഡിൽ വരെ അനായാസം ഓടിക്കാം. വിറയലോ, മറ്റു പ്രശ്നങ്ങളോ ഇല്ലെന്നതും ശ്രദ്ധേയം.  ബ്രേക്കിങ്ങും മികച്ചത്. 170 കിലോമീറ്റർ സ്പീഡ് വരെ തുറന്ന റോഡുകളിൽ ലഭിക്കും. 140 കിലോമീറ്റർ സ്പീഡിൽ ദിവസം മുഴുവനും ഓടിക്കാം. തിരക്കുള്ള റോഡുകളിലും മികച്ച അനുഭവമാണ് ഇന്റർസെപ്റ്റർ  നൽകുന്നത്. 200 കിലോഗ്രാം ഭാരമുണ്ടെങ്കിലും ഉയരം കുറഞ്ഞവർക്കും അനായാസമായി ഓടിക്കാം. വലിയ എൻജിൻ ട്രാഫിക്കിൽ ചെറിയ തോതിൽ എൻജിൻ ചൂടാകുന്നുണ്ട്. എന്നാൽ മറ്റ് എൻഫീൽഡ് മോഡലുകളെ അപേക്ഷിച്ചു വളരെ കുറവ്. 41 എംഎം ഫ്രണ്ട് ഫോർക്കുകളും, പിന്നിലെ ട്വിൻ കോയിൽ ഓവർ ഷോക്ക് അബ്സോർബറുകളും മോശം റോഡുകളിലും മികച്ച യാത്ര സുഖം നൽകും. റോഡ് ഗ്രിപ് നൽകാൻ മുന്നിൽ 100/90, പിന്നിൽ 130/70 പിരെലി സ്പോർട് കോംപ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വളവുകളും തിരിവുകളും അനായാസം കൈകാര്യം ചെയ്യാം. 320 എംഎം/240 എംഎം ഡിസ്ക് ബ്രേക്കുകളാണു മുന്നിലും പിന്നിലുമായി ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂവൽ ചാനൽ എബിഎസ് ബ്രേക്കിങ് സുരക്ഷ ഉറപ്പാക്കും. 174 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഹമ്പുകളിലും മോശം റോഡുകളിലും ആശങ്കയില്ലാതെ ഓടിക്കാം.

Royal Enfield Interceptor 650

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച മിഡിൽ വെയിറ്റ് ബൈക്കുകളിലൊന്നാണ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650. കമ്പനിയുടേതായി പുറത്തിറങ്ങിയ ഏറ്റവും മികച്ച എൻജിനാണിതെന്ന കാര്യത്തിൽ സംശയമില്ല. വിലയുടെ കാര്യത്തിലും തൽക്കാലം കമ്പനിക്ക് എതിരാളികളില്ല. ട്വിൻ സിലണ്ടർ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കാണിത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ട്വിൻ മോഡലുകൾക്കു മാത്രമായി പ്രത്യേക എക്ട്രാ ഫിറ്റിങ്ങുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റോയൽ എൻഫീൽഡ് വെബ്സൈറ്റിൽ നിന്നു നേരിട്ടു വാങ്ങാം. ഇതുവരെ ഇന്ത്യയിൽ 15,000 ബുക്കിങ്ങുകൾ കടന്നു എന്നാണു കമ്പനി അവകാശപ്പെടുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് റോയൽ എൻഫീൽഡ് ഉയർന്നതിൽ ആരാധകർ ആവേശത്തിലാണ്. എന്നാൽ രാജ്യാന്തര ബ്രാൻഡുകളോടു കിടപിടിക്കുന്ന സർവീസിങ് ട്വിൻ മോഡലുകൾക്ക് ഏർപ്പെടുത്താന്‍ കമ്പനി ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷ.

‘ലോകോത്തര ബൈക്കിങ് അനുഭവം നൽകുന്നു എന്നതാണ് ഇന്റർസെപ്റ്ററിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ തരം റോഡുകളിലും ആശ്രയിക്കാവുന്ന വാഹനമാണിത്. ഇന്ത്യയിൽ മിഡിൽ വെയിറ്റ് വിഭാഗം കൂടുതൽ വ്യാപിപ്പിക്കുക എന്നതാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു മറ്റാർക്കും നൽകാനാവാത്ത വിലയിൽ വാഹനം നൽകുന്നത്. ഇതേ വിഭാഗത്തിൽ ലോകത്തിലെ 60 ശതമാനം വിപണിയും റോയൽ എൻഫീൽഡിനാണ്. ട്വിൻ മോഡലുകൾ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.’–ഷാജി കോശി (റോയൽ എൻഫീൽഡ് ഇന്ത്യാ ബിസിനസ് ഹെഡ്).

ഷാജി കോശി (റോയൽ എൻഫീൽഡ് ഇന്ത്യാ ബിസിനസ് ഹെഡ്), രാജേഷ് രവീന്ദ്രൻ (ബ്രാന്‍ഡ് ചാംപ്യൻ 650 ട്വിൻസ്)

‘2.5 ലക്ഷം രൂപയിൽ നിന്നാണു വില ആരംഭിക്കുന്നത്. വളരെ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. രാജ്യത്താകമാനം 15,000ൽ അധികം ബുക്കിങ് ലഭിച്ചുകഴിഞ്ഞു. മൂന്നു മാസത്തിനുള്ളിൽ വാഹനം ഉപഭോക്താക്കൾക്കു നൽകും. നിലവിൽ ബുക്കു ചെയ്തവർക്ക് മാർച്ചിൽ വാഹനം ലഭിക്കും.’–രാജേഷ് രവീന്ദ്രൻ (ബ്രാന്‍ഡ് ചാംപ്യൻ 650 ട്വിൻസ്).