ബ്രിട്ടിഷ് മോട്ടോർ െെസക്കിൾ ചരിത്രത്തിൽ നിന്നു മികവിന്റെ ഒരു താൾ കീറിയെടുത്തതു പോലെയാണ് ബോണവിൽ. ചരിത്രത്താളിൽ നിന്ന് ആധുനിക യുഗത്തിലേക്ക് ഇറങ്ങി വന്ന മോട്ടോർ െെസക്കിൾ. പഴമ പേറുന്ന ആധുനിക മോട്ടോർ െെസക്കിളുകൾ ഇന്ത്യയിൽ പുതുമയൊന്നുമല്ല. ബ്രിട്ടിഷ് പാരമ്പര്യമുള്ള റോയൽ എൻഫീൽഡ് മുതൽ ഏറ്റവും പുതുതായിറങ്ങിയ ചെക്ക് ചരിത്രശേഷിപ്പായ ജാവ വരെ ഇവിടെയുണ്ട്. എന്നാൽ ബ്രിട്ടനിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏക ക്ലാസിക് മോട്ടോർ െെസക്കിള്‍ ബോണവിൽ മാത്രം.
∙ ചരിത്രം: 1885ൽ ആരംഭിച്ച് 1983ൽ പ്രവർത്തനം നിലച്ചുപോയ ട്രയംഫ് െെസക്കിൾ കമ്പനി മികച്ച ബ്രിട്ടിഷ് മോട്ടോർ െെസക്കിളുകൾ കൊണ്ടു ലോകം കീഴടക്കി. ഖ്യാതി കടലും കടന്ന് അമേരിക്കയിലെത്തി അവിടുത്തെ വമ്പന്മാർക്കു പോലും വെല്ലുവിളിയായി. 1959ൽ അമേരിക്കയിലെ ബോണവിൽ സാൾട്ട് ഫ്ലാറ്റ്സിൽ മണിക്കൂറിൽ 311 കിലോമീറ്റർ വേഗമെടുത്ത് റെക്കോർഡിട്ട ആദ്യ ട്രയംഫിന് കമ്പനി നൽകിയത് അതേ നാമം: ബോണവിൽ. പിന്നീടിങ്ങോട്ട് ഒട്ടേറെ റേസുകളിലെ താരമായി ബോണവിൽ. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും മോഡലുകള്‍ നിരവധി വന്നുപോയെങ്കിലും ബോൺവിൽ പ്രശസ്തിക്കു മാത്രം മങ്ങലില്ല.
∙ പുതുജന്മം: പരമ്പരാഗത വാഹനനിർമാതാക്കൾ പലർക്കും പറ്റിയതു തന്നെ ട്രയംഫിനും സംഭവിച്ചു. കടക്കെണിയിൽക്കുടുങ്ങി പൂട്ടിക്കെട്ടിന്റെ വക്കിലെത്തി. 1983ൽ കോടതി റിസീവറിൽ നിന്നു പുതിയ ഉടമകൾ വാങ്ങുന്നതോടെയാണ് ചരിത്ര മോട്ടോർ െെസക്കിളുകൾ അകാലമരണത്തിൽ നിന്നു രക്ഷപെടുന്നത്. അങ്ങനെ ജീവൻ വീണ്ടെടുത്ത ബോണവിൽ ഇന്ത്യയിലേക്കും ഒാടിയെത്തി.
∙ ക്ലാസിക്: ആധുനിക ക്ലാസിക് െെബക്കാണ് ഇപ്പോൾ ഇന്ത്യയിലിറങ്ങിയ ബോണവിൽ ടി 100. സാൾട്ട് ഫ്ലാറ്റ്സിൽ പേരെഴുതിയിട്ട മുൻഗാമിയായ ടി120–യെ അനുസ്മരിപ്പിക്കുന്ന രൂപം. വെള്ളയും നീലയും നിറമുള്ള ഉരുണ്ട ഇന്ധനടാങ്കാണ് ബോണവില്ലിന്റെ മുഖമുദ്ര. ടാങ്കിൽ ക്രോമിലുള്ള ട്രയംഫ് ലോഗോ. ക്ലാസിക് മീറ്ററുകളിൽ അനലോഗ് ഡിജിറ്റല്‍ സങ്കലനം. ഇന്ധനത്തിന്റെ ഉപയോഗം, എത്ര വരെ ഒാടും, ഗിയർ പൊസിഷൻ, ട്രാക്‌ഷൻ കൺട്രോൾ നില, ക്രൂസ് കൺട്രോൾ നില എന്നിവയറിയാം. പുറമെ ഒരു ഡിജിറ്റൽ ക്ലോക്ക്.
∙ കോട്ടം വരാതെ: വട്ടത്തിലുള്ള വലിയ ഹെഡ്‍ലാംപ് ക്ലാസിക് ലുക്കിന് ഒട്ടും കോട്ടം വരുത്തുന്നില്ല. 32 സ്പോക്ക് വീലുകൾ. മനോഹരമായ ചെറിയ ഇൻഡിക്കേറ്ററുകൾ. ക്രോം ഫിനിഷിലുള്ള ട്വിൻ സൈലൻസർ പൈപ്പ്. എൻജിൻ കവറിലും പഴമയുടെ സൗന്ദര്യമുണ്ട്.
∙ ചെറുതല്ല: നിലവിലെ ബോണവിൽ സീരിസിലെ ഏറ്റവും ചെറിയ എൻജിൻ ഉപയോഗിക്കുന്ന ബൈക്കാണെങ്കിലും 900 സിസി ശേഷിയുണ്ട്. പാരലൽ ട്വിൻ എൻജിന് 54 ബിഎച്ച്പി, 80 എൻഎം ടോർക്ക്. 213 കിലോഗ്രാം ഭാരം. 150 സിസി ബൈക്ക് ഓടിക്കുന്നതുപോലെ കൈകാര്യം ചെയ്യാം. മികച്ച ത്രോട്ടിൽ റെസ്പോൺസ്.
∙ യാത്ര: വാഹനത്തിലാദ്യം കയറുമ്പോൾ തെല്ലു ഭയം തോന്നുമെങ്കിലും പോകുന്തോറും അത് ആവേശമായി മാറും. ട്രാഫിക്കിലൂടെയും ഹൈവേയിലൂടെയും എത്ര ഓടിച്ചാലും കൊതി തീരില്ല. മികച്ച ഹാൻഡ്‌ലിങ്. ദൂരയാത്രയ്ക്കു ചേർന്ന സീറ്റുകൾ. മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗം ആർജിക്കാൻ ഈ കരുത്തനു സാധിക്കും. ട്രാക്‌ഷൻ കൺട്രോൾ, എബിഎസ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുണ്ട്.
∙ വില: ഷോറൂം വില 9.02 ലക്ഷം
∙ ടെസ്റ്റ് ഡ്രൈവ്: ട്രയംഫ് കൊച്ചി 9645599922