90 കി.മീ റേഞ്ച്; വിപണി പിടിക്കുമോ ഇലക്ട്രിക് കരുത്തിൽ എത്തിയ ചേതക്
Mail This Article
ബുക്ക്ചെയ്ത് വാഹനം ലഭിക്കാൻ പത്തു വർഷത്തെ കാത്തിരിപ്പ്. വേറൊരു സ്കൂട്ടറിനു വേണ്ടിയും ജനം ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതായിരുന്നു ബജാജ് ചേതക്!. അക്കാലത്ത് സാധാരണക്കാരന്റെ കുടുംബവാഹനമായിരുന്നു ചേതക്.
ഇറ്റാലിയൻ സ്കൂട്ടർ നിർമാതാവായ വെസ്പയുടെ സാങ്കേതിക സഹകരണത്തിൽ 1972 ൽ ആണ് ബജാജ് ചേതക് സ്കൂട്ടർ വിപണിയിലെത്തുന്നത്. മറാഠാ രാജാവ് മഹാരാജ റാണാ പ്രതാപിന്റെ കുതിരയുടെ പേരായിരുന്നു ചേതക്. 1990കളോടെയാണ് ചേതക് ലഭിക്കാനുള്ള കാലതാമസവും മാറിയത്. പിന്നീട് ചേതക്കിന്റെ തേരോട്ടമായിരുന്നു. ഏകദേശം 33 വർഷം ഇന്ത്യൻ നിരത്തുകളിൽ ചേതക് രാജാവായി വാണു. ഉദാരവൽക്കരണത്തെ തുടർന്ന് വിദേശ കമ്പനികളുടെ ബൈക്കുകൾ വിപണി കീഴടക്കിയപ്പോഴാണ് ചേതക് അരങ്ങൊഴിഞ്ഞത്. ഇപ്പോഴിതാ ഇലക്ട്രിക് കരുത്തിൽ ചേതക് എത്തിയിരിക്കുന്നു. ലോഞ്ച് ചെയ്തിട്ടു നാളുകളേറെയായെങ്കിലും ഇപ്പാഴാണ് കേരള വിപണിയിൽ എത്തുന്നത്.
ഡിസൈൻ
പഴയ ചേതക്കുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒറ്റനോട്ടത്തിൽ ഇല്ല. എന്നാൽ മുൻ ഏപ്രണിന്റെ അരികിലൂടെ കൊടുത്തിരിക്കുന്ന അലുമിനിയം ഫിനിഷ് പഴയ ചേതക്കിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ആധുനിക പെട്രോൾ സ്കൂട്ടറുകളുടെ രൂപമാണ് അടിസ്ഥാനം. വെസ്പയടക്കമുള്ള ഇറ്റാലിയൻ സ്കൂട്ടറുകളുടെ ഡിസൈനോടാണ് കൂടുതൽ സാമ്യം. അതിമനോഹര ഡിസൈൻ. പ്രത്യേകിച്ച് പിൻഭാഗം. ഒറ്റപ്പീസാണ് സൈഡ് പാനലും ടെയിൽ സെക്‌ഷനും. ഗ്രാബ്റെയിലിൽ റബർ ഗ്രിപ്പുള്ള ചെറിയൊരു ഹാൻഡിലും നൽകിയിട്ടുണ്ട്. ഡിസൈനും പാർട്ടുകളുടെ കൂട്ടിച്ചേർക്കലും ഫിനിഷിങ്ങുമെല്ലാം ഉന്നത നിലവാരത്തിലാണ്.
എൽഇഡി ലൈറ്റുകളാണ്. ഹെഡ്‌ലൈറ്റിലെ ഡേ ടൈം റണ്ണിങ് ലാംപിന്റെ വെട്ടം തന്നെ കിടിലനാണ്. ഡൈനാമിക് ടേൺ ഇൻഡിക്കേറ്റർ പ്രകാശിക്കുന്നതു കാണാൻ രസമുണ്ട്. ലക്‌ഷ്വറി കാറുകളിലാണ് ഇത്തരത്തിലുള്ള ഇൻഡിക്കേറ്ററുകൾ കണ്ടിരിക്കുന്നത്. സാധാ സ്കൂട്ടറുകളുടെ അത്രതന്നെ വലുപ്പമുണ്ട്. അതുകൊണ്ടുതന്നെ വണ്ണമുള്ളവർക്കും ഉയരം കൂടിയവർക്കുമൊക്കെഇണങ്ങും. വൃത്താകൃതിയിലുള്ള ഡിജിറ്റൽ മീറ്റർ കൺസോളാണ്. സ്പീഡോമീറ്റർ, റേഞ്ച്, ബാറ്ററി ചാർജ്, ഒാഡോ മീറ്റർ, ക്ലോക്ക്, ഡ്രൈവ് മോഡ് എന്നീ വിവരങ്ങൾ ഇതിലറിയാം. മൊബൈൽ കണക്ടിവിറ്റിയുണ്ട്. എൻഡ് വെയ്റ്റോടുകൂടിയ ഹാൻഡിൽബാർ. റിയർ വ്യൂ മിററിന്റെ ലെഗ് മാത്രം നോക്കിയാൽ മതി ചേതക്കിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ. ഒാരോ ചെറിയ പാർട്ടിലും ഉന്നത നിലവാരം കാണാൻ കഴിയും. മാത്രമല്ല, അവയുടെ ഡിസൈനും ഒന്നിനൊന്നു മികച്ചത്. സീറ്റിനു മുന്നിൽ നൽകിയിരിക്കുന്ന അമർത്തിയാൽ പുറത്തേയ്ക്കു വരുന്ന ലഗേജ് ഹുക്കും മടക്കി വയ്ക്കുമ്പോൾ ഫ്ലോർ ബോർഡിനോടു ചേർന്നു നിൽക്കുന്ന പിന്നിലെ ഫുട്‌പെഗും ഉദാഹരണം. 3 കിലോ ഭാരം താങ്ങും ലഗേജ് ഹുക്ക്.
മുന്നിൽ അടച്ചുറപ്പുള്ള ഗ്ലവ് ബോക്സുണ്ട്. ഇത് തുറക്കാനും സീറ്റ് ഉയർത്താനും ഒരു സ്വിച്ചാണ് നൽകിയിരിക്കുന്നത്. ഒന്നമർത്തിയാൽ ഗ്ലവ് ബോക്സും ലോങ് പ്രസ് ചെയ്‌താൽ സീറ്റും തുറക്കും. 18 ലീറ്ററാണ് അണ്ടർ സീറ്റ് സ്റ്റോറേജ്. ഗ്ലവ് ബോക്സ് 4 ലീറ്ററും. വലത്തെ ഹാൻഡ് ഗ്രിപ്പിനോടു ചേർന്നാണ് ഈ സ്വിച്ചുള്ളത്. മുന്നിലെ സ്റ്റോറേജ് ഇടത്തിലാണ് ചാർജർ വച്ചിരിക്കുന്നത്. ചെറിയൊരു ബാഗിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഇതിനുള്ളിൽ വലത്തായി മൊബൈൽ ചാർജിങ് പോർട്ടുമുണ്ട്. വാഹനത്തിന്റെ രേഖകളും മറ്റും വയ്ക്കാനുള്ള ഇടവും ഇതിൽ ക്രമീകരിച്ചിരിക്കുന്നു.
മോട്ടർ
4.0 കിലോവാട്ട് പെർമനന്റ് മാഗ്‌നെറ്റ് സിക്രോണസ് മോട്ടറാണ് ചേതക്കിലുള്ളത്. 1950 ആർപിഎമ്മിൽ 20 എൻഎമ്മാണ് ടോർക്ക്.
ബാറ്ററി– റേഞ്ച്
െഎപി 67 നിലവാരത്തിലുള്ള ബോഷിന്റെ 50.4 വോൾട്ട്, 2.9 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ്. ഫുൾ ചാർജിൽ ഇക്കോ മോഡിൽ 90 കിലോമീറ്ററാണ് റേഞ്ച്. സ്പോർട്സ് മോഡിൽ 80 കിലോമീറ്ററും. 5 മണിക്കൂറാണ് ബാറ്ററി ഫുൾ ചാർജാകാൻ വേണ്ട സമയം. 220 വോൾട്ടിന്റെ 5 ആംപിയർ 3 പിൻ സോക്കറ്റിൽ കുത്തി ചാർജ് ചെയ്യാം വാഹനത്തിനൊപ്പമുള്ള ചാർജിങ് കേബിൾ, പിൻ അഡാപ്റ്റർ എന്നിവ കൂടാതെ ഹോം ചാർജിങ് ബോക്സും ലഭ്യമാണ്. വീടുകളിൽ കൂടുതൽ സുരക്ഷിതമായി ചാർജ് ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാം..
വാറന്റി
7 വർഷം അല്ലെങ്കിൽ എഴുപതിനായിരം കിലോമീറ്റർ ബാറ്ററിക്കു ലൈഫ് കിട്ടും എന്നു ബജാജ് പറയുന്നുണ്ട്. മോട്ടർ, ബാറ്ററി, കൺട്രോളർ എന്നിവയ്ക്ക് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയാണ് ബജാജ് നൽകുന്നത്. ടയറിന് ഒരു വർഷത്തെ വാറന്റിയുമുണ്ട്.
കറന്റ് ചാർജ്
ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ 3 യൂണിറ്റ് കറന്റാണ് വേണ്ടത്. ഒരു യൂണിറ്റിന് 6 രൂപ വച്ചു കൂട്ടിയാൽ 18 രൂപയ്ക്ക് 90 കിലോമീറ്റർ യാത്ര ചെയ്യാം. കിലോമീറ്ററിന് 20 പൈസയേ ചെലവു വരുന്നുള്ളൂ!
റൈഡ്
132 കിലോഗ്രാം ഭാരമുണ്ട്. പക്ഷേ, അതത്ര ഫീൽ ചെയ്യുന്നില്ല. വാഹനത്തിനു ഫോബ് കീയാണ്. ഇഗ്‌നീഷൻ സ്ലോട്ടില്ല. കീ പോക്കറ്റിൽ ഇട്ടാൽ മതി. സാധാരണ സ്കൂട്ടറുകളുടെ ഇഗ്‌നീഷൻ സ്ലോട്ട് നൽകുന്നിടത്താണ് ചേതക്കിൽ സ്റ്റാർട്ട്–ലോക്ക് ബട്ടണ്‍ നൽകിയിരിക്കുന്നത്. ബട്ടണിൽ ഒന്ന് അമർത്തിയാൽ വാഹനം ഒാണാകും. രണ്ടു തവണ അമർത്തിയാൽ ഒാഫാകും. ഹാൻഡിൽ ലോക്ക് ചെയ്യാൻ ഹാൻഡിൽ വശത്തേക്കാക്കി ലോങ് പ്രസ് ചെയ്താൽ മതി. വാഹനം ഒാണാക്കി ഡ്രൈവ് സ്വിച്ചിൽ അമർത്തിയാൽ ചേതക് റൈഡിനു റെഡി. വലത്തേ ഹാൻഡ് ഗ്രിപ്പിനോടു ചേർന്നാണ് ഈ സ്വിച്ചുകളെല്ലാം. റിവേഴ്സ് മോഡ് സ്വിച്ചും ഇതിനോടൊപ്പമുണ്ട്. ഇക്കോ, സ്പോർട്ട് എന്നിങ്ങനെയാണ് ഡ്രൈവ് മോഡുകൾ. ചെറു വേഗത്തിൽ ഇക്കോമോഡിലായിരിക്കും ചേതക്. ആക്സിലറേറ്റർ കൂട്ടിക്കൊടുത്താൽ പെട്ടെന്നു സ്പോർട്ട് മോഡിലേക്കു തനിയെ മാറും. വേഗം കുറയുന്നതിനനുസരിച്ച് ഇക്കോയിലേക്കും തനിയെ മാറിക്കൊള്ളും. പെട്ടെന്ന് ഒാവർടേക്ക് ചെയ്യുമ്പോൾ ഗുണകരമാണ് ഈ ഫീച്ചർ.
ഫ്ലാറ്റ് ഫുട്ബോർഡാണ്. ഉയരംഉള്ളവർക്കും കാൽമുട്ട് ഹാൻഡിലിൽ ഇടിക്കാതെ ഇരിക്കാനുള്ള ഇടമുണ്ട്. ഉയരം കുറഞ്ഞവർക്കും ഈസിയായി കാൽ നിലത്തെത്തും വിധമാണ് സീറ്റിന്റെ രൂപകൽപന. നല്ല കുഷനും ഫിനിഷുമുള്ള വലിയ സീറ്റാണ്. ട്രെയിലിങ് ലിങ്ക് സസ്പെൻഷനാണ് മുന്നിൽ. പിന്നിൽ സിംഗിൾ ഷോക്കും. പെട്രോൾ സ്കൂട്ടറുകളുടെ യാത്രാസുഖം ചേതക് നൽകുന്നുണ്ട്. വളവുകളിൽ നിയന്ത്രണമുണ്ട്. ഭാരമുള്ളതിനാൽ നല്ല സ്റ്റെബിലിറ്റിയുമുണ്ട്.
വില
1,92,850 രൂപയാണ് ചേതക്കിന്റെ കൊച്ചി എക്സ് ഷോറൂം വില. ഇതിനോടൊപ്പം റോഡ് ടാക്സും ഇൻഷുറൻസും റജിസ്ട്രേഷൻ ചാർജും സ്മാർട് കാർഡ് ചാർജും കൂട്ടി അതിൽനിന്നു സർക്കാരിന്റെ ഫെയിം 2 സബ്സിഡിയായി ₨ 43,000 കുറച്ച തുകയാണ് ₨1.65,494.
ഫൈനൽ ലാപ്
പേരിന്റെ നൊസ്റ്റാൾജിയയ്ക്കൊപ്പം ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടർ എന്ന വിശേഷണമാണ് ചേതക്കിനു ചേരുന്നത്. ഡിസൈൻ, നിർമാണ നിലവാരം, പെർഫോമൻസ് എന്നിവയിൽ ബജാജ് സ്കോർ ചെയ്യുന്നു. എല്ലാറ്റിനും ഉപരിയായി കുറഞ്ഞ റണ്ണിങ് കോസ്റ്റ് തന്നെയാണ് ഇലക്ട്രിക് ചേതക്കിന്റെ സവിശേഷത.
English Summary: Bajaj Chetak Electric Test Ride