ഭാരവും വിലയും കുറവ്; ഇതുവരെ കണ്ട ബുള്ളറ്റല്ല ഹണ്ടർ 350
Mail This Article
ഓടുന്ന വിപണിക്ക് ഒപ്പത്തിനൊപ്പം എന്നതാണ് റോയൽ എൻഫീൽഡിന്റെ ലൈൻ. കളം പിടിക്കണമെങ്കിൽ ഉപയോക്താവിന്റെ മനമറിഞ്ഞ് ഒപ്പത്തിനൊപ്പം നിൽക്കണമെന്ന് റോയൽ എൻഫീൽഡിനെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? ക്ലാസിക് ബൈക്ക് നിർമാതാക്കൾ എന്ന വിശേഷണത്തിനപ്പുറം എൻഫീൽഡ് ഉയർന്നുകഴിഞ്ഞു. മോഡലുകളുടെ വൈവിധ്യം അക്കാര്യം അടിവരയിടുന്നു.
ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും സമം ചാലിച്ചാണ് പുതിയ മോഡലുകൾ റോയൽ എൻഫീൽഡിന്റെ അയുധപ്പുരയിൽ നിന്നു പുറത്തിറങ്ങുന്നത്. ഏറ്റവും പുതിയതായി അവതരിപ്പിച്ച ഹണ്ടർ എന്ന മോഡൽ ഇക്കാര്യത്തിൽ അൽപം കൂടി മുകളിലാണ്. കാരണം, ഇതുവരെ കണ്ട എൻഫീൽഡ് മോഡലുകളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് ഹണ്ടർ 350. വിപണിയിൽ പുതിയ വേട്ടയ്ക്കെത്തിയ ഹണ്ടർ എന്ന മോഡലിന്റെ വിശദമായ ടെസ്റ്റ് റൈഡിലേക്ക്..
പുതിയ മുഖം
കായികബലവും മനക്കട്ടിയും വേണ്ടിയിരുന്നു എൻഫീൽഡിന്റെ പഴയ മോഡലുകൾ കൈകാര്യം ചെയ്യാൻ. ആഗ്രഹം മൂത്ത് ഒരെണ്ണം വാങ്ങിയിട്ട് തിരിക്കാനും വളയ്ക്കാനും പാടുപെട്ട് നിരാശയോടെ വിറ്റൊഴിവാക്കിയ ഒരുപാടു പേരുണ്ട്. ആധുനിക മോഡലുകൾ ഇക്കാര്യത്തിൽ അൽപം ആശ്വാസം നൽകിയെങ്കിലും ഉയരവും ഭാരവും കാരണം മിക്ക മോഡലുകളും ചിലർക്കെങ്കിലും ബാലികേറാമല തന്നെയായിരുന്നു. അങ്ങനെയുള്ളവർക്ക് ആശ്വാസമായാണ് ഹണ്ടർ എത്തുന്നത്. ഉയരവും ഭാരവും കുറഞ്ഞ കോംപാക്ടായ, കൈകാര്യം ചെയ്യാൻ വളരെ എളുപ്പമുള്ള മോഡൽ. റോയൽ എൻഫീൽഡ് നിരയിലെ എറ്റവും വലുപ്പം കുറഞ്ഞ മോഡൽ എന്നു നിസ്സംശയം പറയാം. 181 കിഗ്രാം ഭാരമേയുള്ളൂ. സീറ്റിന്റെ ഉയരം 790 എംഎം മാത്രം.
റെട്രോ ക്ലാസിക്
റെട്രോ ക്ലാസിക് ഡിസൈനുകളുടെ സങ്കരമാണ് ഹണ്ടർ. ട്രയംഫ് സ്ട്രീറ്റ് ട്വിൻ പോലുള്ള മോഡലുകളെ അനുസ്മരിപ്പിക്കുന്ന രൂപം. അതു തന്നെയാണ് മിക്കവരെയും ഹണ്ടറിലേക്ക് അടുപ്പിക്കുന്നതും. തനി മോഡേൺ റെട്രോ റോഡ്‌സ്റ്റെർ എന്നു വിശേഷിപ്പിക്കാം. വട്ടത്തിലുള്ള ഹെഡ്‌ലാംപ്, കണ്ണുനീർത്തുള്ളിയുെട ആകൃതിയിലുള്ള ഫ്യൂവൽ ടാങ്ക് ,ഒതുങ്ങിയ സൈഡ് പാനൽ, സിംഗിൾ സീറ്റ്, അൽപം ഉയർന്ന് ഒതുക്കമുള്ള ടെയിൽ സെക്‌ഷൻ, പിന്നിലേക്ക് ഉയർന്നു നിൽക്കുന്ന ഷോർട് സൈലൻസർ, വീതിയേറിയ പിൻടയർ എന്നിങ്ങനെ റെട്രോ റോഡ്സ്റ്റെറുകളുടെ ഡിസൈൻ സവിശേഷതകൾ ഹണ്ടറിന്റെ ഡിസൈനിൽ പ്രതിഫലിക്കുന്നുണ്ട്.
ടാങ്കിലെ കാൽമുട്ട് ഉൾക്കൊള്ളാനുള്ള കട്ടിങ് പുതുമയുണ്ട്. സ്ക്രാം 411 മോഡലിന്റെ ടാങ്കിലെ ലെറ്ററിങ്ങിനോടു സമാനമായ എഴുത്തും ഗ്രാഫിക്സും സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. സൈഡ് പാനലിന്റെ ലളിതമായ, എന്നാൽ, വളരെ മനോഹരമായ ഡിസൈനും പില്യൺ ഫുട്പെഗ്ഗിനോടു ചേർന്നുള്ള ഹീൽ റെസ്റ്റ് നൽകിയതും വളരെ മികച്ച തീരുമാനം എന്നു പറയാം. ഇല്ലെങ്കിൽ പിന്നിൽ ഇരിക്കുന്നവരുടെ ചെരിപ്പിന്റെ, ഷൂസിന്റെ ഹീൽ ഭാഗം സൈലൻസറിലായിരിക്കും മുട്ടുക.
ഹാലൊജൻ ലൈറ്റുകളാണെല്ലാം. എൽഇഡിയുടെ ആഡംബരമില്ല. വട്ടത്തിലുള്ള സിംഗിൾ പോഡ് അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളാണ്. അനലോഗിലാണ് സ്പീഡോ മീറ്റർ. ഡിജിറ്റൽ മീറ്ററിൽ ഫ്യൂവൽ ഗേജ്, ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, 2 ട്രിപ് മീറ്റർ, മറ്റു വാണിങ് ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. മീറ്റിയോറിലും ക്ലാസിക്കിലും കണ്ടിട്ടുള്ള ട്രിപ്പർ നാവിഗേഷനും ഒപ്ഷനായി ഹണ്ടറിൽ നൽകിയിട്ടുണ്ട്.
ജെ പ്ലാറ്റ്ഫോം
മീറ്റിയോർ, ക്ലാസിക് എന്നിവരുടെ അടിസ്ഥാനമായ ജെ പ്ലാറ്റ്ഫോം തന്നെയാണ് ഹണ്ടറിനും നൽകിയിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ ജന്മം കൊള്ളുന്ന മൂന്നാമത്തെ മോഡലാണിത്. ഹാൻഡ്‌ലിങ് സ്റ്റെബിലിറ്റി എന്നിവയിൽ ആ പ്ലാറ്റ്ഫോമിന്റെ മികവെത്രയെന്ന് ഇതിനോടകം തന്നെ വെളിവാക്കപ്പെട്ടതാണ്. ജെ പ്ലാറ്റ്ഫോമാണ് മൂന്നു പേരുടെയും അടിസ്ഥാനമെങ്കിലും ഹണ്ടറിൽ ഫ്രെയിമിന്റെ പിൻഭാഗം ചെറുതാണ്. മാത്രമല്ല, പുതിയ സബ്‌ഫ്രെയിമുമാണ് നൽകിയിരിക്കുന്നത്.
എൻജിൻ– റൈഡ്
മീറ്റിയോറിലും ക്ലാസിക്കിലും നൽകിയിരിക്കുന്ന അതേ എൻജിൻ തന്നെയാണിതിനും. പക്ഷേ, ട്യൂണിങ് വ്യത്യാസമുണ്ട്. പവറിലും ടോർക്കിലും മാറ്റമില്ല. ഷോർട് ത്രോയുള്ള 5 സ്പീഡ് ഗിയർബോക്സാണ്. മാറ്റങ്ങൾ കൃത്യതയുള്ളത്. ലോ എൻഡിലും മിഡ് റേഞ്ചിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന രീതിയിലാണ് എൻജിൻ ട്യൂണിങ്. നഗര യാത്രയ്ക്കും ഷോർട് ട്രിപ്പിനും ഉത്തമം. ടോപ് എൻഡ് പവർ ഡെലിവറി അത്ര കേമമെന്നു പറയാൻ കഴിയില്ല. എക്സോസ്റ്റ് നോട്ടാണ് ഹണ്ടറിന്റെ മറ്റൊരു സവിശേഷത. ഇതുവരെ കേട്ട എൻഫീൽഡ് ശബ്ദത്തിൽനിന്നു വേറിട്ടു നിൽക്കുന്ന അടിപൊളി ശബ്ദം. ഉയരം കുറഞ്ഞവർക്കും ശരീരവലുപ്പമില്ലാത്തവർക്കും സ്ത്രീകൾക്കും ഈസിയായി ഒാടിക്കാം. അത്ര വലുപ്പമേയുള്ളൂ. 181 കിലോഗ്രാം ഭാരമുണ്ടെങ്കിലും കൈകാര്യം ചെയ്യുമ്പോൾ അത്ര ഫീൽ ചെയ്യുന്നില്ല.
ക്രൂസർ ടൈപ് റൈഡിങ് പൊസിഷനല്ല. അൽപം മുന്നോട്ടാഞ്ഞിരിക്കുന്ന തരത്തിലാണ്. ഫുട് പെഗ് പിന്നോട്ടിറങ്ങിയാണ്. ഇതിനൊപ്പം വൈഡ് ഹാൻഡിൽ ബാറും ചേരുന്നതോടെ റൈഡിങ് പൊസിഷൻ സ്പോർട്ടിയാകുന്നു. മികച്ച ത്രോട്ടിൽ റെസ്പോൺസ് സവിശേഷതയായി പറയാം. ഭാരം കുറഞ്ഞത് പെർഫോമൻസിൽ പ്രതിഫലിക്കുന്നുണ്ട്. ദീർഘദൂര യാത്രയെക്കാളും ദിവസേനയുള്ള ചെറു ട്രിപ്പുകൾക്കാണ് ഹണ്ടർ ചേരുക. സിറ്റി ട്രാഫിക്കിലൂടെ കൂളായി വേഗത്തിൽ കൊണ്ടു പോകാം. വളയ്ക്കലും തിരിക്കലുമൊക്കെ മറ്റ് എൻഫീൽഡ് മോഡലുകളുമായി താരതമ്യം ചെയ്താൽ വളരെ ഈസി.
ഒറ്റയടിക്ക് 80–90 കിമീ ഒാടിച്ചിട്ടും ചെറിയ മടുപ്പു പോലും അനുഭവപ്പെട്ടില്ല. വളവും തിരിവും നിറഞ്ഞ റോഡിലൂടെയുള്ള റൈഡ് രസമാണ്. നല്ല വേഗത്തിൽ കിടത്തിയെടുത്തു പോകാം. നേർരേഖാ സ്ഥിരതയും മികച്ചത്. മികച്ച സ്റ്റെബിലിറ്റി നൽകുന്ന രീതിയിലാണ് സസ്പെൻഷൻ ട്യൂണിങ്. അൽപം ദൃഢമായ സസ്പെൻഷനാണ്. 17 ഇഞ്ച് വീലുകളാണ്. റോയൽ എൻഫീൽഡ് മോഡലുകളിൽ ആദ്യം. സിയറ്റിന്റെ വീതിയേറിയ ടയറുകൾ നല്ല ഗ്രിപ് നൽകുന്നുണ്ട്. ഇരുവീലുകളിലും ഡിസ്ക് ബ്രേക്കും ഡ്യൂവൽ ചാനൽ എബിഎസും ബ്രേക്കിങ് സുരക്ഷിതമാക്കുന്നു.
വേരിയന്റുകൾ
റെട്രോ,മെട്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളുണ്ട്. എൻട്രി ലെവൽ വേരിയന്റാണ് റെട്രോ. മെട്രോയിൽ അലോയ് വീലും റെട്രോയിൽ സ്പോക് വീലുകളുമാണ്. ടയർ സൈസിലും ഇരു മോഡലുകൾ തമ്മിൽ വ്യത്യാസമുണ്ട്. 110/80 17, 120 /80-17 ടയറുകളാണ് റെട്രോയിൽ. മെട്രോയിൽ 110/70-17, 140/70-17 ടയറുകളും. റെട്രോയിൽ പിന്നിൽ ഡ്രം ബ്രേക്കുകളാണ്. മാത്രമല്ല, സിംഗിൾ ചാനൽ എബിഎസേയുള്ളൂ. മെട്രോയിൽ ഡ്യൂവൽ ചാനലാണ്. ഇൻഡിക്കേറ്റർ, ഗ്രാബ് റെയിൽ, സ്പീഡോ മീറ്റർ എന്നിവയിലും രണ്ടു വേരിയന്റുകളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ചെറിയ ഡിജിറ്റൽ യൂണിറ്റോടു കൂടിയ മീറ്ററാണ് റെട്രോയിൽ.ഫാക്ടറി സീരീസ് എന്നു വിളിക്കുന്ന സിംഗിൾ കളർ തീമാണ് റെട്രോയ്ക്കുള്ളത്. രണ്ടു കളർ സീരീസിലാണ് മെട്രോ ലഭ്യമാകുക–ഡാപ്പർ സീരീസ്, റെബൽ സീരീസ്.
ഫൈനൽ ലാപ്
ഏതു പ്രായക്കാർക്കും ഏതു ശരീര പ്രകൃതർക്കും ഉപയോഗിക്കാൻ കഴിയുന്ന റോയൽ എൻഫീൽഡ് മോഡൽ. അതാണ് ഹണ്ടർ. ഉഗ്രൻ ഡിസൈൻ, റിഫൈൻഡ് എൻജിൻ, സ്പോർട്ടി റൈഡ്, കുറഞ്ഞ വില എന്നിവ സവിശേഷതകൾ. വെറൈറ്റിയായി കസ്റ്റമൈസ് ചെയ്യാവുന്ന ആക്സസറികൾ ഹണ്ടറിനായി ഒരുക്കിയിട്ടുണ്ട്.
English Summary: Royal Enfield Hunter 350 Test Drive