പിയാജിയോ എന്നാൽ നമുക്കു മുച്ചക്ര വാഹന നിർമാതാവാണ്. നഗരത്തിലും ഗ്രാമത്തിലും കാട്ടുമുക്കിലും വരെ കാതടപ്പിക്കുന്ന ശബ്ദത്തിൽ പായുന്ന ആപെയുടെ നിർമ്മാതാക്കൾ. എന്നാൽ ലോകത്തിലെ മുൻനിര വാഹന കമ്പനികൾ പിയാജിയോയുടെ കീഴിലാണെന്ന കാര്യം നമ്മുടെ വിപണി അറിഞ്ഞു വരുന്നതേയുള്ളൂ. പിയാജിയോയുടെ കീഴിലുള്ള വെസ്പയാണ് ആദ്യം എത്തിയത്. പിന്നാലെ അപ്രീലിയ. ഇതാ ആ നിരയിലെ കരുത്തനും വ്യത്യസ്തനുമായ മോട്ടോഗുസിയും നമ്മുടെ വിപണിയിലേക്കു കാൽകുത്തിയിരിക്കുന്നു. സൗന്ദര്യത്തിലും രൂപകൽപനയിലെ വ്യത്യസ്തകൊണ്ടും വേറിട്ടു നിൽക്കുന്ന മോട്ടോ ഗുസിയുടെ ക്രൂസർ ബൈക്കായ ഒഡാച്ചെയെ ഒന്നു പരിചയപ്പെടാം..
ഡിസൈൻ
കറുപ്പു നിറവും പുറത്തേക്കു തള്ളി നിൽക്കുന്ന എൻജിനും തടിമാടൻ ടയറുകളുമൊക്കെ ഒഡാച്ചെക്ക് ഒരു ഭീകരൻ പരിവേഷം നൽകുന്നുണ്ട്. വെള്ളി ചുറ്റുള്ള ഉരുണ്ട ഹെഡ്്‌ലൈറ്റ്, ഒറ്റ ഡയൽ ഡിജിറ്റൽ മീറ്റർ കൺസോൾ, മൾട്ടി സ്പോക്ക് അലോയ് വീൽ, വീതിയേറിയ ഒറ്റ പൈപ്പ് പോലുള്ള ഹാൻഡിൽ ബാർ, നീളമേറിയ എൽഇഡി ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ച വിലിയ പിൻ ഫെൻഡർ (മഡ്ഗാഡ്), ഇരട്ട ഷോർട് സൈലൻസർ, കാർബൺ ഫൈബറിർ നിർമ്മിച്ച മുൻ ഫെൻഡർ എല്ലാം കൗതുക കാഴ്ചകളാണ്.
എൻജിൻ
1380 സിസി 90 ഡിഗ്രി വി ട്വിൻ എൻജിനാണ്. സാധാരണ എൻജിൻ ലേ ഒൗട്ടിൽനിന്നു വ്യത്യസ്തമായി എൻജിൻ ഹെഡുകൾ ബൈക്കിന്റെ ഇരുവശങ്ങളിലേക്കും തള്ളിനിൽക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എയർ–ഓയിൽ കൂൾഡ് എൻജിനാണിത്. 6500 ആർപിഎമ്മിൽ 96 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. 3000 ആർപിഎമ്മിൽ 120 എൻഎം ടോർക്ക് ഈ എൻജിൻ ഉൽപാദിപ്പിക്കും. ട്രാൻസ്മിഷൻ ആറു സ്പീഡ്. എൻജിൻ കരുത്ത് വീലിലേക്കു പകരുന്നത് ഷാഫ്റ്റ് വഴിയാണ്.
റൈഡ്
സീറ്റിൽ ഇരുന്ന് ഒഡാച്ചെയെ സ്റ്റാൻഡിൽ നിന്നെടുക്കുമ്പോഴേ സ്വഭാവം വ്യക്തമാകും. 299 കിലോ ഭാരമുണ്ടിവന്. ഒന്നനക്കാൻ അൽപം മസിൽ പവർ വേണ്ടിവരും. രണ്ടു വശത്തേയ്ക്കും നന്നായി കുലുങ്ങി വിറച്ചാണിവൻ മുരണ്ടു തുടങ്ങുന്നത്. മാത്രമല്ല ത്രോട്ടിൽ കൊടുക്കുമ്പോൾ വലത്തേയ്ക്ക് നേരിയ തോതിൽ ചെരിയുകയും ചെയ്യും. എൻജിൻ നിർമാണത്തിലെ വ്യത്യസ്തത തന്നെ കാരണം. ഗീയർ മാറ്റി മുന്നോട്ടു നീങ്ങുമ്പോൾ സംഗതി വളരെ സിംപിൾ ആയി തോന്നും. ഉയർന്ന ആർപിഎമ്മിൽ പക്കാ റിഫൈൻഡാണ് എൻജിൻ. കുറഞ്ഞ ആർപിഎമ്മിനുള്ളിൽ തന്നെ കിട്ടുന്ന മാരക ടോർക്ക് നല്ല കുതിപ്പ് നൽകുന്നു.
റൈഡ് ബൈ വയർ സിസ്റ്റമാണ്. അതുകൊണ്ടു തന്നെ ത്രോട്ടിൽ തിരിവിനോടു തൽക്ഷണം പ്രതികരിക്കുന്നു എൻജിൻ. മൂന്നു ട്രാക്‌ഷൻ കൺട്രോളും മൂന്നു റൈഡ് മോഡുകളുമുണ്ട്ടു–റിസ്മോ, വെലോസ്, പിയാജിയ. ടൂറിങ് മോഡാണ് ടുറിസ്മോ. ഹൈവേ ക്രൂസിങ്ങിനു പറ്റിയ മോഡ്. സ്പോർട്ടി റൈഡാണു വേണ്ടതെങ്കിൽ കുതിപ്പു കൂടിയ വെലോസ് മോഡിലേയ്ക്കു മാറിയാൽ മതി. മിസൈലുപോലെ കൊണ്ടു പായും ഒഡാച്ചെ. പിയാജിയോ മോഡ് റെയിൻ മോഡാണ്. കരുത്ത് കുറച്ചു മാത്രമേ ഈ മോഡിൽ എൻജിൻ പുറത്തെടുക്കൂ. ക്രൂസ് കൺട്രോൾ സംവിധാനവുമുണ്ടിതിൽ. വലത്തേ ഹാൻഡിലിലെ സ്വിച്ചുവഴി ഇതു പ്രവർത്തിപ്പിക്കാം. 165 എംഎം ഗ്രൗണ്ട് ക്ലിയറെൻസ് ഉള്ളതിനാൽ ഹംപുകളും കുണ്ടും കുഴിയുമൊക്കെ കൂളായ തരണം ചെയ്യാം.
മുന്നോട്ടു കയറിയ ഫുഡിപെഗ്ഗും വീതിയേറിയ വലിയ സീറ്റും നല്ല ഇരിപ്പു നൽകും. ദീർഘദൂരയാത്രയിൽ സുഖകരമാണിത്. ഡ്രാഗ് ബൈക്കുകളുടേതു പോലുള്ള ഹാൻഡിൽ ബാറാണ്. സിറ്റിയിലും പെട്ടെന്നുള്ള തിരിക്കലിലുമൊക്കെ ഉയരം കുറഞ്ഞവർക്ക് ഇത് പ്രശ്നമായേക്കാം.. ഹെവി ക്ലച്ചാണ്. സിറ്റിയിൽ പാടുപെടും. നല്ല കരുത്തേറിയ എൻജിനൊപ്പം ക്ഷമതയേറിയ ബ്രേക്കു നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്കുകളാണ് ഇരുവീലുകൾക്കും നൽകിയിരിക്കുന്നത്. ട്രാക്‌ഷൻ കൺട്രോളും എബിഎസും സ്റ്റാൻഡേർഡ് സംവിധാനമാണ്.
21 ലീറ്ററാണ് ടാങ്ക് ശേഷി. ഇന്ധനക്ഷമത ലീറ്ററിനു 10-12 കിലോമീറ്റർ.
ടെസ്റ്റേഴ്സ് നോട്ട്
കരുത്തേറിയ സ്പോർട്ടിയായ ക്രൂസർ തേടുന്നവർക്കുള്ളതാണ് മോട്ടോ ഗുസി ഒഡാച്ചെ. ഒപ്പം ഇറ്റാലിയൻ സൗന്ദര്യവും നിർമാണ മികവും കൂടെപ്പോരും. കേരളത്തിൽ കൊച്ചിയിലാണ് ഏക ഷോറൂം ഉള്ളത്. വില 27 ലക്ഷം രൂപ.
ടെസ്റ്റ് ഡ്രൈവ്: ജെയ് മോട്ടോഴ്സ് മോട്ടോപ്ലക്സ്, കൊച്ചി– 9388555117