വെന്റൊയിലെ അതേ ഡീസൽ എൻജിനും സാങ്കേതികതയും ലക്ഷത്തിലധികം വിലക്കുറവുമായി അമിയോ. സ്കോഡയടക്കം എല്ലാ ഫോക്സ് വാഗൻ മധ്യനിര കാറുകളിലും കണ്ടെത്താവുന്ന അതേ 1.5 ഡീസലാണ് അമിയോയുടെ കുതിപ്പിനു പിന്നിലും.
∙ ഫോക്സ്‌വാഗൻ: പീപ്പിൾസ് കാർ എന്ന ഫോക്സ്‌വാഗൻ പേര് അന്വർത്ഥമാക്കും വിധം 6.19 ലക്ഷത്തിന് അമിയോ എന്ന—ഡീസൽ സെഡാൻ. ഡിക്കിയില്ലാത്ത കാറു പോലും ഈ വിലയ്ക്കു കിട്ടാത്ത കാലത്ത് നല്ലൊരു ഡിക്കിയും പ്രീമിയം കാറുകൾക്കൊത്ത സൗകര്യവും എല്ലാത്തിനുമുപരി ജർമൻ എൻജിനിയറിങ്ങിന്റെ പിൻബലവുമായി അമിയോ.
∙ റിച്ച്നെസ്: പൂർണമായും വെന്റൊയോടും പോളോയോടും കടപ്പെട്ടിരിക്കുന്നു. ജർമൻ കാറുകളിൽ കാണാനാവുന്ന റിച്ച്നെസ്. കറുപ്പും മങ്ങിയ ബീജും ചേർന്ന ഫിനിഷ്. എ സി വെൻറിലും ഗിയർനോബിലും ക്രോമിയം ലൈനിങ്. ഗേജുകളും മീറ്ററുകളും നിയന്ത്രണങ്ങളും മികച്ച കാഴ്ചയേകുന്നവ. എ സി നിയന്ത്രണങ്ങൾ സാധാരണ റോട്ടറി സ്വിച്ചുകൾ വഴി. ഹെഡ്‌ലാംപ് സ്വിച്ചും എല്ലാ ജർമൻ കാറുകളെയുംപോലെ ഡാഷ്ബോർഡിൽ സ്റ്റീയറിങ്ങിനു പിറകിൽ. നല്ല സപ്പോർട്ടുള്ള വലിയ സീറ്റുകൾ. ആവശ്യത്തിനു ലെഗ് റൂം. ഡിക്കിയും തീരെച്ചെറുതല്ല. സ്റ്റോറേജ് സ്ഥലങ്ങളെല്ലാം വലുതാണെന്നു കണ്ടെത്താം. ബോട്ടിൽ ഹോൾഡറിൽ ഒരു ലീറ്റർ കുപ്പികൾ കൊള്ളുമെങ്കിൽ ഗ്ലാസ് ഹോൾഡറിലും വേണമെങ്കിൽ ലീറ്റർ കുപ്പികൾ ഒതുക്കാം.
∙ പ്രീമിയം: റിവേഴ്സ് ക്യാമറ, റെയിൻ സെൻസിങ് വൈപ്പറുകൾ, പിൻ എ സി വെൻറ്, ക്രൂസ് കൺട്രോൾ, സ്റ്റിയറിങ് സ്റ്റീരിയോ നിയന്ത്രണങ്ങൾ, എ ബി എസ്, എയർ ബാഗ്. വലിയ കാറുകളിലും കാണാത്ത സൗകര്യങ്ങൾ.
∙ ഡ്രൈവിങ്: പഴയ 1.6 കോമൺ റെയിൽ നാലു സിലണ്ടർ എൻജിൻ അടുത്തയിടെ തെല്ലു ചെറുതായി 1.5 ആയി. ശക്തിയ്ക്കും പെർഫോമൻസിനും തെല്ലുമില്ല മാറ്റം. 110 ബി എച്ച് പി, 25 കെ ജി എം ടോർക്ക്. ആദ്യ ഡ്രൈവിങ് അനുഭവത്തിൽത്തന്നെ മനസ്സിലാകും ഈ എൻജിൻ മോശക്കാരനല്ലെന്ന്. ടർബോ ലാഗ് തീരെയില്ലെന്നു മാത്രമല്ല, പെട്രോൾ എൻജിനുകളുടെ നിലവാരത്തിൽ കുതിക്കാനുമാവും. ഹൈവേയിൽ 22 കിലോമീറ്റർ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.
∙ നിലവാരം: സ്റ്റീയറിങ് ഫീൽ സുഖകരം. സാധാരണ യൂറോപ്യൻ സ്റ്റീയറിങ്ങുകളുടെ കട്ടിയില്ല. എ സി വെൻറുകൾക്കും മറ്റും സ്റ്റീൽ റിങ് കാടെുത്ത് ഫിനിഷിംഗ് കൂട്ടുന്നു. സ്റ്റീരിയോ നിലവാരമുള്ളത്, സാധാരണ ഒ ഇ സ്റ്റീരിയോകളെക്കാൾ മികവുണ്ട്.
∙ യാത്രാസുഖം: പാർക്കിങ് അടക്കമുള്ള ബുദ്ധിമുട്ടുള്ള കർമങ്ങൾ നിർവഹിക്കാനാവുന്ന ഡൈനാമിക്സ് കൂടിയ വേഗത്തിലെ സ്റ്റെബിലിറ്റിയിലും കാണാം. ഏതു ഗട്ടറും വിഴുങ്ങുന്ന സസ്പെൻഷനാണ്. ഉയർന്ന വേഗത്തിലാണ് ഓട്ടമെന്നു പലപ്പോഴും തിരിച്ചറിയില്ല. റോഡ് ഹാൻഡ്‌ലിങ്ങും ഒന്നാന്തരം.
∙ എക്സ് ഷോറൂം വില 6.19 ലക്ഷത്തിൽ ആരംഭിക്കുന്നു.
∙ ടെസ്റ്റ്ഡ്രൈവ്: ഇ വി എം മോട്ടോഴ്സ് 9895764023