ഡിസയറിൽ നിന്നു സ്വിഫ്റ്റ് പോയപ്പോൾ പകരം എന്തു കിട്ടി? ഡിസയറിന് സ്വിഫ്റ്റിനെക്കാൾ ആയിരത്തിലധികം മടങ്ങ് മികവുണ്ടായി. പുതിയ മനോഹര രൂപവും ധാരാളം സവിശേഷതകളുമായി സ്വിഫ്റ്റല്ലാത്ത ഡിസയർ ടെസ്റ്റ് ഡ്രൈവിലേക്ക്.
∙ വിൽപനക്കുതിപ്പ്: മാസം ശരാശരി 16500 ഡിസയറുകൾ നിരത്തിലിറങ്ങുന്നുണ്ട്. ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപനയുള്ള കാർ. ഹാച്ച് ബാക്ക് കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്ന വിഭാഗമാണ് കോംപാക്ട് സെഡാനെന്ന ചെറു സെഡാനുകൾ. നാലു മീറ്ററിൽ താഴെയാണ് നീളമെന്നത് നികുതിയും വിലയും കുറയാൻ കാരണമാകുന്നു എന്നതു തന്നെ വിൽപനക്കുതിപ്പിനു പിന്നിൽ. ഹാച്ച് ബാക്കിൽ ഒതുങ്ങിയേക്കാമെന്നു കരുതി ഷോറൂമിലെത്തുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ മനസ്സുമറിക്കുന്ന കൊച്ചുസെ ഡാനുകൾ.
∙ സ്വിഫ്റ്റ് ഡിസയർ: ജനപ്രിയ ഹാച്ച് ബാക്ക് സ്വിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തി സ്വിഫ്റ്റ് ഡിസയർ സെഡാൻ പുറത്തിറങ്ങിയത് 2008 ലാണ്. മാരുതിയുടെ വിശ്വാസ്യതയും നിർമാണ നിലവാരവും ചുരുങ്ങിയ കാലംകൊണ്ട് ഡിസയറിനെ ജനപ്രിയമാക്കി. പൂർണ സെഡാനായി എത്തിയ ഡിസയറിന്റെ നീളം നാലുമീറ്ററിൽ താഴെ ഒതുക്കി കാംപോക്റ്റ് സെഡാൻ ആക്കിയത് രണ്ടാം തലമുറ മുതലാണ്.
∙അടിമുടി മാറി: രണ്ടാം തലമുറ ഡിസയറുമായി കാര്യമായൊന്നും മൂന്നാം തലമുറ കടം കൊള്ളുന്നില്ല. സ്വിഫ്റ്റിന്റെ സെഡാൻ തന്നെ. ഇന്ത്യയിൽ പുതുതലമുറ സ്വിഫ്റ്റ് ഇതുവരെ ഇറങ്ങാത്തതിനാലാവണം സ്വിഫ്റ്റ് നാമകരണം ഡിസയറിനു വേണ്ടെന്നു വച്ചത്. ജപ്പാനിൽ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലാണ് ഡിസയറിൽ. ഇറ്റാലിയൻ കാറുകളെ അനുസ്മരിപ്പിക്കുന്ന വലിയ ഗ്രിൽ. എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള ഹെഡ് ലാംപുകൾ വശങ്ങളിലേക്ക് ഓടിക്കയറുന്നു. വലിയ ഫോഗ് ലാംപുകൾ. മുൻവശം മനോഹരം.
∙ ഏച്ചു കെട്ടല്ല: ഏതു കാഴ്ചയിലും ഏച്ചു കെട്ടിയ സെഡാനാണെന്ന തോന്നൽ ഡിസയറിനില്ല. എല്ലാ അഴകളവുകളും കൃത്യം. ഈ രൂപഭംഗി തന്നെ പുതിയ ഡിസയറിന്റെ മുഖമുദ്ര. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. മനോഹരമായ എൽ ഇ ഡി ടെയ്ൽ ലാംപുകളും അവയെ ബന്ധിപ്പിക്കുന്ന ക്രോം ലൈനുമുള്ള പിൻവശത്തിന് സിയാസുമായി സാമ്യമുണ്ടോ എന്നൊരു സംശയം.
∙ വലിയ കാർ: അളവുകളിൽ തെല്ലു വലുതാണ് പുതിയ ഡിസയർ. നീളം 3995 മില്ലി മീറ്ററിൽ ഒതുക്കിയപ്പോൾ, വീതി 20 മി മി കൂടി 1735 ലെത്തി. പൊക്കം തെല്ലു കുറഞ്ഞു. 40 മി മി കുറഞ്ഞ് 1515 മി മി. വീൽ ബെയ്സ് കൂടുതലാണ്. 20 മി മി വർദ്ധിച്ച് 2450 മി മി ആയി. ബൂട്ട് സ്ഥലം കുറവാണ് എന്ന പരാതിക്ക് ഇനി ഇടമില്ല. 379 ലീറ്റർ ബൂട്ട്. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്ഫോമിലാണ് നിർമാണം. പെട്രോൾ മോഡലിന് 85 കിലോയും ഡീസലിന് 105 കിലോയും ഭാരം കുറവാണ്.
∙ പ്രീമിയം: സെസ്റ്റിനോടു കിടപിടിക്കുന്ന ഉൾവശം. ഡാഷ് ബോർഡിലെ തടിയുടെ ഫിനിഷുള്ള പാനലിങ്ങും വലിയ എൽഇ ഡി ഡിസ്പ്ളേയും ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങും വലിയ സീറ്റുകളും പ്രത്യേകതകൾ. ഡയലുകളും ക്ളസ്റ്ററും സ്പോർട്ടി. ബെയ്ജ്, കറുപ്പ്,ക്രോമിയം സങ്കലനമാണ് ഉള്ളിൽ.
∙ ആധുനികം: ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ സൗകര്യങ്ങളുള്ള ടച് സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം സെഡ്ഡി ഐ പ്ലസ് മാനുവൽ ഗിയർ മോഡലിലുണ്ട്. പിൻനിരസീറ്റ് യാത്രക്കാർക്കായി എസിവെന്റും ചാർജിങ് പോയിന്റും വന്നു. വീൽ ബെയ്സിൽ വന്ന വർദ്ധന പിന്നിലെ അധികസ്ഥലമായി പരിണമിച്ചു.
∙ ഡ്രൈവിങ്: ഡീസലിലും പെട്രോളിലുമുള്ള എ എം ടി മോഡലുകൾ നമ്മെ മടിയൻമാരാക്കും. സുഖമായി ലയിച്ചിരുന്നങ്ങനെ ഓടിക്കാം. ആവശ്യത്തിനു ശക്തി, സ്മൂത്ത്. എ എംടി ഗിയർ ബോക്സ് മാരുതികളിലാണ് ഏറ്റവും മികവു കാട്ടുന്നതെന്നു പറയാതെ തരമില്ല.
∙മൈലേജ് ചാംപ്യൻ: ലീറ്ററിന് 28.4 കിലോമീറ്റർ മൈലേജോടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസൽ കാറായി മാറി ഡിസയർ. ലീറ്ററിന് 22 കിലോമീ റ്ററാണ് പെട്രോൾ മോഡലിന്റെ ഇന്ധനക്ഷമത.
∙ ഓട്ടമാറ്റിക്കിന് മുൻതൂക്കം: അടിസ്ഥാന വകഭേദത്തിനൊഴിച്ച് ബാക്കി എല്ലാ മോഡലുകളും എ എം ടി ഗിയർ ബോക്സോടുകൂടിയ വകഭേദവും ലഭ്യമാണ്. മുമ്പിൽ രണ്ട് എയർബാഗുകൾ, എ ബി എസ്.
∙ വിലക്കൂടുതലില്ല: പെട്രോളിന് 5.64 ലക്ഷം മുതൽ 8.64 വരെയും ഡീസലിന് 7.10 ലക്ഷം മുതൽ 9.65 ലക്ഷം വരെ വില. പഴയ മോഡലിനെക്കാൾ അധികം കൂടുന്നില്ല.
∙ ടെസ്റ്റ്ഡ്രൈവ്: ഇൻഡസ് മോട്ടോഴ്സ്, 9847000000