മെഴ്സെഡിസ് സെഡാൻ തന്നെ വേണം. എന്നാൽ അരക്കോടിയോ അതുക്കും മേലെയോ കൊടുക്കാനും മടി.ഇതാണവസ്ഥയെങ്കിൽ ഇതാ സി എൽ ഇ. മെഴ്സെഡിസ് തുടക്കക്കാർക്കായി ഒരുക്കിയിറക്കുന്ന സെഡാൻ. വില തെല്ലു കുറവാണെന്നു കരുതി മടുക്കരുത്. കെട്ടിലും മട്ടിലും എടുപ്പിലുമൊക്കെ സി ക്ലാസിനെക്കാൾ കേമൻ. വിലയിലാണെങ്കിൽ ലക്ഷങ്ങളുടെ കുറവ്. സി എൽ എയ്ക്ക് 32 ലക്ഷത്തിൽ തുടങ്ങുമ്പോൾ സി ക്ലാസിന് 42 ലക്ഷത്തിലേ തുടങ്ങൂ. 10 ലക്ഷത്തിന്റെ കുറവല്ല 20 ലക്ഷത്തിന്റെ പൊലിപ്പാണ് സിഎൽ എ. പുതിയ സി എൽ എ ഡ്രൈവിലേക്ക്.
∙ സ്റ്റൈലൻ: സ്റ്റൈലിങ്ങിലാണ് സി എൽ എയുടെ വിജയം. യുവത്വം തുളുമ്പുന്ന നാലു ഡോർ കൂപെ. 2012 ൽ ആദ്യം പ്രദർശിക്കപ്പെട്ടപ്പോഴും ഒരു കൊല്ലം കഴിഞ്ഞ് വിപണിയിലിറങ്ങിയപ്പോഴും ലോകം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഏറ്റവും യുവത്വമുള്ള മെഴ്സെഡിസ് ഏതെന്ന ചോദ്യത്തിന് മറുപടി ഒന്നേയുള്ളൂ: സി എൽ എ.
∙ മുന്നിലാണ് ഡ്രൈവ്: മെഴ്സെഡിസിന്റെ ഉയർന്ന നിർമാണ നിലവാരവും മികച്ച ഡ്രൈവും ക്ലാസും ഒത്തുചേരുന്നമറ്റു കാറുകളില്ല. എ, ബി ക്ളാസുകളുടെ മെക്കാനിക്കൽ സൗകര്യങ്ങളും പ്ലാറ്റ്ഫോമും പങ്കിടുന്ന സി എൽ എ മുൻവീൽ ഡ്രൈവാണ്. സി ക്ലാസ് മുതൽ ഒട്ടുമിക്ക ബെൻസുകളും പിൻ വീൽ ഡ്രൈവോ ഫോർ വീൽ ഡ്രൈവോ ആണ്.
∙ വിലയേ കുറവുള്ളു: വില അൽപം കുറവാണെങ്കിലും നിലവാരത്തിൽ കുറവൊന്നുമില്ല. എൻജിനും ഗിയർ ബോക്സും മറ്റു മെക്കാനിക്കൽ സംവിധാനങ്ങളും ഉയർന്ന മെഴ്സെഡിസ് മോഡലുകൾക്കു സമം. 2015 ൽ ഇന്ത്യയിലെത്തിയ കാറിന്റെ മുഖം മിനുക്കിയ രൂപമാണ് ഇപ്പോൾ.
∙ ഭയങ്കര സ്പോർട്ടി: സ്പോർട്ടി ഡിസൈൻ ഫിലോസഫിയാണ്.ഹെഡ്‌ലാംപുകളും സ്പോർട്ടിയറായ ഗ്രില്ലും വലിയ ത്രീ പോയിന്റഡ് സ്റ്റാറും മുൻവശത്തിന്റെ മനോഹാര്യത വർദ്ധിപ്പിക്കുന്നു. ഹെഡ് ലാംപും ബമ്പറും പഴയ മോഡലിൽ നിന്നു കുറച്ചു കൂടി കാലികമായി. സ്പോർട്ടി 17 ഇഞ്ച് അലോയ് വീൽ. ഒഴുകിയിറങ്ങുന്ന കൂപെ പിൻവശമാണ് സി എൽ എയുടെ തികവ്. മസ്കുലറായ ക്യാരക്റ്റർ ലൈനുകളും ടെയിൽലാംപുകളും ബൂട്ട് ഡോറുമെല്ലാം പഴയപടി മനോഹരം.
∙ ബെൻസ് തന്നെ: ഉൾവശം ശരാശരി ബെൻസ് നിലവാരത്തിൽ; എന്നു പറഞ്ഞാൽ ഉന്നത നിലവാരം.പഴയ 7 ഇഞ്ച് സ്ക്രീനിനു പകരം8 എഞ്ച് സ്ക്രീൻ ആപ്പിൾ കാർപ്ലേയും ആൻട്രോയിഡ് ഓട്ടോയും പുതുതായെത്തി. ഇൻസ്ട്രുമെന്റ് ക്രസ്റ്ററിൽ ചെറിയ മാറ്റങ്ങൾ. ഹസാഡ് ലൈറ്റിന്റെ അടുത്താണ് സ്പോർട്സ്, കംഫർട്ട്, ഇക്കോഡ്രൈവ് മോഡുകൾക്കായുള്ള സ്വിച്ച്. എ സി വെന്റുകളും മ്യൂസിക്ക് സിറ്റവുമെല്ലാം മേൽത്തരം.
∙ സീറ്റെല്ലാം വഴങ്ങും: സ്പോർട്ടി സീറ്റുകളാണ്. നാലു സീറ്റും ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാം. സ്റ്റിയറിങ് വീൽ ടിൽറ്റ് ചെയ്യാൻ മാത്രം ഇലക്ട്രോണിക്ക് സംവിധാനമില്ല. മികച്ച യാത്രാസുഖമുള്ള സീറ്റുകളാണ് മുന്നിലും പിന്നിലും. മുൻസീറ്റുകളാണ് കൂടുതൽ സുഖകരം. യു എസ് ബി ചാർജറുകളും സ്റ്റോറേജ് ഇടവുമൊക്കെ ധാരാളം.
∙ പറക്കും: 3200 മുതൽ 4000 വരെ ആർ പി എമ്മിൽ 136 ബിഎ ച്ച് പിയും 1400 മുതൽ 3000 വരെ ആർ പി എമ്മിൽ 300 എൻഎം ടോർക്കും. 2143 സിസി ഡീസൽ എൻജിനാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററെത്താൻ വെറും 9 സെക്കന്റഡ് മതി. പരമാവധി വേഗം 220 കി മി.
∙ ഓടിക്കാൻ സുഖം: ഓട്ടമാറ്റിക് ഗീയറും പാഡിൽ ഷിഫ്റ്റ് സൗകര്യവുമൊക്കെ അനായാസ ഡ്രൈവിങ്ങ് നൽകുന്നു. എത്ര ദൂരം ഓടിച്ചാലും ക്ഷീണിക്കില്ല. മോഡുകൾ മാറിമാറിയിട്ടാൽ കുതിക്കും പറക്കും വേണമെങ്കിൽ മന്ദഗമനവും നൽകും. പാർക്ക് അസിസ്റ്റ് സൗകര്യങ്ങൾ നഗരങ്ങളിൽ അനുഗ്രഹമാണ്. ക്യാമറയേ ഉള്ളൂ ബസർ ഇല്ലെന്ന് ഓർമവേണം.ഇന്ധനക്ഷമതയിലും മികവുണ്ട്.17.9 കി മി.
∙ സ്വപ്നം കാണേണ്ട: മെഴ്സഡീസ് ബെൻസ് ഇനി സ്വപ്നം കാണേണ്ട. സി എൽ എ സ്വന്തമാക്കാൻ ഒരു ജാപ്പനീസ് മൾട്ടി പർപസ് വാഹനം വാങ്ങുന്നതിനെക്കാൾ നാലോ അഞ്ചോ ലക്ഷം കൂടുതലുണ്ടാക്കിയാൽ മതി. സ്റ്റാറായി വിലസാം.