കണ്ണുകൾക്ക് കുളിർമയായി കാതുകൾക്ക് ഇമ്പമായി ചടുലമായൊരു താളലയമായി പുതിയ സ്വിഫ്റ്റ്. ഇന്ത്യയിൽ ഇന്നു വരെയിറങ്ങിയ രണ്ടു മുൻഗാമികളെയും പിന്നിലാക്കുന്ന ചന്തവും സൗകര്യങ്ങളും ആധുനികതയും മൂന്നാം തലമുറയിൽ ഒരുമിക്കുന്നു. ശക്തിയുടെയും കുതിപ്പിന്റെയും പര്യായമായ ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സ്വിഫ്റ്റിന്റെ ആദ്യ െെഡ്രവ് അനുഭവങ്ങൾ.
∙ മൂന്നാമൻ: ഇന്ത്യയിൽ ഇപ്പോൾ വരുന്നത് മൂന്നാം തലമുറയാണെങ്കിലും സ്വിഫ്റ്റിന് രാജ്യാന്തര തലത്തിൽ ഇത് അഞ്ചാം തലമുറയാണ്. ഇതു വരെ 60 ലക്ഷം കാറുകൾ ലോക രാജ്യങ്ങളിൽ ഒാടുന്നു. ഇതിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നറിയുമ്പോൾ മനസ്സിലാകും ഇന്ത്യയിലെ വാഹനപ്രേമികളുടെ മനസ്സിൽ സ്വിഫ്റ്റിന് എത്ര വലിയ സ്ഥാനമാണെന്ന്.
∙ ഇറ്റാലിയനാണോ? ഇറ്റാലിയൻ രൂപകൽപനകളെ അനുസ്മരിപ്പിക്കുന്ന മുൻവശം നാം നേരത്തെ ഡിസയറിൽ കണ്ടു. എന്നാൽ സ്വിഫ്റ്റിൽ ഇതേ ഗ്രിൽ പുതുമയായാണ് അവതരിച്ചിരിക്കുന്നത്. ഡിസയറിൽ നിന്നു വിഭിന്നമായി ഗ്രില്ലിനു ചുറ്റുമുള്ള ക്രോം വലയം ഇല്ലാതായതാണ് പുതുമയ്ക്കു പിന്നിൽ. ഒപ്പം ചന്തമായി എൽ ഇ ഡി പ്രൊജക്ടർ ഹെഡ് ലാംപുകളും കൊത്തിവച്ചതുപോലെയുള്ള ഫോഗ് ലാംപുകളും. ചില കാഴ്ചയിൽ പഴയ മോഡലുകളുമായി സാദൃശ്യം ബാക്കി നിൽക്കുന്നത് മനപൂർവം തന്നെ. സ്വിഫ്റ്റ് സ്വഭാവം പൂർണമായും വലിച്ചെറിയാനുള്ളൊരു മടി.
∙ വലുതായി: വീൽ ബേസ് കൂടി. ഒപ്പം വീതിയും ഉയരവും. മൊത്തം നീളത്തിൽ നേരിയ കുറവുണ്ടെങ്കിലും കൂടിയ വീൽബേസ് ഉള്ളിൽ അധികസ്ഥലമായി മാറിയിട്ടുണ്ട്. വശങ്ങളിലെ മുഖ്യമാറ്റം പിൻ ഡോർ ഹാൻഡിലാണ്. പണ്ടും ചില കാറുകളിൽ കണ്ടിട്ടുള്ള, ഗ്ലാസ് ഏരിയയിലേക്ക് കയറിയ ഹാൻഡിൽ ത്രീ ഡോർ ഹാച്ച് ബാക്കിെൻറ ഒതുക്കത്തിലേക്കാണ് സ്വിഫ്റ്റിനെ കൊണ്ടുപോകുന്നത്. പ്രിസിഷൻ കട്ട് അലോയ്സ്, എൽ ഇ ഡി ടെയ് ൽ ലാംപ് എന്നിവ പുതുമകളെങ്കിൽ പഴയ സ്വിഫ്റ്റിെൻറ ട്രേഡ് മാർക്കായ പിൻവശത്തിൽ സുസുക്കി കാര്യമായി െെക വച്ചിട്ടില്ല.
∙ അഴകളവുകൾ: 4 സെ മി വീതിയും 2 സെ മി വീൽ ബേസും കൂടുതലുണ്ട്. ക്യാബിൻ ഇടം കൂടി. പിൻ ലെഗ് റൂമിൽ മാത്രം 7 സെ മി വരെ വർധന. ഹെഡ് റൂം കൂടിയത് 2.4 സെ മി. ഒതുക്കമുള്ള ഡോർ ട്രിം രൂപകൽപനയും വലുപ്പത്തിലെ നേരിയ മാറ്റങ്ങളും തെല്ലു സ്ഥലം കൂടിയാവാം എന്ന പരാതി പഴഞ്ചൊല്ലാക്കുന്നു. ഡിക്കി സ്ഥലത്തിലും വർധനയുണ്ട്.
∙ പ്രീമിയം തന്നെ: പണ്ടേ പ്രീമിയം എന്നു പറയാമായിരുന്ന ഉൾവശത്തിന് കുറച്ചു കൂടി മാന്യത കിട്ടി. കറുപ്പും സാറ്റിൻ ക്രോമും സങ്കലിക്കുന്ന ട്രിമ്മുകൾ. ക്രോമിയം വലയിതമായ മീറ്റർ കണ്‍സോളുകൾ. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ. ധാരാളം സ്റ്റോറേജ്. വലിയ സീറ്റുകളുടെ രൂപകൽപന ശരീരത്തെ പൊതിയും വിധമാണ്. എ ബി എസും എയർ ബാഗും എല്ലാ മോഡലുകൾക്കും സ്റ്റാൻഡേർഡ്.
∙ പ്രായോഗികം: പെർഫോമൻസ് കാർ എന്ന പേരു പോകാതെ പ്രായോഗികത എങ്ങനെ കൊണ്ടുവരാം എന്നതിൽ സുസുക്കി ധാരാളം സമയം ചെലവിട്ടിട്ടുണ്ട്. പഴയ സ്വിഫ്റ്റ് പെർഫോമൻസ് കാറാണെങ്കിൽ പുതിയ സ്വിഫ്റ്റും അതു തന്നെ. എന്നാൽ അതിനൊപ്പം യാത്രാസുഖവും െെകകാര്യ മികവും നഗരത്തിരക്കിലെ ഉപയോഗക്ഷമതയും കാര്യമായി വർധിച്ചിട്ടുണ്ട്. പെട്രോളിലും ഡീസലിലും ഒാട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എത്തിയെന്നതാണ് തലവേദനകളില്ലാത്ത സിറ്റി െെഡ്രിവിങ് എന്ന വിലാസം കൂടി സ്വിഫ്റ്റിനു നൽകുന്നത്.
∙ ട്യൂണിങ്: കെ 12 വി വി ടി പെട്രോൾ, ഡി ഡി െഎ എസ് 190 ഡീസൽ എൻജിനുകൾ റീ മാപ്പ് ചെയ്ത് പ്രകടനവും ഇന്ധനക്ഷമതയും ഉയർത്തി. 80 കിലോ കുറഞ്ഞതും കുതിപ്പു കൂട്ടുന്നു. കൂടിയ വേഗത്തിലും കാറിനെ വരുതിയിൽ നിർത്താൻ സഹായിക്കുന്ന സസ്പെൻഷൻ ട്യൂണിങ്. മോശം റോഡുകൾ എക്കാലത്തെയും മികവിൽ സ്വിഫ്റ്റ് തരണം ചെയ്യും. പെട്രോളും ഡീസലും സ്വിഫ്റ്റ് പാരമ്പര്യം നില നിർത്തുന്നു.
∙ ഒാട്ടമാറ്റിക്കാണു താരം: മാനുവൽ ഒാട്ടമാറ്റിക്കുകൾ ട്യൂൺ ചെയ്യുന്നതിൽ മാരുതി എതിരാളികളെക്കാൾ കാതങ്ങൾ മുന്നിലെത്തിക്കഴിഞ്ഞു. ഡീസലിലും പെട്രോളിലുമുള്ള എ എം ടി ഗീയർ ബോക്സുകൾ ആധുനിക സി വി ടി ബോക്സുകളെപ്പോലും പിന്നിലാക്കുന്നു. ഉപയോഗത്തിൽ മാനുവൽ ഷിഫ്റ്റ് കൂടിയാകാമെന്നത് വിലപ്പിടിപ്പുള്ള കാറുകളിൽ മാത്രം കണ്ടത്താനാവുന്ന ഗീയർബോക്സുകളോടു കിട പിടിക്കും. നഗര ഉപയോഗങ്ങളിൽ എ എം ടിയാണ് നല്ലത്.
∙ വേരിയൻറ് മഴ: പെട്രോളിലും ഡീസലിലുമായി 12 വേരിയൻറുകൾ. വി എക്സ് െഎ, വി ഡി െഎ, ഇസഡ് എക്സ് െഎ, ഇസഡ് വി ഡി െഎ മോഡലുകൾക്ക് മാനുവലും ഒാട്ടമാറ്റിക്കും. ഏറ്റവും കുറഞ്ഞ മോഡലുകൾക്കും ഏറ്റവും കൂടിയ പ്ളസ് മോഡലുകൾക്കും മാനുവൽ മാത്രം.
∙ വില: കാര്യമായ വർധനയുണ്ടാവാനിടയില്ല. ബേസിക് മോഡലിലും എയർ ബാഗും എ ബി എസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊണ്ടു വരുന്നതിെൻറ ചെറു വർധന പ്രതീക്ഷിക്കാം. ഫെബ്രുവരി രണ്ടാം വാരം ന്യൂ ഡൽഹി ഒാട്ടൊ എക്സ്പൊയിൽ പുറത്തിറക്കും. വില അന്നു പ്രഖ്യാപിക്കും.