അമേയ്സിങ്... പുതിയ ഹോണ്ട അമേയ്സ് കണ്ടാൽ ആരും പ്രതികരിച്ചു പോകും. സത്യത്തിൽ ഈ കാറിന് അമേയ്സുമായി പുലബന്ധം പോലുമില്ല. ആകെയുള്ള ബന്ധം പേരിൽ മാത്രം. മറ്റൊരു പേരിൽ അമേയ്സിനു മുകളിൽ ഈ കാർ ഇറക്കിയാലും തെറ്റില്ലായിരുന്നു.
∙ സിറ്റി, സിയാസ്, യാരിസ്: തൊട്ടു മുകളിൽ നിൽക്കുന്ന ഈ കാറുകളുമായാണ് അമേയ്സ് മത്സരിക്കാനൊരുങ്ങുന്നത്. നീളത്തിൽ കുറവുണ്ടെങ്കിലും ഉള്ളളവുകളിൽ ശരിയായ മധ്യനിര സെഡാനുകളോടു ഒരു െെക നോക്കാൻ അമേയ്സിനു കെൽപുണ്ട്. കാരണം ഹോണ്ടയുടെ ‘മാൻ മാക്സിമം മെഷിൻ മിനിമം’ സാങ്കേതികത. പരമാവധി സ്ഥലം ഉള്ളിലേക്ക് ആവാഹിച്ച് പുറത്ത് വലുപ്പക്കുറവു കൊണ്ടു വരുന്ന ചെപ്പടി വിദ്യ. വീൽബേയ്സിന്റെ കാര്യത്തിൽ മധ്യനിര സെഡാനുകളുമായി നേരിയ വ്യത്യാസമേയുള്ളൂ എന്നതും നേട്ടമാണ്.
∙ എസ് യു വി ചന്തം: നീളം നാലു മീറ്ററിൽത്താഴെ നിർത്താനുള്ള ശ്രമം രൂപകൽപനാ മികവായി മാറി. സാധാരണ സെഡാനുകളെപ്പോലെ താഴേക്ക് ഒഴുകിയിറങ്ങുന്ന ബോണറ്റല്ല. എസ് യു വികളെപ്പോലെ ഉയർന്നു നിൽക്കുന്ന രൂപം. ഹോണ്ട സിഗ്നേച്ചർ ക്രോമിയം ഗ്രില്‍ കൂടിച്ചേരുമ്പോൾ സംഗതി നല്ല ഭംഗിയായി. വശങ്ങളിലെ കാഴ്ചയും ചെറു സെഡാനുകളെപ്പോലെ ഏച്ചു കെട്ടലല്ല. പിൻഭാഗമാകട്ടെ സിവിക് പ്രേരിത രൂപകൽപന.
∙ സൗകര്യങ്ങൾ: ഫീച്ചറുകളുടെയും ഫിനിഷിങ്ങിന്റേയും കാര്യത്തിൽ പഴയ മോഡലുമായി സമാനതകളില്ല. കറുപ്പ്, ബെയ്ജ്, പിയാനോ ബ്ലാക് നിറസങ്കലനത്തിലുള്ള ഉൾവശം. 7 ഇഞ്ച് ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം. സ്റ്റിയറിങ് വീലും ഡാഷ്ബോർഡും അത്യാധുനികം.
പുതിയ ഗിയർനോബ് കൊള്ളാം. ധാരാളം സ്റ്റോറേജ് സ്പെയ്സ്. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി. ആദ്യ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ സീറ്റുകളുടെ നിലവാരം അനേകമടങ്ങ് ഉയരത്തിലെത്തി. എ ബി എസ്, ഇ ബി ഡി എയർബാഗ് എന്നിവ സ്റ്റാൻഡേർഡ് സൗകര്യം.
∙ െെമലേജ് 27.4 : നിലവിലുള്ള എൻജിനുകൾ തന്നെ. 1.2 ലീറ്റർ പെട്രോൾ 1.5 ഡീസൽ. പക്ഷെ കാര്യമായ പരിഷ്കാരങ്ങളുണ്ടായി. ശബ്ദവും വിറയലും കുറഞ്ഞു. പെർഫോമൻസ് ഉയർന്നു. 1.2 ലീറ്റർ പെട്രോൾ എൻജിന് 90 പി എസ് കരുത്തും 110 എൻ എം ടോർക്കും. 1.5 ലീറ്റർ ഡീസൽ മാനുവലിന് 100 പി എസ്, 200 എൻഎം ടോർക്ക്. 1.5 ലീറ്റർ ഡീസൽ ഓട്ടമാറ്റിക്കിന് 80 പി എസ്. ഇന്ധനക്ഷമത പെട്രോൾ മാനുവലിന് 19.5 കി മി. ഓട്ടമാറ്റിക്കിന് 19 കി മി. ഡീസൽ മാനുവലിന് 27.4 കി മി. ഓട്ടമാറ്റിക്കിന് 23.8 കി മി.
∙ െെഡ്രവിങ്: ഡീസൽ സി വി ടി ഒാട്ടമാറ്റിക് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ രണ്ടാമതൊന്നാലോചിക്കാനില്ല. ഹോണ്ട അമേയ്സ് തന്നെ. പലപ്പോഴും പെട്രോൾ സി വി ടിയെപ്പോലും വെല്ലുന്ന നിശ്ശബ്ദത. മാനുവൽ മോഡലിന് 20 ബി എച്ച് പി അധികമുണ്ടെങ്കിലും െെഡ്രവിങ്ങിൽ അത്രയ്ക്ക് വ്യത്യാസം പ്രകടമാകില്ല. ഒാട്ടമാറ്റിക് ഒാടിക്കുമ്പോൾ ശക്തിക്കുറവല്ല, കൂടുതലാണ് അനുഭവപ്പെടുക. പെട്രോൾ 1.2 മാനുവൽ മോഡലിന് ആവശ്യത്തിനു കരുത്തുണ്ട്. ഗിയർ റേഷ്യോയും ഷിഫ്റ്റും മികച്ചത്.
∙ വില: വില പ്രഖ്യാപനം മേയ് 16 ന് ഉണ്ടാകും. 5.8 മുതൽ 8.7 ലക്ഷം വരെയാണ് നിലവിലുള്ള മോഡലുകളുടെ വില. ഇതിൽ കാര്യമായ വർധന പ്രതീക്ഷിക്കേണ്ട എന്നനുമാനിച്ചാൽ വിലക്കുറവിെൻറ മികവ് അമേയ്സിനു ലഭിക്കും.