മുഖം മിനുക്കി സിയാസ്

മാരുതിയുടെ വിജയഗാഥയാണ് സിയാസ്. ഇതുവരെ ‌2.20 ലക്ഷം കാറുകൾ. മാരുതിയുടെ ആഡംബര മുഖം. ഇന്ത്യയിലെ നിറസാന്നിധ്യമാണെങ്കിലും സുസുക്കിയെ ആഡംബര നിർമാതാക്കളായി കാണാൻ മടിയുള്ളവർക്കുള്ള മറുപടി. നാലു കൊല്ലത്തിനു ശേഷം ഇപ്പോഴിതാ നേരിയ മുഖം മിനുക്കലുകളും പുതിയ െെഹബ്രിഡ് 1.5 പെട്രോളിെൻറ മികവുമായി സിയാസ്.

Ciaz

∙ വലുപ്പം, സൗന്ദര്യം: സുസുക്കികളിൽ ഏറ്റവും സുന്ദരവും വലുതുമാണ് സിയാസ്. ഏതു വശത്തുനിന്നുമുള്ള കാഴ്ചയിലും ഈ വലുപ്പം പ്രകടമാകും. ഉള്ളിൽക്കയറിയാലും ഡിക്കി ഉയർത്തി നോക്കിയാലും (510 ലീറ്റർ) സിയാസ് വലിയൊരു കാറു തന്നെ. എതിരാളികൾ മുട്ടു മടക്കും. അന്തസ്സുള്ള ഒരു കുടുംബ കാറിനു ചേർന്ന രൂപം. 

∙ മാറ്റങ്ങൾ: പുതിയ ഗ്രിൽ, എൽ ഇ ഡി ഹെഡ് ലാംപുകളും ടെയ്ൽ ലാംപും.  ബമ്പറുകൾക്ക് നേരിയ പരിഷ്കാരം. മനോഹരമായ വശങ്ങളും സ്പോക്കുകൾ കൂടുതലുള്ള 16 ഇഞ്ച് അലോയ് വീലും തെല്ല് ഉയർന്ന നിൽപും പെട്ടെന്നു ശ്രദ്ധേയം. മുന്നിലെ മുഖ്യ ആകർഷണം പ്രൊജക്ടർ ഹെഡ് ലാംപുകളും എടുത്തു നിൽക്കുന്ന പുതിയ ഗ്രില്ലുമാണ്. സുസുക്കി സ്വഭാവത്തിൽ നിന്നു തെല്ലു മാറി നിൽക്കുന്ന ഗ്രിൽ വാഹനത്തിന് ആഡംബര പരിവേഷം കൂട്ടുന്നു. മൊത്തത്തിൽ പ്രീമിയം.

Ciaz

∙ ഫിനിഷ്: ഉള്ളിൽ ആദ്യം ശ്രദ്ധയിൽപ്പെടുക ഡാഷ് ബോർഡിലെ തേക്ക് ഫിനിഷുള്ള ഇൻസേർട്ടുകളാണ്. സ്റ്റീരിയോയും സീറ്റുകളും കൂടുതൽ കാലികമായി.  ലെതർ സീറ്റുകൾ കാഴ്ചയിൽ മാത്രമല്ല ഇരുപ്പിനും സുഖകരം. നാവിഗേഷൻ സംവിധാനമുള്ള 7 ഇഞ്ച് ടച് സ്ക്രീൻ സ്റ്റീരിയോ. ഒന്നാന്തരം സ്റ്റീയറിങ് അന്തസ്സുള്ള കൺസോളുകൾ. ക്രോമിയം ചുറ്റുള്ള ബട്ടനുകൾ. കോ െെഡ്രവർ സീറ്റിനടിയിലുള്ള ലിതിയം അയൺ ബാറ്ററി പെട്ടെന്നു ശ്രദ്ധയിൽപ്പെട്ടേക്കില്ല. ഈ ബാറ്ററിയാണ് െെഹബ്രിഡിെൻറ ജീവൻ.

∙ എന്താണ് ഹൈബ്രിഡ്? വലിയ സാങ്കേതികതയാണ് ഹൈബ്രിഡ്. ഹൈബ്രിഡ് കാറുകൾ എൻജിൻ ശക്തിക്കു പുറമെ ഇലക്ട്രിക് ശക്തി  കൂടി ഉപയോഗിക്കുന്നവയാണ്. പലപ്പോഴും ചെറിയ ഒരു എൻജിനും കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകളും ചേർന്നാണ് പ്രവർത്തിക്കുക. ബാറ്ററിയിൽ നിന്നു ശക്തിയെടുത്ത് മോട്ടോറുകൾ ചലിക്കും. ബാറ്ററി ചാർജു ചെയ്യാനുള്ള ഊർജം എൻജിൻ നൽകും. പുറമെ ബ്രേക്ക് പിടിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ന്യൂനശക്തിയും ബാറ്ററി ചാർജിങ്ങിനായി ഉപയോഗിക്കും. മികച്ച ഒരു ഹൈബ്രിഡ് കാർ കൂടുതൽ സമയവും മോട്ടോറുകളാലാണ് ചലിക്കുന്നത്.

Ciaz

∙ എന്തിനാണ് െെഹബ്രിഡ്: ഫോസിൽ ഇന്ധനങ്ങളുടെ വില കൂടുന്നു. ലഭ്യത കുറയുന്നു. പരിസ്ഥിതി മലിനീകരണത്തിനും ഇവ ഭീഷണി തന്നെ. ലോകത്തെല്ലായിടത്തും ഇലക്ട്രിക് െെഹബ്രിഡ് കാറുകളെക്കുറിച്ചു കാര്യമായ ഗവേഷണങ്ങൾ നടക്കുന്നത് ഈ സാഹചര്യത്തിലാണ്. അഞ്ചു വർഷത്തിനകം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ രംഗത്തേക്കുള്ള സുസുക്കിയുടെ ചെറിയൊരു കാൽവയ്പാണ് സിയാസ്.

∙ സിയാസ് ഹൈബ്രിഡ്: ‍ പൂർണ ഹൈബ്രിഡ് കാറല്ല സിയാസ്. ലൈറ്റ് ഹൈബ്രിഡ് എന്നു വിശേഷിപ്പിക്കാം. ഇതിലെ പ്രധാന ഘടകം ഒരു സ്റ്റാർട്ട് സ്റ്റോപ് സംവിധാനമാണ്. വാഹനം ചലനമില്ലാതെ കിടന്നാൽ എൻജിൻ പ്രവർത്തനം അവസാനിപ്പിക്കും. ക്ലച്ചിൽ കാലമർത്തിയാൽ എൻജിൻ വീണ്ടും പ്രവർത്തനം തുടങ്ങും. രണ്ടാമതു സംവിധാനം ബ്രേക്ക് ശക്തി ഇലക്ട്രിക്കൽ ശക്തിയാക്കുന്നതാണ്. ഇതിനായാണ് സീറ്റിനടിയിലെ അധിക ബാറ്ററി. 30 കിലോമീറ്ററിനു മുകളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഈ സംവിധാനം പ്രവർത്തനക്ഷമമാകൂ. എൻജിൻ പവർ അസിസ്റ്റ് എന്നൊരു കാര്യം കൂടിയുണ്ട്. ഒരു മോട്ടോർ പോലെ ഈ സംവിധാനം എൻജിന് ഓട്ടത്തിൽ അധികശക്തി നൽകും.

∙ പെട്രോളിലും? പുതിയ 1.5 ലീറ്റർ പെട്രോളിന് 105 ബി എച്ച് പി. 22 കി മി ഇന്ധനക്ഷമതയുണ്ട്. താരതമ്യേന കുറഞ്ഞ എൻജിൻ കറക്കത്തിൽ ലഭിക്കുന്ന ശക്തി ശ്രദ്ധേയം. ഏതാണ്ട് എല്ലാ അവസരത്തിലും സുഖമായി ലഭിക്കുന്ന ശക്തി. ഗീയർ, സ്റ്റീയറിങ്, ബ്രേക്കിങ് എല്ലാം സുഖകരം. ഹാൻഡ് ലിങ് ഈ വിഭാഗത്തിലെ ഏതു കാറിലും ഒരു പടി മുന്നിൽ നിൽക്കും. ആകെയുള്ള മാറ്റം സിഗ്നലുകളിലും മറ്റും നിൽക്കുമ്പോൾ എൻജിനും നിലയ്ക്കും എന്നതു മാത്രം. മാനുവൽ ഒാട്ടമാറ്റിക് മോഡലുകളുണ്ട്.

∙ വിലയിൽ മാറ്റമില്ല.