വേഗത്തിനും മികവിനും മാത്രമായൊരു ടാറ്റ. അതാണു ടിയാഗോ ജെടിപി. കടുംചുവപ്പു നിറമുള്ള ജെടിപി ബാഡ്ജിങ് ടിയാഗോക്കു പിന്നിൽ കണ്ടാൽ വിട്ടേക്കൂ, മത്സരം വേണ്ട. വേഗത്തിലും പെർഫോമൻസിലും ടിയാഗോയേ ജയിക്കൂ. ടിഗോറിനുമുണ്ട് ജെടിപി രൂപാന്തരം.
∙ വലിയ മാറ്റം: എൻജിൻ ശക്തിയിൽ 30 ബിഎച്ച്പി അധികമെത്തുന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഒരു ചെറിയ ഹാച്ച്ബാക്കിൽ. ടോർക്കിലും ഗണ്യമായ വർധനവുണ്ടായി– 150 എൻഎം വരെയെത്തി. ഗിയർ റേഷ്യോയിലെ ചെറിയ മാറ്റങ്ങൾ പിക്കപ്പിലും മിഡ് റേഞ്ച് പെർഫോമൻസിലും വൻ മാറ്റങ്ങളാണുണ്ടാക്കിയത്. സ്പോർട്സ് കാർ പെർഫോമൻസ്– പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 10 സെക്കൻഡ് മതി.
∙ മാറ്റമില്ല: എന്നാൽ എൻജിനിലോ ഗിയർബോക്സിലോ വൻ മാറ്റങ്ങളില്ലാതെയാണ് ടാറ്റ പെർഫോമൻസ് ഉയർത്തിയത്. വർഷങ്ങളായി പെർഫോമൻസ് ട്യൂണിങ്ങിൽ പ്രവർത്തിക്കുന്ന ജെയെം ഒാട്ടോയും ടാറ്റയും സംയുക്തമായി നിലവിലുള്ള എൻജിനിൽ പരിഷ്കാരങ്ങൾ വരുത്തിയിരിക്കുകയാണ്. സസ്പെൻഷൻ സംവിധാനത്തിലും പരിഷ്കാരങ്ങളുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞു, വീലുകൾക്കു വീതിയും വലുപ്പവും കൂടി.
∙ ത്രസിപ്പിക്കും: റേസിങ് കാർ അനുഭവം റോഡ് കാറിൽ കൊണ്ടുവരുന്നതിൽ ടാറ്റ വിജയിച്ചു. മികച്ച നിയന്ത്രണവും കാലു കൊടുക്കുമ്പോൾ പായുന്ന എൻജിനും ഉയർന്ന ടോർക്കും ആരെയും ത്രസിപ്പിക്കും. ഡ്യുവൽ എക്സോസ്റ്റ് നാദം കാതുകളിലൂടെ റേസിങ് ജ്വരം െെഡ്രവിങ്ങിലേക്കു പടർത്തും.
∙ പുറത്ത്: ശക്തിക്കൊത്ത മാറ്റങ്ങൾ പുറംമോടിയിലുമുണ്ട്. മുൻവശത്തുണ്ടായ ചെറിയ മാറ്റങ്ങളിൽ മുഖ്യം വലിയ ട്രാപ്സോയിഡൽ ലോവർ ഗ്രിൽ, ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാംപ്, ബോണറ്റ്, ഫെൻഡർ വെന്റ് എന്നിവയാണ്. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്സ്. െെസഡ് സ്കർട്ടിങ്ങുകളും ബോണറ്റിലെ എയർ സ്കൂപ്പും കറുത്ത റൂഫും സ്പോയ്ലറും സ്പോർടി രൂപം പൂർത്തിയാക്കുന്നു.
∙ രണ്ടു നിറം: രണ്ടു നിറങ്ങളിലേ ജെടിപിയെ കാണാൻ സാധിക്കൂ–ബെറി റെഡ്, പേൾ െെവറ്റ്. ഉള്ളിലെ മുഖ്യമാറ്റം പുതിയ സീറ്റ് ഫാബ്രിക് തന്നെ. ചുവപ്പും കറുപ്പും ചേർന്ന മനോഹരമായ സീറ്റ് രൂപകൽപന. റേസിങ് പെഡലുകളാണു മറ്റൊരു മാറ്റം.
∙ കണക്ട് നെക്സ്റ്റ്: ഹാർമൻ 8 സ്പീക്കർ സിസ്റ്റം, ആപ് സ്വീറ്റ്, വോയ്സ് കമാൻഡ് തുടങ്ങിയ സംവിധാനങ്ങളൊക്കെ നിലനിർത്തിയിരിക്കുന്നു. ഒാഡിയോ മികവ് അനുഭവിച്ചു തന്നെ അറിയണം. വലിയ ടച്ച് സ്ക്രീൻ.
∙ സുരക്ഷിതം: എബിഎസ്, ഇബിഡി, എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉയർന്ന മോഡലുകൾക്ക്. 15 ഇഞ്ച് അലോയ് വീലുകൾ. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, ഇന്റലിജന്റ് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് സംവിധാനം.
∙ മൾട്ടി ഡ്രൈവ്: സൂപ്പർ ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്കു മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. സിറ്റി മോഡിൽ ഗിയർമാറ്റം പോലും കുറച്ചു മതി. ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ ഡ്രൈവർക്ക് സഹായകമാകും.
∙ വില: ടിയാഗോ 6.52 ലക്ഷം രൂപ, ടിഗോർ 7.67 ലക്ഷം.
∙ ടെസ്റ്റ് െെഡ്രവ്: മലയാളം ടാറ്റ, 7511100419