ആഡംബരം നിറച്ച് പസാറ്റ്
ഫോക്സ്വാഗന്റെ ഇന്ത്യൻ നിരയിലെ ആഡംബര വാഹനങ്ങളിലൊന്നാണ് പസാറ്റ്. 2014 ൽ വിപണിയിൽ നിന്ന് പിൻവലിച്ച കാർ രണ്ടാം അങ്കത്തിനെത്തിയത് 2017 ലാണ്. രൂപത്തിലും ഉപയോഗത്തിലും ചുറുചുറുക്കിന്റെ പ്രതീകമാണ് പുതിയ പസാറ്റ്. ഒഴുകിയിറങ്ങുന്ന മനോഹരമായ സ്പോർട്ടി രൂപവും കുതിക്കുന്ന പ്രകടനവും നൽകുന്ന പസാറ്റിന്റെ െെഡ്രവ് റിപ്പോർട്ട്.
ലോകത്ത് പല വിപണികളിലും ഇറങ്ങി മൂന്നു വർഷം കഴിഞ്ഞാണ് പസാറ്റിന്റെ എട്ടാം തലമുറ ഇന്ത്യയിലെത്തുന്നത്. ഫോക്സ്‍വാഗൻ എം ക്യു ബിയാണ് പസാറ്റിന്റെയും അടിസ്ഥാനം. ഗാംഭീര്യം തുളുമ്പുന്ന രൂപമാണ് പസാറ്റിന്. ഒറ്റ പാനൽ പോലെ തോന്നിക്കുന്ന ഹെഡ്‌ലൈറ്റും ഗ്രില്ലുമാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. എൽ ഇ ഡി ഹെഡ്‌ലാംപുകളും ഡേ െെടം റണ്ണിങ് ലാംപുകളുമുണ്ട്. കൂപെകളെ അനുസ്മരിപ്പിക്കുന്ന റൂഫ് ലൈനും ഷോൾഡർ ലൈനുകളും ശരിയായ ആഡംബര കാർ ഫീൽ നിൽകുന്നു. ടെയിൽ ലാംപുകളും എൽ ഇ ഡി തന്നെ.
അത്യാഡംബര കാറുകളിൽ കാണുന്ന പാർക്ക് അസിസ്റ്റ്, നാലു വശവും വൃത്തിയായി കാണാനാകുന്ന 360 ഏരിയ വ്യൂ ക്യാമറ എന്നിവ പസാറ്റിന്റെ പ്രത്യേകതയാണ്. കറുപ്പ് നിറമാണ് ആഡംബരം നിറഞ്ഞ അകത്തളത്തിന്. വുഡ് ഫിനിഷും സിൽവർ ഇൻസേർട്ടുകളും ഭംഗി കൂട്ടുന്നു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന ഗ്രില്ലിനുള്ളിലാണ് എ സി വെൻറുകൾ. മുന്നിലെ രണ്ടു യാത്രക്കാർക്കും ആവശ്യമുള്ള രീതിയിൽ ക്രമീകരിക്കാവുന്ന ഡ്യുവൽ എ സി. മനോഹരമാണ് സ്റ്റിയറിങ് വീൽ. ഡോർ ഹാൻഡിലും വിന്‍ഡോ സ്വിച്ചുകളും മികച്ചതു തന്നെ. കൂടാതെ പനോരമിക് സൺറൂഫുമുണ്ട്.
മുൻ സീറ്റുകൾ ഇലക്ട്രിക് സ്വിച്ച് വഴി ക്രമീകരിക്കാവുന്നതാണ് . ഡ്രൈവർ സീറ്റിന് മെമ്മറി, മസാജ് സൗകര്യങ്ങൾ. വലിയ പിൻ സീറ്റുകളാണ് പസാറ്റിന്റേത്. മൂന്നു സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച് സ്കീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും മികച്ചതാണ്. ഇതേ സ്ക്രീനിൽ 360 ഡിഗ്രി ക്യാമറ ദൃശ്യങ്ങളും കാണാം. 9 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും വാഹനത്തിനുണ്ട്.
രണ്ടു ലീറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനാണ് പസാറ്റിന്റേത്. 177 പിഎസ് കരുത്തും 350 എൻ എം ടോർക്കും ഇൗ എൻജിൻ നൽകും. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്‍മിഷന്‍ മികച്ച പവർ ഡെലിവറി നൽകും. പാഡിൽ ഷിഫ്റ്റ് ഉള്ളതിനാൽ മാനുവൽ മോഡിലും വേണമെങ്കിൽ െെഡ്രവിങ് പരീക്ഷിക്കാം.
െെഡ്രവിങ് ആസ്വദിക്കുന്നവർക്കുംള്ള കാറാണ് പസാറ്റ്. ഡിഎസ്ജി ഗിയർബോക്സിന്റെ രസം ഹൈവേ യാത്രകളിൽ പൂർണ്ണമായും ലഭിക്കും. വലിയ വാഹനമാണെങ്കിലും ഓടിച്ചുകൊണ്ടു പോകാൻ ബുദ്ധിമുട്ടില്ല. അത്യാഡംബര സൗകര്യങ്ങളും മികച്ച എൻജിനും ഡ്രൈവിങ് സുഖവുമെല്ലാം ഒത്തു ചേർന്ന പസാറ്റ് ഫോക്സ്‍വാഗന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണെന്ന് നിസംശയം പറയാം.