ജയ്സാൽമിർ–ലോംഗോവാൾ പാത(ഇടത്). അമേരിക്കയിെല ഊട്ടയിലെ റൂട്ട് 50 (വലത്ത്)

ടാറ്റയുടെ സൂപ്പർ പ്രീമിയം ഹാച്ച് ആൽട്രോസ്. ഇന്ത്യക്കായല്ല, ലോകത്തിനായി ജനിച്ച കാർ. ജനീവ ഒാട്ടോ ഷോയിൽ തരംഗം തീർത്ത പ്രോട്ടൊടൈപ് ഇന്നിപ്പോൾ രാജസ്ഥാനിലെ ജയ്സാൽമിറിൽ നിരത്തു നിറഞ്ഞോടാനെത്തി. കൊട്ടാരങ്ങളുടെ നഗരത്തിൽനിന്ന് മരുപ്പാതകളിലൂടെ പാക്കിസ്ഥാൻ അതിർത്തിയിലെ ലോംഗോവാൾ വരെ 130 കിലോമീറ്റർ. കടും ചുവപ്പ് ഡീസൽ മോഡലിൽ അങ്ങോട്ട്, മടക്കം സുവർണ നിറമുള്ള െപട്രോളിൽ.

ലോംഗോവാൾ

∙ ഇത് ഇന്ത്യ: അമേരിക്കയിലെ ഊട്ടയിലെ റൂട്ട് 50 നെ അനുസ്മരിപ്പിക്കുന്ന പാത. ബോർഡർ റോഡ്സ് ഒാർഗനൈസേഷൻ നന്നായി പരിപാലിക്കുന്ന, സിഗ്നലുകളും വരകളും വൃത്തിയായി അതിരുകൾ തിരിക്കുന്ന റോഡിന് ഇരുവശവും കുറ്റിച്ചെടികളും മണൽക്കൂനകളും. ഇടയ്ക്കിടെ ഉയർന്നും താഴ്ന്നും പോകുന്ന റോഡ് കാഴ്ചയിൽ ഊട്ട മരുഭൂമിയിലെ റൂട്ട് 50 തന്നെ. അവിടുത്തെപ്പോലെ തന്നെ തിരക്കില്ല, ആളനക്കമില്ല, ജനപഥങ്ങളില്ല. ഇടയ്ക്കിടയ്ക്ക് പാക്ക് അതിര്‍ത്തി പോസ്റ്റുകളിലേക്ക് പോകുന്ന പട്ടാള വാഹനങ്ങൾ. ആൽട്രോസ് പാഞ്ഞു. 120 നു താഴേക്ക് സ്പീഡോ താണതേയില്ല.

റുമേനിയക്കാരായ ആൻഡ്രാ ഗുടുയിക്കും മാർസെല സാർമസാനും

∙ യുദ്ധസ്മരണ: 1971 ലെ ഇന്തോ പാക്ക് യുദ്ധകാലത്തിന്റെ സ്മരണയാണ് ലോംഗോവാല. ബംഗ്ലദേശിൽ പാക്കിസ്ഥാൻ നാണം കെട്ട് അടിയറവു പറഞ്ഞതിന്റെ കേടു തീർക്കാൻ ഏതോ ഭ്രാന്തൻ പാക്കിസ്ഥാനി ജനറലിന് തോന്നിയ കെടു ബുദ്ധി. വലിയൊരു ടാങ്ക് പടയുമായി രാത്രി ഇന്ത്യൻ അതിർത്തി ഭേദിച്ചു കടന്ന് അക്രമം. പ്രാതൽ ജയ്സാൽമീറിൽ, ഉച്ചയൂണ് ജയ്പുരിൽ, അത്താഴം ന്യൂഡൽഹിയിൽ എന്നു കരുതിയെത്തിയ ടാങ്ക് ബ്രിഗേഡ് അതിർത്തിക്ക് 12 കിലോമീറ്റർ ഉള്ളിൽ ലോംഗോവാളിൽ ഇന്ത്യയുടെ ചെറിയൊരു കമ്പനിയുടെയും ബിഎസ്എഫിന്റെയും എയർഫോഴ്സിന്റെയും മികവിൽ തകർന്നു തീപിടിച്ചു നശിച്ചു. ഇന്ത്യയുടെ ആവേശമായ ലോംഗോവാളിലേക്ക് ടാറ്റയുടെ രാജ്യാന്തര പ്രതീക്ഷയായ ആൽട്രോസിൽ.

ടാറ്റ ആൽട്രോസ്

∙ റുമേനിയൻ കണക്‌ഷൻ: ആൽബട്രോസ് പക്ഷിയിൽ നിന്നാണ് പ്രചോദനം. കിലോമീറ്ററുകളോളം തളരാതെ, നിർത്താതെ പറക്കാനാവുന്ന ആൽബട്രോസിനെപ്പോലെ ഒരു ടാറ്റ. റുമേനിയക്കാരായ ആൻഡ്രാ ഗുടുയിക്കും മാർസെല സാർമസാനും അഭിമാനിക്കാം. ആൽട്രോസ് എന്നു നാമകരണം നടത്തിയത് ഇവരുടെ ഉടമസ്ഥതയിലുള്ള നംസ്യ എന്ന സ്ഥാപനം. ആ വകയിൽ ആൽട്രോസിന് ഒരു റുമേനിയൻ കണക്‌ഷൻ.

ടാറ്റ ആൽട്രോസ്

∙ ജനീവ, ന്യൂഡൽഹി വഴി ജയ്സാൽമിർ: ഒരുപാട് കാലത്തെ കാത്തിരിപ്പാണ് ആൽട്രോസ്. 2018–ലെ ന്യൂഡൽഹി ഒാട്ടോ എക്സ്പോയിലും ജനീവ ഓട്ടോഷോയിലുമാണ് ആദ്യ രൂപം പ്രദർശിപ്പിക്കപ്പെട്ടത്. 90 ഡിഗ്രിയിൽ തുറക്കുന്ന ഡോറിലൂടെ മെഴ്സിഡീസ് എ ക്ലാസിനു സമാനമായ ഡാഷ് ബോർഡും കൺസോളുകളും ഉൾവശവുമുള്ള ആൽട്രോസിലേക്കു കടന്ന് ഇഗ്നിഷൻ സ്വിച്ചമർത്തി.

ടാറ്റ ആൽട്രോസ്

∙ കൊല്ലുന്ന ഡിസൈൻ: കണ്ടാൽ കണ്ണെടുക്കില്ല. ടിയാഗോയോട് സാമ്യം തോന്നിക്കുന്ന, വലുപ്പം കൂടിയ ഗ്രിൽ. ഗ്രില്ലിനു മുകളിൽ പിയാനോ ബ്ലാക് ഫിനിഷും താഴെ ക്രോം ഫിനിഷും. വലിയ പ്രൊജക്ടർ ഹെഡ്‌ലാംപുകൾ ഗ്രില്ലിനോട് ചേർന്നു പോകുന്നു. അതിനു താഴെ ഫോഗ് ലാംപുകളും ഡേ െെടം റണ്ണിങ് ലാപും. വലുപ്പം തോന്നിക്കാത്ത ബോണറ്റും വലിയ ഗ്ലാസ് ഏരിയയുമാണ്. മൊത്തത്തിൽ സ്പോർട്ടി.

ടാറ്റ ആൽട്രോസ്

∙ തീരുന്നില്ല വിശേഷം: മസ്കുലർ വീൽ ആർച്ചുകൾക്കുള്ളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. സ്വിഫ്റ്റിനു സമാനം പിൻ ഡോറുകള്‍ തുറക്കുന്നത് മുകളിൽ നിന്ന്. പിയാനോ ബ്ലാക് ഫിനിഷുള്ള പിൻഭാഗം ആൽട്രോസിനെ തികച്ചും വ്യത്യസ്തനാക്കുന്നു. ആൽട്രോസ് എന്ന് എഴുത്തും ടെയിൽ ലാംപുമെല്ലാം ഒറ്റ കൺസോളിൽ മനോഹരമായി ഉൾക്കൊള്ളുന്നു.

ടാറ്റ ആൽട്രോസ്

∙ കയറാം, ഇറങ്ങാം: അനായാസം കയറി ഇറങ്ങാനാവുന്ന, 90 ഡിഗ്രി തുറക്കുന്ന ഡോറുകൾ. ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ. അനലോഗ് ഡിജിറ്റൽ സങ്കലനമാണ് മീറ്റർ കൺസോള്‍. 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ. മീഡിയ കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയുടെ സ്വിച്ചുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ. നാലു സ്പീക്കറും രണ്ട് ട്വീറ്ററുമുള്ള ഹർമൻ മ്യൂസിക്ക് സിസ്റ്റവും.

ടാറ്റ ആൽട്രോസ്

∙ കുടയും വടിയും: ചെറിയ കാര്യങ്ങളിലുള്ള ടാറ്റയുടെ ശ്രദ്ധ. കൂൾ‍ഡ് ഗ്ലൗ ബോക്സ്, ആം റസ്റ്റിന് താഴെയുള്ള സ്റ്റോറേജ് തുടങ്ങി ഡോർ പാ‍ഡിൽ കുട വെയ്ക്കാനുള്ള സൗകര്യം വരെയുണ്ട്. മികച്ച ഹെ‍ഡ്‌റൂം. പിന്നിലേക്ക് എത്തിയാൽ മൂന്നു പേർക്കു സുഖമായി ഇരിക്കാം. എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റും പിറകിലുമുണ്ട്.

ടാറ്റ ആൽട്രോസ്

∙ ആധുനികം: ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ‍ഡീസൽ എൻജിനുകളാണ്. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്ക്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.

ടാറ്റ ആൽട്രോസ്

∙ രണ്ടും കൊള്ളാം: പെട്രോളിലും ഡീസലിലും മികച്ച െെഡ്രവിങ്. പെട്രോൾ എൻജിൻ ടിയാഗോയിൽ നിന്നു വന്നതല്ലേ എന്നു കുറയ്ക്കുന്നവർക്ക് ടാറ്റയുടെ മറുപടി െെഡ്രവിങ്ങിൽ പിടി കിട്ടും. ശബ്ദവും വിറയലുമില്ലാതെ പായുന്ന പെട്രോൾ. 1.5 ഡീസലും മികവിന്റെ പര്യായം. കോർണറിങ്ങും ബ്രേക്കിങ്ങുമെല്ലാം മികച്ചതാണ്. റസ്പോണ്‍സീവ് സ്റ്റിയറിങ് വീൽ ഡ്രൈവിങ് ഹരം കൂട്ടും. വേഗം കൂടിയാലും മികച്ച സ്റ്റെബിലിറ്റിയുണ്ട്. ഗിയർ ലിവറിന്റെ പൊസിഷനും സ്ലൈഡ് ചെയ്യാവുന്ന ആം റസ്റ്റുമൊക്കെ സുഖകരം. മോശം റോഡുകളിലും മികച്ച യാത്രാസുഖം നൽകുന്ന സസ്പെൻഷനാണ്

∙ ഗാഡ്ജെറ്റ്സ്: വാച്ചുപോലെ കൈയിൽ കെട്ടുന്ന സ്മാർട്ട് കീ, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാംപ് തുടങ്ങി ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത സൗകര്യങ്ങൾ. യൂറോപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന മോഡലായതിനാൽ ഇലക്ട്രിക് െവർഷനും ഭാവിയിൽ വരും.

∙ വില: പ്രഖ്യാപനത്തിനായി കാത്തിരിക്കാം. 5 ലക്ഷത്തിൽ വില തുടങ്ങിയാൽ ആൽട്രോസ് ഇൻസ്റ്റന്റ് ഹിറ്റ്.