ഹോണ്ട സിറ്റിയുടെ കാര്യങ്ങളെല്ലാം ചിട്ടപ്പടിയാണ്. എല്ലാ അഞ്ചു കൊല്ലത്തിലും പുതിയ മോഡൽ ഇറങ്ങും. രണ്ടരക്കൊല്ലത്തിലൊരിക്കൽ രൂപത്തിലും സൗകര്യങ്ങളിലും കാലികമായ മാറ്റങ്ങളുണ്ടാകും. എത്ര പഴയ കാറായാലും ഏതെങ്കിലും ഘടകങ്ങൾക്ക് എന്തെങ്കിലും നിർമാണപ്പിഴവുണ്ടെങ്കിൽ കമ്പനി മുൻകൈയ്യെടുത്ത് മാറ്റിക്കൊടുക്കും. എല്ലാം കിറു കൃത്യം.
∙ പാട്ടു നിർത്തി: സ്വരം നന്നായിരിക്കേ പാട്ടു നിർത്തുന്ന പരിപാടി ജപ്പാൻകാരാണു കണ്ടു പിടിച്ചതെന്നു തോന്നുന്നു. ക്വാളിസ് തിളങ്ങിനിൽക്കേ പിൻവലിച്ച് ഇന്നോവ ഇറക്കി. സിറ്റി ഫ്യൂച്ചറിസ്റ്റിക് ആണെന്നു മനസ്സിലാക്കി വന്നപ്പോഴേക്കും പിൻവലിച്ച് പുതിയ സിറ്റി വന്നു. കൃത്യം അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അടുത്ത മോഡൽ. രണ്ടരക്കൊല്ലം തികഞ്ഞ ഇപ്പോൾ രൂപമാറ്റം.
∙ പുതിയ സിറ്റി: 2014 ൽ പുതു രൂപമായി ഇറങ്ങിയ സിറ്റി ഇതു വരെ 2.4 ലക്ഷം എണ്ണം വിറ്റു. മാരുതി സിയാസ്, ഉടൻ എത്തുന്ന ഹ്യുണ്ടേയ് വെർന എന്നിവയിൽ നിന്നുള്ള ഭീഷണി കൂടി നേരിടാനാണ് പുതിയ സിറ്റി.
∙ പഴയ സിറ്റികളിലൂടെ: എൺപതുകളുടെ ആദ്യം ജപ്പാനിലും മറ്റു പലേടത്തും ഉണ്ടായ പ്രഥമ സിറ്റി കണ്ടാൽ കഷ്ടം തോന്നും. അന്നത്തെ മാരുതി 800 നൊപ്പം വലുപ്പമുള്ള ഒരു കൊച്ചു ഹാച്ച്. ഒരു ജന്മം കൂടിയേ സിറ്റി കുഞ്ഞായിരുന്നുള്ളൂ. മൂന്നാം തലമുറ 1996 ൽ ഇറങ്ങിയതോടെ സിറ്റി ക്രമാതീതമായി വലുതായി. അന്നു തൊട്ടു നമുക്കു പരിചിതവുമായി. നാം ആദ്യം കാണുന്ന സിറ്റി മൂന്നാം തലമുറ സിറ്റിയാണ്. ഇന്ത്യയിൽ ഇറങ്ങിയ ആദ്യ മോഡൽ. ആറാം തലമുറയാണിപ്പോൾ ഓട്ടത്തിൽ.
∙ സിവിക് സെൻസ്: പുതിയ രൂപമാറ്റങ്ങൾ സിറ്റിക്ക് സിവിക്കിനോട് രൂപസാദൃശ്യമേകുന്നു. ഗ്രില്ലിലും എൽ ഇ ഡി ഹെഡ്ലാംപുകളിലുമാണ് മുഖ്യമാറ്റം.പുതിയ അക്കോർഡ് ഹെഡ്ലാംപുകളോടും സാദൃശ്യമുണ്ട്. ഫോഗ്ലാംപ് കൺസോളും മാറി. വശങ്ങളിൽ തൊട്ടിട്ടില്ല. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്സ് മാത്രം വന്നു. രണ്ടു ബമ്പറുകൾക്കും പിൻ എൽ ഇ ഡി ലാംപുകൾക്കും മാറ്റമുണ്ടായി.
∙ മാൻ മാക്സിമം: എച്ച് കൺസപ്റ്റ് എന്നു ഹോണ്ട വിളിക്കുന്ന ഹ്യൂമൻ ഫസ്റ്റ് തിയറിയാണ് സിറ്റി. യന്ത്രങ്ങളെക്കാൾ വില മനുഷ്യനാണെന്നതാണ് ഈ തത്വത്തിനു പിന്നിൽ. ഉള്ള സ്ഥലം പരമാവധി മനുഷ്യനും ലഭ്യമാക്കുക. വലുപ്പം അകത്തു ധാരാളമായുണ്ട്. പിൻ സീറ്റിലും ഡിക്കിയിലും സ്ഥലം ആവശ്യത്തിന്.
∙ ളള്ളിൽ: മാറ്റങ്ങൾ പെട്ടെന്നു ശ്രദ്ധയിൽപ്പെടില്ലെങ്കിലും പൊതുവെയുണ്ടായ ഫിനിഷിങ് മികവ് മനസ്സിലാകും. ഡാഷ് ബോർഡിൽ സ്റ്റിച്ഡ് ലെതർ ഫിനിഷ് വന്നു. ചെറിയൊരു മാറ്റം സെൻട്രൽ കൺസോളിലുണ്ട്. പഴയ അഞ്ച് ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഇപ്പോൾ 6.9 ഇഞ്ചിലേക്കു വളർന്നു. ആൻഡ്രോയിഡ് ഓട്ടൊ, ആപ്പിൾ കാർ പ്ലേ എന്നിവയും 1.5 ജി ബി മെമ്മറിയും എത്തി.
∙ നില നിർത്തി: ടച്ച് എ സി നിയന്ത്രണത്തിനു മാറ്റമില്ല. സ്വിച്ച് കീ ഇട്ടാൽ മാത്രമേ എ സി നിയന്ത്രണങ്ങൾ പാനലിൽ തെളിഞ്ഞു വരൂ. ഡ്രൈവിങ് സ്വഭാവമനുസരിച്ച് നിറം മാറുന്ന മീറ്ററുകൾ. നല്ല സ്റ്റീയറിങ്ങും ഗീയർനോബും. സി വി ടി പെട്രോൾ ഗീയർ ബോക്സിന് പാഡിൽ ഷിഫ്റ്റുമുണ്ട്. ഉയർന്ന മോഡലിന് സൺറൂഫ് നൽകിയിട്ടുണ്ട്.
∙ സി വി ടി ഓട്ടൊ: പെട്രോൾ മോഡലിലെ സി വി ടി ഗീയർബോക്സ് ഡ്രൈവിങ് ആസ്വാദ്യമാക്കും. സാങ്കേതികമായി ലാളിത്യമുള്ള ഈ ബോക്സ് ഇന്ധനക്ഷമതയും കൂടുതൽ നൽകുന്നുണ്ട്. ലീറ്ററിന് ഏതാണ്ട് 18 കി മി. 1.5 എെ വി ടെക്, 119 പി എസ് എൻജിൻ മാനുവൽ ഗീയർബോക്സാണെങ്കിൽ 17.8 കി മി മാത്രം. അതാണ് ഓട്ടമാറ്റിക് മികവ്.
∙ ഡീസലാണ് താരം: 100 പി എസ് ശക്തിയേ ഉള്ളെങ്കിലും ഉയർന്ന ടോർക്കും താരതമ്യേന പെട്രോളിൻറെ പാതി കറക്കത്തിൽ ആർജിക്കുന്ന ശക്തിയും ഡ്രൈവിങ് അനായാസമാക്കുന്നു. പുതിയ ആറു സ്പീഡ് ഗീയർബോക്സിൽ ആറാം ഗീയറിൽ പോകേണ്ടി വരാറില്ല. ഇന്ധനക്ഷമത ലീറ്ററിന് 26 കി മി.
∙ വിലയിൽ കാര്യമായ വർധനയില്ല.
∙ ടെസ്റ്റ് ഡ്രൈവ്: പെർഫെക്ട് ഹോണ്ട, 8111891234