ചെറിയ കാറിൽ ഓട്ടമാറ്റിക് ഗീയർ ബോക്സ് എന്നത് വലിയ സ്വപ്നമാണ്. അതിലും മുന്തിയ സ്വപ്നമാണ് മാനുവൽ മോഡലിൻറെ വിലയ്ക്ക് ഓട്ടമാറ്റിക് കിട്ടുകയെന്നത്. ഇനി, ഓട്ടമാറ്റിക്കിന് മാനുവലിൻറെ സമാന ഇന്ധനക്ഷമതയുണ്ടെങ്കിലോ ? സുന്ദരമായ, നടക്കാത്ത സ്വപ്നമെന്നു കരുതും. എന്നാൽ ഈ സ്വപ്നങ്ങളൊക്കെ മാരുതി ഓൾട്ടൊ കെ 10 യാഥാർത്ഥ്യമാക്കുന്നു.
800 കഴിഞ്ഞാൽ മാരുതിയുടെ ഏറ്റവും ജനപ്രീതി നേടിയ മോഡൽ ഇപ്പോഴിതാ വാഹനവിപണിയിലെ വിപ്ലവമായി പുനർജനിക്കുകയാണ്. 24.07 കി മി ഇന്ധനക്ഷമതയുള്ള ഇന്ത്യയിലെ പ്രഥമ ഓട്ടമാറ്റിക്. മാനുവലിലും കിട്ടും. വില നാലു ലക്ഷം റേഞ്ചിൽ. ആദ്യമായി ഒരു കാർ വാങ്ങുന്നവർക്കും വനിതകൾക്കും നഗരത്തിരക്കിനായി രണ്ടാം കാറോ മൂന്നാം കാറോ തേടുന്നവർക്കും ഇതാ പുത്തൻ ഓൾട്ടൊ കെ 10. ഓൾട്ടൊ കെ 10 എന്നാൽ നിലവിലുള്ള കെ ടെന്നുമായി യാതൊരു സാദൃശ്യവുമില്ല.

രണ്ടുകൊല്ലം മുമ്പിറങ്ങിയ 800 നോട് ഛായയുള്ള പുതിയ ബോഡിയും ധാരാളം സുഖസൗകര്യങ്ങളും മാനുവൽ, ഓട്ടൊമാറ്റിക് ഗീയർ ബോക്സുകളുമായി പുതുതലമുറ കെ 10. തൊലിപ്പുറത്തെ മാറ്റങ്ങൾക്കപ്പുറം പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കുന്ന ഒന്നാന്തരം ഉൾവശവും മികച്ച പെർഫോമൻസും ഒക്കെയായി പുത്തനൊരു മാരുതി.
ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്: ∙ രൂപകൽപന: ഓൾട്ടൊ എന്നത് സുസുക്കിയുടെ എല്ലാക്കാലത്തെയും മോഡലാണ്. ആദ്യകാല 800, പിന്നെയെത്തിയ സെൻ, ഓൾട്ടൊയായി ത്തന്നെ വന്ന ഓൾട്ടൊ, എ സ്റ്റാർ... ഇതൊക്കെ ഓൾട്ടൊയായിരുന്നു. ഒടുവിലെത്തിയ ഓൾട്ടൊ 800 ആകട്ടെ ഇന്ത്യയ്ക്കു വേണ്ടിയിറക്കിയ പ്രഥമ ഓൾട്ടൊയും. പുതിയ ഓൾട്ടൊ ഇറങ്ങുമ്പോൾ സാദൃശ്യം ഈ ഓൾട്ടൊയുമായാണേറെ. ബമ്പറും ഗ്രില്ലും ഹെഡ്ലാംപുകളും പുതിയതാണ്. ബോണറ്റിൽ ത്രി ഡി കർവിങ് എന്നു വിളിപ്പേരിട്ട പുതിയ ഡിസൈൻ. ബോഡി നിറമുള്ള വിങ് മിററുകൾ, പുതിയ സൈഡ് മൗൾഡിങ്, ബി പില്ലറിൽ കറുത്ത നിറം. 800 കാണുമ്പോൾ തെല്ലു നന്നാകാമായിരുന്നു എന്നു തോന്നിപ്പിച്ചിരുന്ന ഡിക്കി മാറി. കോംബിനേഷൻലാംപുകളും പുതിയത്.
മോഡലുകൾ മാറിയാലും ഉള്ളിൽ മാറ്റങ്ങൾ വരുത്താൻ പല നിർമാതാക്കൾക്കും മടിയാണ്. വെറുതെ നിറം മാറ്റിയും തൊട്ടും തൊടാതെയുമൊക്കെ കാര്യം സാധിക്കാനാണ് ജാപ്പനീസ് വമ്പൻമാർ പോലും ഇന്ത്യയിൽ ശ്രമിക്കാറ്. ഈ പിശുക്ക് സുസുക്കി പഴങ്കഥയാക്കി. ഉള്ളിൽ നിലവിലുള്ള 800മായി സാദൃശ്യമില്ല. ഡാഷ് ബോർഡും ഡോർ ട്രിമ്മുമെല്ലാം പുത്തൻ. പുനർ രൂപകൽപന ചെയ്ത ഡാഷ് ബോർഡ് പ്രീമിയം കാറുകളോട് വെല്ലുവിളിക്കും. കറുപ്പും ബെയ്ജുമാണ് ഫിനിഷ്. പിയാനോഫിനിഷ് സ്റ്റീരിയോ. ക്ലാസ് സ്റ്റീയറിങ് വീൽ.

മുന്നിൽ പവർ വിൻഡോ.ഇൻറഗ്രേറ്റഡ് ഹെഡ് റെസ്റ്റുകളെങ്കിലും നല്ല വലുപ്പവും സപ്പോർട്ടുമുള്ള സീറ്റ്. ആവശ്യത്തിനു സ്റ്റോറേജ് സ്ഥലം. ചെറു കാര്യങ്ങളിൽ മാരുതിയുടെ ശ്രദ്ധ അറിയണമെങ്കിൽ ഡാഷിനു താഴെയുള്ള ഹുക്കും ലൊട്ടു ലൊടുക്കു സാധനങ്ങൾ സൂക്ഷിക്കാനുള്ള അപ്പർ ട്രേയും കണ്ടാൽ മതി. പിൻ സീറ്റുകൾ സുഖപ്രദം. ഡിക്കിസ്ഥലവും ആവശ്യത്തിന്.
∙ ഡ്രൈവിങ്: ഓട്ടമാറ്റിക് മോഡലിലെ ഡ്രൈവിങ് ആണ് രസകരം. ഉപയോഗത്തിന് ഓട്ടമാറ്റിക്കുകളാണു നല്ലതെങ്കിലും ഉയർന്ന വിലയും

അറ്റകുറ്റപ്പണിച്ചെലവും കുറഞ്ഞ ഇന്ധനക്ഷമതയും ഇന്ത്യയിൽ ഓട്ടമാറ്റികളുടെ വളർച്ച ഇത്രനാളും തടയുകയായാരുന്നു.ഈയൊരു സ്ഥിതിക്കു വിരാമമിടുന്ന ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷ (എ എം ടി) നാണ് പുതിയ ഓൾട്ടൊയ്ക്ക്. മാരുതിയുടെ തന്നെ സെലേറിയോയിലും ടാറ്റയുെ
ട സെസ്റ്റിലുമൊക്കെയുള്ള അതേ ഗീയർ ബോക്സ്. ഈ സാങ്കേതികതയുടെ മുഖ്യ സവിശേഷത സാധാരണ മാനുവൽ ഗീയർബോക്സിൽ ഉറപ്പിച്ചിട്ടുള്ള ഒരു ലളിതമായ ഏർപ്പാട് മാനുവലായി ഗീയർമാറുന്നു എന്നതാണ്. ഫിയറ്റ് ഉപസ്ഥാപനമായ മാഗ്നെറ്റി മറെല്ലിയാണ് എ എം ടി നിർമാതാക്കൾ.
വിലപ്പിടിപ്പുള്ള ഓട്ടമാറ്റിക് ഗീയർബോക്സുകളിൽ മാത്രം കാണാനാവുന്ന ട്രിപ്ട്രോണിക് സംവിധാനവും ഓൾട്ടൊയിലുണ്ട്. ഗീയർലീവർ ഇടത്തേയ്ക്കു തട്ടിയാൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ഗീയറുകൾ മാനുവലായി തിരഞ്ഞെടുക്കാം. ഇവിടെയും ക്ലച്ച് വേണ്ട. ഒട്ടോ മോഡിൽ ഡ്രൈവ് (ഡി), ന്യൂട്രൽ (എൻ), റിവേഴ്സ് (ആർ) പൊസിഷനുകളാണുള്ളത്. സാധാരണ ഓട്ടമാറ്റിക്കിലുള്ള പാർക്കിങ് (പി) ഇല്ല. ഡി മോഡിൽ കയറ്റത്തിൽ കിടക്കുമ്പോൾ വണ്ടിതെല്ലു പിന്നോട്ടുരുളാം. എന്നാൽ ആക്സിലറേറ്ററിൽ കാലൊന്നു കൊടുത്താൽ ഈ പ്രശ്നവും തീർന്നു.

മൂന്നു സിലണ്ടർ കെ സീരീസ് ഒരു ലീറ്റർ എൻജിൻ മാന്യമായ 68 പി എസ് ഏതു ഡ്രൈവിങ് അവസ്ഥയിലും തരും. സുഖമായി ഓടിച്ചു പോകാനും കയറ്റം കയറാനുമൊക്കെ ധാരാളം. മാനുവൽ ഗീയർമോഡലിന് പഴയ കെ ടെന്നിനേക്കാൾ മികച്ച ഡ്രൈവബിലിറ്റി ഓട്ടമാറ്റിക്, മാനുവൽ മോഡലുകൾക്ക് ഒരേ ഇന്ധനക്ഷമത; 24.07. മാരുതി വില പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.