ബൊലേറോ ചെറു കാറായി

ഉള്ളതു കൊണ്ട് ഒാണം പോലെയെന്നു പറഞ്ഞത് മഹീന്ദ്രയെപ്പറ്റിയാവണം. പണ്ടെങ്ങോ അമേരിക്കയിൽ നിന്നു കിട്ടിയ ഒരു വില്ലീസ്  ജീപ്പ് സാങ്കേതികതയിൽ അടിത്തറയിട്ടു തുടങ്ങിയ വളർച്ച. ഇപ്പോൾ ഏറ്റവും പുതിയ അമേരിക്കൻ സാങ്കേതികതയ്ക്കും മഹീന്ദ്ര വെല്ലുവിളിയാണ്. എന്നാൽ കീറിമുറിച്ചു നോക്കിയാൽ ഇന്നും മഹീന്ദ്രകളിൽ ആ പഴയ വില്ലീസ് പാരമ്പര്യവും കണ്ടെത്താം. ഈ പാരമ്പര്യം ആധുനികതയിൽ നന്നായി അരച്ചു ചേർക്കുന്നതിലാണ് മഹീന്ദ്രയുടെ വിജയം. ബൊലേറോ അത്തരമൊരു ജയ വാഹനമാണ്.

Boleno Power Plus

∙ ലാറ്റിൻ താളലയം: ബൊലേറോ എന്നാൽ ഒരു ലാറ്റിനമേരിക്കൻ താളമാണ്. മഹീന്ദ്ര ബൊലേറോയ്ക്ക് എന്തായാലും ആ താളം പേരിൽ മാത്രം. ജീപ്പിൽ നിന്ന് മികവുള്ള എസ് യു വിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ കാൽ വയ്പ് അർമാദാ ഗ്രാൻഡായിരുന്നു. ഗ്രാൻഡിൽ അധിഷ്ഠിതമായ പരിഷ്കൃത രൂപമത്രെ ബൊലേറോ. അടിസ്ഥാനം പഴയ വില്ലീസ് ലാഡർ ഷാസി തന്നെ. അതുകൊണ്ടു തന്നെ ജീപ്പ് പോലെ ഒരു കൾട്ട് വാഹനമായി ബെലേറോ അംഗീകാരം നേടിക്കഴിഞ്ഞു. പല മാറ്റങ്ങളും പരിഷ്കാരങ്ങളും പിന്നിട്ട് പുതിയ എം ഹോക്ക് എൻജിൻ സാങ്കേതികതയിലേക്ക് ബൊലേറോ വളർന്നതാണ് ഇപ്പോഴത്തെ വാർത്ത.

∙ പവർ പ്ലസ്: മോഡൽ നാമം സൂചിപ്പിക്കുന്നതുപോലെ പുതിയ എൻജിനും കൂടുതൽ കരുത്തും. പഴഞ്ചനായിത്തുടങ്ങിയ 2.5 ലീറ്റർ എം ടു ഡി െഎ സി ആർ എൻജിനു പകരം പുതുപുത്തൻ എം ഹോക്ക് സീരീസ്. 1.5 സി സി മൂന്നു സിലണ്ടർ എൻജിെൻറ സ്ഥാനം പഴയ സാങ്കേതികതയെക്കാൾ പതിന്മടങ്ങ് മുകളിലാണ്. 1493 സി സിയെ ഉള്ളെങ്കിലും 2500 സി സി മോഡലിനെക്കാൾ 8 ബി എച്ച് പി കൂടുതൽ; 71 എച്ച് പി.

∙ ചെറുതായി താണു: എൻജിൻ ചെറുതായതിനൊപ്പം നീളവും തെല്ലു കുറഞ്ഞു.112 മില്ലീ മീറ്റർ. മൊത്തം നീളം നാലു മീറ്ററിൽത്താഴെയായി. ഒപ്പം എക്െെസസ് തീരുവ 30 ശതമാനത്തിൽ നിന്നു 12.5 ശതമാനമായി താണു. ഗുണം വിലയിൽ 80000 രൂപയുടെ കുറവ്. കാഴ്ചയിൽ ബൊലേറൊയ്ക്ക് ഒരു കോട്ടവും തട്ടാത്തവിധമാണ് മഹീന്ദ്രയുടെ ഈ കരവിരുത്. മുൻബമ്പറിന് നേരിയൊരു ചെരിവ്, പിന്നിലെ ഫുട് റെസ്റ്റിനു ചെറിയൊരു പരിഷ്കാരം. ബൊലേറോ കോംപാക്ട് കാർ വിഭാഗത്തിലെത്തി. 1.5 ലീറ്ററിനു തൊട്ടു താഴെ നിൽക്കുന്ന എൻജിനും ഈ നികുതി ‘വെട്ടിപ്പിനു’ പിന്തുണയായിട്ടുണ്ട്.

Boleno Power Plus

∙ ജീപ്പാണ്: രൂപത്തിൽ കാര്യമായ മാറ്റമില്ല. സുപരിചിതമായ പൊലീസ് വാഹനത്തിെൻറ ഗൗരവം. ബൊലേറോ പാഞ്ഞു പോകുമ്പോൾ പൊലീസ് വാഹനമെന്നോർത്ത് ഒന്നൊതുങ്ങി മര്യാദക്കാരാകുന്ന പൊതുജനവും വാഹനങ്ങളും. മെഴ്സെഡിസ് ജി വാഗൻ പോലെ കാലാ കാലങ്ങൾ ഒാടുന്ന ബോക്സി രൂപകൽപന. അടുത്തെങ്ങും ഈ രൂപത്തിനൊരു മാറ്റത്തിനായി മഹീന്ദ്ര ബുദ്ധിമുട്ടേണ്ടി വരില്ല. ഇനിയും കുറെക്കൊല്ലം ഒാടിക്കോളും. ജീപ്പായതിനാൽ അറ്റകുറ്റപ്പണികളും അതിനുവേണ്ട ചെലവുമൊക്കെ തീരെ കുറവ്.

∙ കാറാണ്: ഉൾവശമൊക്കെ ഇപ്പോൾ കാറുകൾക്കു സമം. നല്ല സീറ്റുകൾ. വുഡ് ഫിനിഷുള്ള ഡാഷ് ബോർഡ്. ഇലക്ട്രോണിക് മീറ്ററുകൾ. ഒാഡിബിൾ വാണിങ്ങുകൾ തരുന്ന ഒാൺബോർഡ് കംപ്യൂട്ടർ. ബ്ളൂ ടൂത്ത് സ്റ്റീരിയോ. വേണ്ടതൊക്കെയുണ്ട്. രണ്ടാം നിര സീറ്റിനു പിറകിൽ മറിച്ചിട്ടാൽ രണ്ടു പേർക്കു കൂടി സഞ്ചരിക്കാവുന്ന ജംപ് സീറ്റുകൾ. അത്യാധുനിക കാറുകൾക്കൊപ്പം വരില്ലെങ്കിലും ഏതു പരിഷ്കൃത  എസ് യു വിയോടും പിടിച്ചു നിൽക്കാനാവുന്ന ഉൾവശം.

Boleno Power Plus

∙ നല്ല സുഖം: പുതിയ എൻജിൻ െെഡ്രവിങ്ങിലുണ്ടാക്കിയ പരിഷ്കാരം അനിർവചനീയം. 1000 ആർ പി എമ്മിൽത്തന്നെ സുഖമായി ലഭിക്കുന്ന ടോർക്കിന് അർത്ഥം ചെറിയ വേഗത്തിലും ഗിയർ മാറി കഷ്ടപ്പെടേണ്ട എന്നാണ്. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ നിലവിലുള്ള മോഡലിനെക്കാൾ 5 സെക്കൻഡ് കുറച്ചു മതി. ഗിയർ ഷിഫ്റ്റ് കാറുകൾക്കൊപ്പം വരില്ലെന്നേയുള്ളു, കൃത്യതയുണ്ട്. ശബ്ദം, വിറയൽ എന്നിവയൊക്കെ പുതിയ എൻജിൻ ഏതാണ്ട് പൂർണമായി ഇല്ലാതാക്കിയിട്ടുണ്ട്. പഴയ മോഡലിനെക്കാൾ 2.5 കി മി കൂടുതൽ െെമലേജ്; ലീറ്ററിന് 16.5.

∙ ഗാംഭീര്യം: ജീപ്പിെൻറ ഗാംഭീര്യവും ഒാഫ് റോഡിങ്ങും കാറിനൊത്ത െെഡ്രവിങ്ങും സൗകര്യങ്ങളും 7.24 ലക്ഷത്തിന് ലഭിക്കാൻ ഇന്ത്യയിൽ ഇന്നു മറ്റു മാർഗങ്ങളൊന്നുമില്ല. അതാണ് ബൊലേറോ പവർ പ്ലസിന്റെ പ്ലസ് പോയിന്റ്.

∙ ടെസ്റ്റ്െെഡ്രവ്: പോത്തൻസ് മഹീന്ദ്ര 7558889243