ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ ടി യു വി 300 ന് പേരിനൊപ്പം ഒരു പ്ലസ് കൂടി കിട്ടി, ഒപ്പം വാഹനം പഴയതിലും അനേകമടങ്ങ് നന്നായി. അധികം കിട്ടിയ ഒരടിയുടെ മികവിൽ ടാക്സി അടക്കമുള്ള പുതിയ മേഖലകളിലൂടെ പായുകയാണ് ടി യു വി 300 പ്ലസ്.
∙ ടാങ്ക് പോലെ: ടി യു വിയുടെ രൂപകൽപനാമന്ത്രം ലളിതമാണ്. ടാങ്ക് പോലെ നിർമിതം. കരുത്തിലും ശക്തിയിലും ഉപയോഗക്ഷമതയിലും മാത്രമല്ല കാഴ്ചയിലും യുദ്ധമുന്നണിയിലെ ടാങ്കിനെ അനുസ്മരിപ്പിക്കുന്നു. ഒാരോ വടിവുകളും വരകളും ദ്യോതിപ്പിക്കുന്നത് ഉരുക്കിന്റെ കരുത്ത്. ടി യു വിയിലെ ടിയുടെ അർത്ഥം ടഫ് എന്നാണ്. 1700 കിലോയോളം തൂക്കം. ഉയർന്ന നിൽപ്. ജീപ്പ് തന്നെ. കാലികമായി മാറ്റങ്ങൾ വന്ന ജീപ്പ്. സുഖമായി ഓഫ് റോഡിങ് നടത്താനാവുന്ന ബോഡി.
∙ നീണ്ടപ്പോൾ: നീളം കൂടിയപ്പോൾ ടി യു വിയുടെ രൂപഭംഗി കൂടി. കുറച്ചു കൂടി വലിയ വാഹനം എന്ന തോന്നലുണ്ടാക്കുന്ന രൂപകൽപന. മാത്രമല്ല, അധിക നീളം വാഹനത്തിെൻറ അഴകളവുകൾ തെല്ലു ബാലൻസ് ചെയ്യുന്നുണ്ട്. ഈ വാഹനത്തിന് ഇത്ര നീളം പണ്ടേ വേണമായിരുന്നു എന്നൊരു തോന്നലുണ്ടാക്കും.
∙ ചതുരവടിവ്: രൂപത്തിന് മാറ്റമില്ല. ഫെൻഡറിൽ എം ഹാക്ക് ലോഗോ. ക്രോം ഇൻസേർട്ടുകളുള്ള വലിയ ഗ്രില്ലുകളും ചതുര ഹെഡ്‌ലാംപുകളും ചതുര വടിവു വിടാത്ത ഫോഗ്‌ലാംപുകളുമൊക്കെയായി പ്രത്യേകതകളുള്ള രൂപം. സ്പോർട്ടി അലോയ് വീലുകളും മോൾഡഡ് കവറുള്ള സ്പെയർ വീലുകളും റൂഫ് റെയിലിങ്ങും കൊള്ളാം
∙ സൗകര്യത്തികവ്: പ്രീമിയം. ഇരു നിറങ്ങളിലായി നല്ല ഫിനിഷുള്ള ഡാഷ് ബോർഡ്, സ്റ്റീയറിങ്, ഉയർന്ന മോഡലുകൾക്ക് പ്രീമിയം ക്വിൽറ്റ് തുകൽ സീറ്റുകൾ, അല്ലാത്തവയ്ക്ക് മേൽത്തരം ഫാബ്രിക്, ധാരാളം സ്ഥലം, പിറകിൽ മടക്കിവയ്ക്കാവുന്ന സീറ്റുകൾക്ക് ഇപ്പോൾ ഇരട്ടി വലുപ്പമുണ്ട്. നാലു പേർക്ക് പരസ്പരം മുഖം നോക്കിയിരിക്കാം. ഫുട്ബോർഡിൽ ചവുട്ടി കയറണം എന്നതൊഴിച്ചാൽ ബാക്കിയെല്ലാം കാറു പോലെ.
∙ തീരാത്ത മികവ്: െെഡ്രവർ സീറ്റ് ഉയരം ക്രമീകരിക്കാം, പിയാനോ ബ്ലാക് സെൻട്രൽ കൺസോൾ, നല്ല സ്റ്റീരിയോ. സുരക്ഷയ്ക്കായി ഡ്യൂവൽ എയർ ബാഗ്, എ ബി എസ്, ഡിജിറ്റൽ ഇമ്മൊബിലൈസർ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമെ ബോഡി നിർമാണത്തിലെ സാങ്കേതികതയും ജന്മനായുള്ള കാഠിന്യവും ടി യു വിയെ ഏറ്റവും സുരക്ഷിതമായ മഹീന്ദ്ര ജീപ്പാക്കുന്നു.
∙ എൻജിൻ മാറി: മൂന്നു സിലണ്ടർ എൻജിൻ എം ഹാക്ക് നാലു സിലണ്ടറിനായി വഴി മാറി. എക്സ് യു വിയിലും സ്കോർപിയോയിലും കാണാവുന്ന അതേ എൻജിൻ. ശക്തി 120 ബി എച്ച് പി. ശബ്ദമോ വിറയലോ ഇല്ലേയില്ല. മോഡലുകളിൽ നിന്നു മോഡലുകളിലേക്കെത്തുമ്പോൾ ഈ എൻജിൻ കൂടുതൽ നന്നായി വരുന്നു. ആറു സ്പീഡ് മാനുവൽ മോഡൽ മാത്രമേ ഇപ്പോഴുള്ളൂ.
∙ സുഖയാത്ര: കുറഞ്ഞ മോഡൽ മുഖ്യമായും ടാക്സി ഉപയോഗങ്ങൾക്കാണ്. പരമാവധി ആളെക്കയറ്റി സുഖയാത്ര ലക്ഷ്യം. ഷാസിയിലുറപ്പിച്ച ബോഡി സാങ്കേതികമായിപ്പറഞ്ഞാൽ നല്ല യാത്രാസുഖത്തിനുള്ളതല്ല. എന്നാൽ ഇവിടെ അദ്ഭുതങ്ങൾ തീർക്കുന്നത് സസ്പെൻഷനാണ്. ധാരാളം സസ്പെൻഷൻ ട്രാവൽ അനുവദിക്കുന്ന മുൻ പിൻ കോയിൽ സ്പ്രിങ് യൂണിറ്റുകൾ ഒത്തു ചേർന്ന് വൻ കുഴികളെപ്പോലും ചെറുതാക്കും.
∙ വില: എക്സ്ഷോറൂം തുടക്ക വില 9.66 ലക്ഷം മുതൽ.
∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് സൺസ്, 8606256044