രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വിശ്വാസ്യതയും വലിയ രൂപവും ഹയാസിനെ രാജ്യാന്തര വിപണിയിലെ ജനപ്രിയ വാണിജ്യവാഹനങ്ങളിലൊന്നാക്കി. വലിപ്പംകൊണ്ടും രൂപം കൊണ്ടും ജാപ്പനീസ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഹയാസ്‍ ഇന്ത്യൻ വിപണിയിൽ ഇതുവരെ കമ്പനി പുറത്തിറക്കിയിട്ടില്ല. കേരളത്തിലെത്തിയ ആദ്യ ഹയാസിന്റെ ടെസ്റ്റ് ഡ്രൈവ്.
ടൊയോട്ട ഹയാസ്
1967 ലാണ് ഹായാസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. എട്ടു പേർക്ക് സഞ്ചരിക്കാനാവുന്ന ചെറു വാനായി പുറത്തിറങ്ങിയ ഹയാസ്‍ വളരെപ്പെട്ടെന്നുതന്നെ ജനപ്രിയമായി. തുടർന്ന് രണ്ടാം തലമുറ 1977 ലും മൂന്നാം തലമുറ 1982 ലും നാലാം തലമുറ 1989 ലും അഞ്ചാം തലമുറ 2004 ലും പുറത്തിറങ്ങി. ആദ്യ തലമുറകൾ യൂറോപ്പിലും നോർത്ത് അമേരിക്കയിലുമുണ്ടായിരുന്നെങ്കിൽ അഞ്ചാം തലമുറ അവിടെ വിൽപ്പനയിലില്ല. ജപ്പാനിലും ആഫ്രിക്കൻ രാജ്യങ്ങളിലും ചൈനയിലും തായ്‌ലാൻഡിലും വിപണിയിലുള്ള വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ഗ്രീൻലാൻഡ് ട്രാവൽസാണ്.
ജപ്പാനില്‍നിന്ന് തായ്‌ലാൻഡിലെത്തിച്ച് ലക്ഷ്വറി മോഡിഫിക്കേഷനുകൾ നടത്തിയാണ് ഹയാസിനെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതിനായി ഏകദേശം 1.02 കോടി രൂപ മുടക്കി. ഡ്രൈവറടക്കം 16 പേർക്കിരിക്കാവുന്ന വാഹനത്തെ 9 സീറ്ററിലേക്ക് ഒതുക്കി. ഡ്രൈവർ, പാസഞ്ചർ എന്നിങ്ങനെ രണ്ട് കംപാർട്ട്മെന്റുകളാക്കി തിരിച്ചു. ലക്ഷ്വറി ലിമോസിനുകളിൽ കാണുന്നതുപോലെ, ആവശ്യമെങ്കിൽ ഡ്രൈവർ ക്യാബിനിലെ ചില്ല് ഒഴിവാക്കാം.
ഓട്ടമാറ്റിക്ക് സ്ലൈഡിങ് ഡോറാണ് വാഹനത്തിന്. ആഡംബത്തിനു മുൻതൂക്കം നൽകിയാണ് വാഹനത്തിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓട്ടമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് പുഷ്ബാക്ക് സീറ്റുകൾ. തൈ സപ്പോർട്ടും ലംബാർഡ് സപ്പോർട്ടുമുണ്ട്. സീറ്റുകൾക്ക് മൂന്ന് ടൈപ്പ് മസാജ് ഫങ്ഷനും നൽകിയിരിക്കുന്നു. മ്യൂസിക്ക് സിസ്റ്റം, എൽസിഡി ടിവി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
പിന്നിൽ മൂന്നു നിര സീറ്റുകളുണ്ടെങ്കിലും കുടുതൽ ലഗേജ് സ്പെയ്സ് വേണമെങ്കില്‍ മൂന്നാം നിര സീറ്റുകൾ ഒഴിവാക്കാം. യാത്രക്കാരുടെ സൗകര്യത്തിനു മാത്രമല്ല വാഹനത്തിന്റെ ഇന്റീരിയർ ഭംഗിക്കും മുൻതൂക്കം നൽകിയാണ് ഡിസൈനിങ്. ഇന്റീരിയർ ലൈറ്റുകളുടേയും റൂഫിന്റേയും ഡിസൈൻ ആരെയും ആകർഷിക്കും. യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി സസ്പെൻഷനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
യാത്രക്കാർക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ ഡിസൈൻ. ഡ്രൈവർക്ക് വാഹനത്തിന്റെ എല്ലാ ലൈറ്റുകളും ഓട്ടോമാറ്റിക്ക് ഡോറും നിയന്ത്രിക്കാം. ടൊയോട്ട ഫോർച്യൂണറിൽ ഉപയോഗിച്ചിരിക്കുന്ന 3 ലീറ്റർ എൻജിൻ തന്നെയാണ് ഹയാസിലും. 2982 സിസി നാല് സിലിണ്ടർ ഡിഒഎച്ച്സി എൻജിൻ 3400 ആർപിഎമ്മിൽ 100 കിലോവാൾട്ട് കരുത്തും 1200 ആർപിഎമ്മിൽ 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് വാഹനത്തിന്.
കൂടുതൽ വിവരങ്ങള്‍ക്ക്: ഗ്രീൻലാൻഡ് ട്രാവൽസ്, 9846043666, 9846066602