വിറ്റാര ബ്രെസ മാരുതിയുടെ സൂപ്പർ ഹിറ്റാണ്. ലോകപ്രശസ്ത സുസുക്കി എസ് യു വിയായ വിറ്റാരയുടെ പേരിൽ മാരുതി ഇറക്കിയ വാഹനം. ഇതുവരെ ഇറങ്ങിയിട്ടുള്ള ആഗോള വിറ്റാരകളെയെല്ലാം തെല്ലൊന്നു ഞെട്ടിക്കും വിധം ഈ വാഹനം വിൽപനഗ്രാഫിൽ കുതിച്ചുയരുമ്പോൾ വിജയം ഇന്ത്യയുടേതാണ്. കാരണം ഇന്നേ വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ഈ മാരുതി രൂപകൽപന ചെയ്തതും നിർമിച്ചതും ജപ്പാൻകാരല്ല, ഇന്ത്യക്കാരാണ്. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യക്കാർ നിർമിച്ച ആദ്യ സുസുക്കി.
∙ ഒാട്ടമാറ്റിക് ഷിഫ്റ്റ്: ഇപ്പോഴത്തെ വാർത്ത ഏതാണ്ടെല്ലാ മാരുതികളെയും പോലെ വിറ്റാരയും എ എം ടിയായി എന്നതാണ്. അതായത് ഒാട്ടമാറ്റിക് ഷിഫ്റ്റുള്ള മാനുവൽ ഗിയർബോക്സ്. എല്ലാ പ്രായോഗികതലത്തിലും ഒരു ഒാട്ടമാറ്റിക് കാറിനു സമം. ക്ലച്ചിൽ നിന്നു മോചനം. എതിരാളികളിൽ കരുത്തനായ ടാറ്റ നെക്സോൺ എ എം ടിയായതിനു തൊട്ടു പിന്നാലെ ബ്രെസയും എ എം ടിയായത് വിപണിയിൽ ഇത്തരം കാറുകളുടെ പ്രസക്തിക്ക് അടിവരയിടുന്നു.
∙ കലക്കൻ: രൂപഭംഗിയുടെ കാര്യത്തിൽ ബ്രെസയോട് പിടിച്ചു നിൽക്കാൻ എതിരാളികൾ കഷ്ടപ്പെടും. സ്റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്കഫ്പ്ലേറ്റുള്ള ബമ്പറും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ് ലാംപുമെല്ലാം മനോഹരം. ഇരട്ട നിറമുള്ള മോഡലുകളാണ് എടുത്തു നിൽക്കുക. മഞ്ഞയും വെള്ളയും നീലയും വെള്ളയും കോംബിനേഷനുകൾ രാജ്യാന്തര എസ് യു വി മോഡലുകളോടും കിടപിടിക്കാനാവുന്ന രൂപം നൽകുന്നു. നല്ല ഉയരമുള്ള വാഹനമാണ് ബ്രെസ.
∙ വിലക്കുറവ്്: വീൽ ബേസ് 2500 മി മിയുള്ളപ്പോൾ നാലു മീറ്ററിൽത്താഴെ നിൽക്കുക എന്ന ശ്രമകരമായ ദൗത്യം. സുസുക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമിലൊന്നിലാണ് നിർമാണം. ഈ പ്ലാറ്റ്ഫോമിൽ ഇന്നു വരെ ഒരു കാറും നാലു മീറ്ററിൽത്താഴെ ഇറങ്ങിയിട്ടില്ല. ഇന്ത്യക്കാർ അതും സാധിച്ചു. ഗുണം എക്െെസസ് തീരുവയിൽ കുറവ്, വിലയും കുറഞ്ഞു.
∙ പ്രായോഗികം: അപ് മാർക്കറ്റ് കറുപ്പു ഫിനിഷാണ് ഉൾവശം. എസ് യു വി സ്റ്റൈലിങ്. വലിയ സെൻട്രൽ കൺസോൾ, എൽ ഇ ഡി സ്ക്രീൻ, നാവിഗേഷനും ക്രൂസ് കൺട്രോളുമടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടൊ ഹെഡ് െെലറ്റ്, എയർ കൂൾഡ് സ്റ്റോറേജ് തുടങ്ങിയവ പുറമെ. സ്പീഡോമീറ്ററിൽ അഞ്ചു പ്രീ സെറ്റ് നിറങ്ങൾ. എയർബാഗും എ ബി എസും ഏറ്റവും കുറഞ്ഞ മോഡലിലും ലഭിക്കും.
∙ സ്ഥലസൗകര്യം: പരാമർശമർഹിക്കുന്നു. അഞ്ചു സീറ്റെങ്കിലും ഡിക്കി ഇടം 328 ലീറ്ററുണ്ട്. ഉയരം 1640 മി മി ഉള്ളത് ധാരാളം ഹെഡ് റൂം തരും. ഇന്ത്യയിലിന്നുള്ള 18 തരം തലപ്പാവുകൾ വച്ചാലും തല മുകളിൽ ഇടിക്കില്ലെന്ന് മാരുതി.
∙ ഡ്രൈവിങ്: ഫിയറ്റ് രൂപകൽപനയുള്ള ഡി ഡി ഐ എസ് ഡീസൽ എൻജിൻ പെർഫോമൻസ് പ്രത്യേകം പ്രതിപാദിക്കേണ്ട. മികവിന്റെ പര്യായം. പെട്ടെന്നുള്ള പിക്കപ്പും സ്റ്റെബിലിറ്റിയും ശ്രദ്ധേയം. ഉയരം കൂടുതലുണ്ടെങ്കിലും നിയന്ത്രണം കുറയില്ല. 24.3 കി മി യാണ് ഇന്ധനക്ഷമത. ഇന്ത്യയിൽ ഇന്നുള്ള എല്ലാ ഒാട്ടമാറ്റിക് ഗിയർ ഷിഫ്റ്റ് കാറുകളിൽ നിന്നും മാരുതിയെ വ്യത്യസ്തമാക്കുന്നത് മികച്ച ഒാപ്റ്റിെെമസേഷനാണ്. യഥാർത്ഥ ഒാട്ടമാറ്റിക് കാറുകളെ വെല്ലുന്ന പ്രകടനം. ഒാവർ ടേക്കിങ്ങിൽ ശക്തി പോരെങ്കിൽ മാനുവൽ മോഡിലിട്ടു നിയന്ത്രിക്കാം. ലാഗ് തീരെക്കുറവ്.
∙ എതിരില്ല: 10 ലക്ഷം രൂപയ്ക്ക് ഒരു മിനി എസ് യു വി തേടുന്നവർക്ക് വേറെ മാർഗങ്ങളില്ല. കൂട്ടിന് ഒന്നാന്തരം രൂപകൽപനയും ആരും കണ്ടാൽ രണ്ടാമതൊന്നു നോക്കുന്ന ചാരുതയും മാരുതിയുടെ വിശ്വാസ്യതയും.
∙ ടെസ്റ്റ്െെഡ്രവ്: ഇൻഡസ് മോട്ടോഴ്സ്: 9745998387