ഇന്നു വരെയുള്ള ഹോണ്ട സി ആർ വികളിൽ നിന്ന് ഏറ്റവും പുതിയ സി ആർ വിയെ വ്യത്യസ്തമാക്കുന്ന ഘടകമാണ് ഷുഹാരി. പുരാതന ജാപ്പനീസ് രീതികളിലൊന്നായ ഷുഹാരിയുടെ അർത്ഥം ഘട്ടം ഘട്ടമായി കാര്യങ്ങൾ ഗ്രഹിക്കുക എന്നാണ്. ‘ഷു’ എന്നാൽ ആദ്യ ഘട്ടം. ഗുരുമുഖത്തു നിന്ന് ഒരു വിഷയത്തെപ്പറ്റി പ്രാഥമിക വിവരങ്ങൾ സ്വാംശീകരിക്കുക. ‘ഹാ’ എന്നാൽ സ്വന്തം നിലയിലുള്ള അധിക വിവരശേഖരണം. ‘രി’ എന്നാൽ ഈ രണ്ടു ഘട്ടങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്ന് പുതു െെശലിയിലെത്തുക. ഷുഹാരി വിദ്യയുടെ പരിപൂർണതയാണ് സി ആർ വിയെന്ന് ആദ്യ െെഡ്രവിങ്ങിലേ പിടികിട്ടി.
∙ ഡീസൽ വന്നേ: പ്രീമിയം എസ് യു വി വിഭാഗത്തിൽ ഡീസൽ എൻജിനില്ലാതിരുന്ന ഏക മോഡലാണ് ഹോണ്ട സി ആർ വി. അഞ്ചാം തലമുറ സി ആർ വി ആ കേടു തീർക്കുന്നു. അത്യാധുനിക ഡീസൽ എൻജിൻ വെറും 1600 സി സിയിൽ നിന്ന് 120 ബി എച്ച് പി ശക്തിയും ആവശ്യത്തിലധികം ടോർക്കും (300 എൻ എം) നൽകും. ഇന്ധനക്ഷമത 19.5 കി മി. 2000 സി സി പെട്രോളിന് 14.4 കി മി കിട്ടും.
∙ ഒാട്ടമാറ്റിക്കേ ഉള്ളൂ: പുതിയ സി ആർ വിക്ക് മാനുവൽ ട്രാൻസ്മിഷനില്ല. പെട്രോളിൽ സി വി ടിയും ഡീസലിൽ ഒൻപതു സ്പീഡ് ഒാട്ടമാറ്റിക്കുമാണ്. െെഡ്രവ് ചെയ്യാൻ സുഖം ഡീസൽ തന്നെ. കാരണം 2000 ആർ പി എമ്മിലെ 300 ടോർക്ക് തന്നെ. പെട്രോളിന് 4300 ആർ പി എമ്മിൽ പരമാവധി 189 എൻ എം വരെയേ എത്തുന്നുള്ളൂ.
∙ ഏഴു സീറ്റ്: രണ്ടു സീറ്റ് കൂടി. മൂന്നാം നിര സീറ്റിന് തെല്ലു ലെഗ് റൂം കുറവാണെന്നു പറയാമെങ്കിലും അത്യാവശ്യത്തിന് കാര്യം നടക്കും. രണ്ടാം നിര സീറ്റുകൾ പൂർണമായി പിന്നിലേക്ക് തള്ളി വയ്ക്കുന്നില്ലെങ്കിൽ ആറടി നീളക്കാർക്കും പിൻ സീറ്റിൽ ഇരിക്കാം. ഉപയോഗമില്ലെങ്കിൽ സീറ്റ് ഊരി മാറ്റുകയോ മടക്കി വയ്ക്കുകയോ ചെയ്യാം. മൂന്നാം നിര സീറ്റുകൾക്കും ഏസിയും കപ് ഹോൾഡറുമൊക്കെയുണ്ട്.
∙ വലുതായി: 1995 ൽ അമേരിക്കയടക്കമുള്ള വികസിത വിപണികൾക്കായി ഹോണ്ട അവതരിപ്പിച്ച സി ആർ വി തലമുറകൾ പിന്നിടും തോറും വളരുകയായിരുന്നു. ആദ്യ സി ആർ വി വലിയൊരു ഹാച്ച്ബാക്ക് കാറിനെക്കാൾ തെല്ലു മാത്രം വലുതായിരുന്നെങ്കിൽ അഞ്ചാം തലമുറ വലിയൊരു എസ് യുവിയാണ്. പഴയ മോഡലിനെക്കാൾ 47 എം എം നീളവും 35 എം എം വീതിയും 40 എം എം വീൽബേസും കൂടി. ഉള്ളിലും ഈ അധികസ്ഥലം പ്രകടം.
∙ പ്രീമിയം: കഴിഞ്ഞ മോഡലിൽ നിന്ന് രൂപകൽപനാ രേഖകൾ കടം കൊണ്ടിട്ടുണ്ടെങ്കിലും കാഴ്ചയിലും ഉപയോഗത്തിലും കൂടുതൽ പ്രീമിയം ടച്ചുകൾ വന്നതാണ് പുതിയ സി ആർ വിയുടെ മുഖ്യമാറ്റം. പുറം കാഴ്ചയിൽത്തന്നെ വലിയൊരു എസ് യു വിയുടെ രീതി. നല്ല ഈടും ഉറപ്പും ഒാരോ ഘടകങ്ങളിലും പ്രതിഫലിക്കും. നഗര എസ് യു വി എന്ന സങ്കൽപത്തിൽ ഊന്നിയാണ് രൂപകൽപന. വലിയ വീൽ ആർച്ചും ക്രോം ഫിനിഷും. വിൻഡോകൾക്ക് ചുറ്റും ക്രോം ഫിനിഷ്. എൽ ഇ ഡി െെലറ്റുകളാണ് മുന്നിലും പിന്നിലും. 18 ഇഞ്ച് അലോയ്സ്.
∙ അന്തസ്: കറുപ്പും ബീജും സമന്വയിക്കുന്ന ഉള്ളിൽ ഡാഷ് ബോർഡിലും ഡോർപാഡുകളിലും വുഡൻ ഫിനിഷുമുണ്ട്. ഡാഷ്ബോർഡിനോട് ചേർന്നാണ് ഗിയർ ലിവർ. ഡീസൽ ഓട്ടമാറ്റിക്കിന് ഗിയർലിവറിലില്ല പകരം സ്വിച്ചുകൾ. മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീൽ. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ധാരാളം സ്റ്റോറേജ്. മുൻ സീറ്റുകളുടെ ഇടയിലെ ഹാൻഡ് റെസ്റ്റിൽ മൂന്നു തരത്തിൽ ക്രമീകരിക്കാവുന്ന സ്റ്റോറേജുണ്ട്.
∙ നല്ല സുഖം, സുരക്ഷ: മികച്ച നിലവാരമുള്ള മുൻ സീറ്റുകൾ എട്ടു തരത്തിൽ ക്രമീകരിക്കാം. രണ്ടാം നിരയ്ക്കും യാത്രാ സുഖം കുറയുന്നില്ല. എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ മോണിറ്റർ, മോഷൻ ആഡാപ്റ്റീവ് ഇലക്ട്രിക് സ്റ്റിയറിങ് എന്നിവയുണ്ട്. ഇടതുവശത്തേക്ക് തിരിയുമ്പോൾ കാഴ്ച കൂട്ടുന്നതിനായി ഇൻഡികേറ്ററിടുമ്പോൾ ആക്ടീവേറ്റാകുന്ന ലൈൻ വാച്ച് ക്യാമറ സുരക്ഷ കൂട്ടുന്നു.
∙ ഡീസലാണ് താരം: ഒാടിക്കാൻ സുഖം ഡീസൽ തന്നെ. നല്ല റെസ്പോൺസ്. ഒാട്ടമാറ്റിക്കിന്റെ ശക്തി വരുതിയിലാക്കാൻ മാനുവൽ പാഡിൽ ഷിഫ്റ്റുണ്ട്. മികച്ച ലോ, മിഡ് റേഞ്ചുകൾ ലഭിക്കും. ഹൈവേ ക്രൂസിങ്ങിലും നഗര െെഡ്രവിലും കൊള്ളാം. രണ്ടു ലീറ്റർ പെട്രോൾ എൻജിന് 154 ബിഎച്ച്പി. കരുത്തുണ്ട്. യാത്രാ സുഖവും െെഡ്രവബിലിറ്റിയും ഇവിടെയും ഒത്തുചേരുന്നു.
∙ വില? പ്രഖ്യാപനം വരുന്നതേയുള്ളൂ. 30 ലക്ഷത്തിൽ താഴെ നിന്നാൽ ഫോഡിനും ടൊയോട്ടയ്ക്കും മാത്രമല്ല ബി എം ഡബ്ല്യുവിനും ഒൗഡിക്കും ബെൻസിനും ഭീഷണിയാകും.