ഇന്ത്യയ്ക്കായി ഒരു നിസാൻ; അതാണ് കിക്സ്. ഇന്ത്യയിലെ ജനങ്ങൾക്കായി മാത്രം രൂപകൽപന ചെയ്ത മറ്റു കാറുകളുണ്ടാവാം. എന്നാൽ ഇന്ത്യയ്ക്കായി മാത്രം ഇറക്കുന്ന ആദ്യ നിസാനാണ് കിക്സ്. വലിയ കാറിന്റെ യാത്രാസുഖവും എസ്‌യുവിയുടെ കരുത്തും ഹാച്ച്ബാക്കിനൊത്ത ഡ്രൈവിങ് സൗകര്യവും മൾട്ടി പർപസ് വാഹനത്തിനു തുല്യം സ്റ്റോറേജ് സ്ഥലവുമൊക്കെയുള്ള സുന്ദരവാഹനം.
∙ ഇതു വേറെ: നിസാൻ കിക്സ് ഗൾഫും അമേരിക്കയുമടക്കം ലോകത്ത് പല രാജ്യങ്ങളിലുമുണ്ട്. എന്നാൽ ആ വാഹനമല്ല ഇവിടെ. മൈക്ര പ്ലാറ്റ്ഫോമിൽ നിർമിച്ച കുറച്ചു കൂടി ചെറിയ വാഹനമാണ് വിദേശ കിക്സ് എങ്കിൽ യഥാർത്ഥ മിനി എസ്‌യുവി പ്ലാറ്റ്ഫോമിലാണ് ഇന്ത്യൻ കിക്സ്.
∙ വലുപ്പം, ഗൗരവം: വിദേശ കിക്സിനെക്കാൾ വലുതാണെങ്കിലും അതേ രൂപഭംഗി ഇന്ത്യൻ കിക്സും നിലനിർത്തുന്നു. പെട്ടെന്നു കണ്ണെടുക്കാൻ തോന്നാത്ത രൂപഗുണം. വലിയ നിസാൻ ഗ്രില്ലും മസ്കുലർ വശങ്ങളും വീൽ ആർച്ചുകളും ഇരട്ട നിറത്തിലെ ഫിനിഷും കിക്സിന് നൽകുന്നത് വന്യ ഭംഗി.
∙ ആഡംബരക്കാഴ്ച: ലക്‌ഷ്വറി ക്രോസ്ഓവറാണെന്ന് ഒറ്റനോട്ടത്തിലേ പിടികിട്ടും. എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ്, കോർണറിങ് അസിസ്റ്റുള്ള ഫോഗ്‍ലാംപുകൾ എന്നിവ മുന്നഴകു കൂട്ടുന്ന ഘടകങ്ങൾ. വലിയ 17 ഇഞ്ച് അലോയ് വീലുകളും ഒത്ത വീൽ ആർച്ചുകളും. ഗ്രൗണ്ട് ക്ലിയറൻസ് 210 മിമി. കറുപ്പ് ഫിനിഷിൽ എ,ബി,സി പില്ലറുകൾ. ഫ്ലോട്ടിങ് റൂഫ് രൂപകൽപനയുള്ള മുകൾഭാഗത്ത് റൂഫ് റെയിലുണ്ട്, സൺറൂഫില്ല. റാപ് എറൗണ്ട് ടെയിൽ ലാംപും കറുത്ത ക്ലാഡിങ്ങിനു പുറമെ സിൽവർ ഫിനിഷുമുള്ള പിൻവശം.
∙ പ്രീമിയം: കറുപ്പും തവിട്ടു ലെതറിന്റെയും സങ്കലനമാണ് ഉൾവശത്തിന്. സോഫ്റ്റ് ടച്ച് ഡാഷിലും ഡോർ പാഡുകളിലുമുള്ള സ്റ്റിച്ഡ് ലെതർ ഇൻസേർട്ടുകൾ ആഡംബരം. സ്പീഡോ മീറ്റർ ഡിജിറ്റൽ, ബാക്കിയൊക്കെ അനലോഗ്. ലെതര്‍ സ്റ്റിയറിങ് വീലിൽ ക്രൂസ് കണ്‍ട്രോളുണ്ട്. സ്റ്റീരിയോ നിയന്ത്രണം തെല്ലു താഴെ സ്റ്റിയറിങ് കോളത്തിൽത്തന്നെ.
∙ ചുറ്റും കാണാം: 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. നിസാൻ കണക്റ്റിന്റേയും 360 ഡിഗ്രി ക്യാമറയുടേയും സ്ക്രീനായി പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം ഡ്രൈവർ സീറ്റിലിരുന്ന് കാറിനു ചുറ്റുമുള്ള കാഴ്ച നൽകുന്നു. മുന്നിലെ നിസാൻ ലോഗോയിലും വിങ് മിററുകളിലും പിൻ ബമ്പറിലും ഉറപ്പിച്ച ക്യാമറകളാണ് ഈ മാജിക് തീർക്കുന്നത്. ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല ഇങ്ങനൊരു ഏർപ്പാട്.
∙ സൗകര്യം: ധാരാളം സ്റ്റോറേജ് സ്ഥലം. നാലു ഡോറിലും ഒരു ലിറ്റർ ബോട്ടിൽ സൂക്ഷിക്കാം. പിന്നിലെ ലെഗ് റൂമും വലിയ ഡിക്കിയും ശ്രദ്ധേയം. യാത്രാസുഖവും ഒന്നാന്തരം. പിൻസീറ്റ് യാത്രക്കാർക്കായി എസി വെന്റുണ്ട്.
∙ എൻജിൻ: 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ. 5 സ്പീഡ് ഗിയർബോക്സുള്ള പെട്രോൾ എൻജിന് 106 പിഎസ്, 6 സ്പീഡ് ഡീസൽ എൻജിന് 110 പിഎസുണ്ട്. ഓട്ടമാറ്റിക് ഇപ്പോഴില്ല. ഓടിക്കാൻ തെല്ലു സുഖം കൂടുതൽ ഡീസൽ. കാരണം ശക്തിയും ഗിയർ മാറാതെ കുറഞ്ഞ വേഗത്തിലും കൂടിയ വേഗത്തിലും സഞ്ചരിക്കാം എന്നതു തന്നെ. ക്രൂസ് കൺട്രോൾ ഇടാതെ തന്നെ അതേ അനുഭവം. മികച്ച നിയന്ത്രണം. ഉയർന്ന വേഗത്തിലും സ്റ്റൈബിലിറ്റി.
∙ വില? തീരുമാനമായില്ല. അടുത്ത മാസം വിപണിയിലെത്തുമ്പോൾ അടിസ്ഥാന മോഡലുകൾക്ക് 10 ലക്ഷത്തിൽത്താഴെയായിരിക്കും വില.