അൾടൂരാസ് എന്ന വാക്കിനർത്ഥം ഉയർന്ന ഇടം എന്നാണ്. അൾടൂരാസ് ജി 4 എന്ന എസ്‌യുവിയിലൂടെ മഹീന്ദ്ര ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ ഇടയിൽ ഒരു ഉയർന്ന ഇടം സ്വന്തമാക്കിയിരിക്കുന്നു. വലുപ്പം കൊണ്ടു മാത്രമല്ല ആധുനികത കൊണ്ടും ആഡംബരം കൊണ്ടും സാങ്കേതികത കൊണ്ടും അൾടൂരാസ് എതിരാളികളെക്കാൾ ഉയർന്നു നിൽക്കുകയാണ്. വിലയിൽ മാത്രം തെല്ലു താഴെ നിൽക്കുന്നു.
∙ ഞങ്ങളെല്ലാം ഒ അല്ല: മഹീന്ദ്രയുടെ വാഹനനാമങ്ങളൊക്കെ അവസാനിക്കുന്നത് ‘ഒ’ എന്ന അക്ഷരത്തിലാണ്. ബൈക്കും കാറും മുച്ചക്രവുമൊക്കെ ‘ഒ’യിൽ അവസാനിക്കും. തൊട്ടു മുമ്പിറങ്ങിയ മരാസോ അടക്കം എല്ലാ മഹീന്ദ്രകളും അങ്ങനെ തന്നെ. ഇക്കാര്യത്തിന് അപവാദമാണ് അൾടൂരാസ്.
∙ സാങ്‌യോങ്: കൊറിയൻ സ്ഥാപനമായ സാങ്‌യോങ് മഹീന്ദ്ര വാങ്ങിയിട്ട് കുറെക്കാലമായി. അതേ വ്യാപാരനാമത്തിൽ റെക്സ്റ്റൻ എന്നപേരിൽ മഹീന്ദ്ര വാഹനങ്ങൾ വിൽക്കുന്നുമുണ്ട്. എന്നാൽ ഇന്ത്യയിൽ മഹീന്ദ്രയെന്നു വിളിക്കുന്നതാണ് കൂടുതൽ മെച്ചം എന്നു മനസ്സിലാക്കിയാവണം പുതിയ റെക്സ്റ്റനെ അൾടൂരാസ് ആക്കിയത്.
∙ മെഴ്സിഡീസ്: ബെൻസിനു വേണ്ടി വാഹനങ്ങളുണ്ടാക്കുന്ന സ്ഥാപനമാണ് സാങ്‌യോങ്. തൊണ്ണൂറുകളിലാരംഭിച്ച ബന്ധം ഇപ്പോഴും തുടരുന്നു. പല സാങ്‌യോങുകളുടെയും എൻജിനും ട്രാൻസ്മിഷനും ഷാസിയുമൊക്കെ മെഴ്സിഡീസ് തന്നെ. അൾടൂരാസും വിഭിന്നമല്ല.
∙ വലുപ്പം: തലയെടുപ്പുള്ള കൊമ്പൻ എഴുന്നെള്ളി നിൽക്കുന്നതു പോലെയാണ് അൾടൂരാസ്. വലിയ ക്രോം ഗ്രിൽ മഹീന്ദ്രയാണെന്ന് ഓർമപ്പെടുത്തുന്നു. 18 ഇഞ്ച് അലോയ്സ്. വലിയ വീൽ ആർച്ചുകളും ഒഴുകിയിറങ്ങുന്ന വശങ്ങളും. റോഡിലിറങ്ങിയാൽ ബഹുമാനം ഉറപ്പ്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും മാത്രമല്ല ബസുകൾ പോലും പ്രതിപക്ഷബഹുമാനം നൽകും.
∙ ആഡംബരം: നാപാ ലെതർ സീറ്റുകളും ഡോർ, ഡാഷ് ഇൻസേർട്ടുകളും, സുഖകരമായ സീറ്റുകൾക്ക് ഇലക്ട്രോണിക് ക്രമീകരണം, ഡ്യുവൽ സോൺ എ സി, മൂഡ് ലൈറ്റിങ്, സീറ്റ് വെൻറിലേഷൻ, ഇലക്ട്രിക് സൺ റൂഫ്, 20 സെ മി ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഓട്ടൊ ഹോൾഡ്, പിൻവശത്തിനു പുറമെ വശങ്ങളും മുൻവശവും കാട്ടുന്ന 360 ക്യാമറ സംവിധാനം തുടങ്ങി എല്ലാമുണ്ട്. മൂന്നു നിരയിലായി സീറ്റുകൾ. എല്ലാ സീറ്റിനും എസിയും കപ്ഹോൾഡറും. വലുപ്പം പുറത്തു മാത്രമല്ല അകത്തുമുണ്ട്.
∙ ബെൻസാ... 178 ബി എച്ച് പി 2.2 ലീറ്റർ നാലു സിലണ്ടർ എൻജിൻ ബെൻസിൽ അധിഷ്ഠിതമാണെങ്കിൽ ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് തനി ബെൻസ്. എൻജിൻ പെർഫോമൻസിനെപ്പറ്റി പറഞ്ഞാൽ തീരില്ല. ശക്തി മാത്രമല്ല, ശബ്ദമോ വിറയലോ ഇല്ലാത്തതും മികവായി മാറുന്നു. അനായാസം തിരിക്കാവുന്ന സ്റ്റീയറിങ് കൂടി ചേരുമ്പോൾ ചെറിയൊരു കാറോടിക്കുന്ന ലാഘവം. ഏതു ദുഷ്കരമായ പാർക്കിങ്ങും ക്യാമറകളുടെ സേവനം കൊണ്ട് ആയാസരഹിതമാകും.
∙ സുരക്ഷ: വലുപ്പം നൽകുന്ന സുരക്ഷയ്ക്കു പുറമെ 9 എയർ ബാഗ്, ഇ എസ് പി, ഹിൽ അസിസ്റ്റ്, റോളോവർ പ്രൊട്ടക്ഷൻ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസെൻഡ്, എ ബി എസ് എന്നിവയുമുണ്ട്.
∙ മോഡലുകൾ: ഡീസലിൽ 2, 4 വീൽ മോഡലുകളുണ്ട്. അഞ്ചു നിറങ്ങൾ. മാനുവൽ മോഡൽ ഇപ്പോഴില്ല.
∙ വില: 26.95 ലക്ഷം മുതൽ.
∙ ടെസ്റ്റ് ഡ്രൈവ്: ടി വി എസ് മഹീന്ദ്ര 9633625688