മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ പഴമുറക്കാരാരോ പണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെക്കണ്ടതായൊരു കഥയുണ്ട്. ആവശ്യം നിസ്സാരം. കാറുണ്ടാക്കണം. ലൈസൻസിങ്ങിലൂടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന അക്കാലത്ത് ജീപ്പുമായി തൽക്കാലം തുടരാനായിരുന്നു നിർദ്ദേശം. പിന്നെയാ മോഹങ്ങൾ പൊടി തട്ടിയെടുത്തത് തൊണ്ണൂറുകളിലാണ്. ഫോഡുമായി ചേർന്ന് ചെന്നെയിൽ നിന്ന് ആദ്യ മഹീന്ദ്ര കാർ ഇറങ്ങി. ഫോഡ് എസ്കോർട്ട് ആ ബന്ധം ശോഭിച്ചില്ല. ഫോഡ് സ്വന്തരീതിയിൽ കാറിറക്കിത്തുടങ്ങി. മഹീന്ദ്ര വിട്ടില്ല. ഫ്രാൻസിലെ റെനോയുമായിച്ചേർന്ന് ലോഗൻ നിർമിച്ചു. ആ ബന്ധവും അകാലത്തിൽ പിരിഞ്ഞു. പക്ഷെ ഇത്തവണ മഹീന്ദ്ര ലോഗനെന്ന മോഡൽ വിട്ടു കാടെുത്തില്ല. വെറിറ്റോയാക്കി കൂടെക്കൂട്ടി. ഇതിനിടെയാണ് ദക്ഷിണ കൊറിയയിലെ സാങ് യോങ് മഹീന്ദ്ര ഏറ്റെടുത്തത്. സാങ് യോങാണെങ്കിൽ കാറു മാത്രമല്ല, എസ് യു വികളും എം യു വികളും നിർമിക്കുന്നതിൽ മിടുക്കർ.
∙ പഴങ്കഥയിൽ പതിരില്ല: ബന്ധങ്ങളുടെ പഴങ്കഥ പറഞ്ഞത് വെറുതെയല്ല. മഹീന്ദ്ര സ്വന്തമാക്കിയ സാങ്കേതികതകളും മികവുകളും കാറുണ്ടാക്കുകയെന്ന പഴയ സ്വപ്നത്തോട് അവരെ ഏറെ അടുപ്പിച്ചു കഴിഞ്ഞു. അതിനു തെളിവാണ് മഹീന്ദ്രയുടെ സ്പോർട്്സ് യൂട്ടിലിറ്റി വാഹനമായ ടി യു വി ത്രി ഡബിൾ ഒ (300 എന്നു പറയരുത്). കാറുകളെപ്പോലെ മോണോ കോക് ബോഡിയല്ലെങ്കിലും കാറുകളെ വെല്ലുന്ന യാത്രാസുഖവും ജീപ്പുകളുടെ കടുകട്ടിയും ഇവിടെയുണ്ട്. ഏറ്റവും പുതിയ സ്കോർപിയോയുടെ ഷാസി പങ്കു വയ്ക്കുന്നതാണ് ടി യു വിയുടെ വിജയം. ശക്തി തെല്ലു പോരെന്ന പരാതിക്കു വിരാമമിട്ട് എം ഹാക്ക് സീരീസ് എൻജിനും ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷനുമായി പുതിയ ടി യു വി ഈയിടെ ഇറങ്ങി.
∙ കഠിനം ഈ മഹീന്ദ്ര: യുദ്ധ ടാങ്കു പോലെയത്രെ ടി യു വി. മഹീന്ദ്ര അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ടി യു വിയിലെ ടിയുടെ അർത്ഥം ടഫ് എന്നാണ്. കഠിനം. കാഠിന്യം കാഴ്ചയിൽത്തന്നെ പ്രകടം. ചതുര വടിവുകളുമായി ടാങ്ക് സമാന രൂപകൽപന. 1700 കിലോയോളം തൂക്കം. ഉയർന്ന നിൽപ്. ഫുട്ബോർഡ് വേണം ഉള്ളിലെത്താൻ. ജീപ്പ് തന്നെ. കാലികമായി മാറ്റങ്ങൾ വന്ന ജീപ്പ്. സുഖമായി ഓഫ് റോഡിങ് നടത്താനാവുന്ന ബോഡി. മഹീന്ദ്ര നാലു വീൽ ഡ്രൈവ് നൽകാൻ എന്താണാവോ വൈകുന്നത്.
∙ ചതുരവടിവ്: പതിവു രൂപത്തിന് മാറ്റമില്ല. ഫെൻഡറിൽ എം ഹാക്ക് ലോഗോ വന്നു. ക്രോം ഇൻസേർട്ടുകളുള്ള വലിയ ഗ്രില്ലുകളും ചതുര ഹെഡ്‌ലാംപുകളും ചതുര വടിവു വിടാത്ത ഫോഗ്‌ലാംപുകളുമൊക്കെയായി പ്രത്യേകതകളുള്ള രൂപം. സ്പോർട്ടി അലോയ് വീലുകളും മോൾഡഡ് കവറുള്ള സ്പെയർ വീലുകളും റൂഫ് റെയിലിങ്ങും കൊള്ളാം
∙ ഉള്ളെല്ലാം പൊന്നാണ്: പ്രീമിയം. നല്ലൊന്നാന്തരം ഡാഷ് ബോർഡ്, സ്റ്റീയറിങ്, ക്യാപ്റ്റൻ സീറ്റുകൾ, മേൽത്തരം ഫാബ്രിക്, ധാരാളം സ്ഥലം, പിറകിൽ മടക്കിവയ്ക്കാവുന്ന സീറ്റുകൾ. ഫുട്ബോർഡിൽ ചവുട്ടി കയറണം എന്നെതൊഴിച്ചാൽ ബാക്കിയെല്ലാം കാറു പോലെ.
∙ ഒന്നും പേടിക്കാനില്ല: ഡ്യൂവൽ എയർ ബാഗ്, എ ബി എസ്, ഡിജിറ്റൽ ഇമ്മൊബിലൈസർ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമെ ബോഡി നിർമാണത്തിലെ സാങ്കേതികതയും ജന്മനായുള്ള കാഠിന്യവും ടി യു വിയെ ഏറ്റവും സുരക്ഷിതമായ മഹീന്ദ്ര ജീപ്പാക്കുന്നു.
∙ ഓടിച്ചാൽ പറക്കും: എം ഹാക്ക് മൂന്നു സിലണ്ടർ എൻജിന് 100 ബി എച്ച് പിയാണ് ശക്തി. 16 ബി എച്ച് പി കൂടുതൽ. ശബ്ദമോ വിറയലോ ഇല്ലേയില്ല. ഇക്കാര്യത്തിൽ മഹീന്ദ്രയെ സമ്മതിക്കണം. ദിവസം പ്രതിയെന്നോണം നന്നായി വരുന്നു. മാനുവൽ, ഓട്ടൊ മോഡലുകളുണ്ട്. നഗര ഉപയോഗത്തിലും മറ്റും ഓട്ടൊ തിളങ്ങുമ്പോൾ വളവും തിരിവും കയറ്റിയിറക്കങ്ങളും താണ്ടാൻ മാനുവലാണ് മിടുക്കൻ.
∙ യാത്രയാണ് സുഖം: ഷാസിയിലുറപ്പിച്ച ബോഡി സാങ്കേതികമായിപ്പറഞ്ഞാൽ നല്ല യാത്രാസുഖത്തിനുള്ളതല്ല. എന്നാൽ ഇവിടെ അത്ഭുതങ്ങൾ തീർക്കുന്നത് സസ്പെൻഷനാണ്. ധാരാളം സസ്പെൻഷൻ ട്രാവൽ അനുവദിക്കുന്ന മുൻ പിൻ കോയിൽ സ്പ്രിങ് യൂണിറ്റുകൾ ഒത്തു ചേർന്ന് വൻ കുഴികളെപ്പോലും ചെറുതാക്കും.
∙ ടെസ്റ്റ് ഡ്രൈവ്: ഇറാം മോട്ടോഴ്സ് 9388396162
∙ വലിയ വിലയില്ല: ടി4-7.63 ലക്ഷം, ടി4പ്ലസ്- 7.99 ലക്ഷം, ടി6-8.30 ലക്ഷം, ടി6 പ്ലസ്-8.56 ലക്ഷം, ടി 6 എഎംടി- 9.31 ലക്ഷം, ടി8- 9.19 ലക്ഷം, ടി 8 100 ബിഎച്ച്പി- 9.27 ലക്ഷം, ടി8 100ബിഎച്ച്പി ഡ്യുവൽ ടോൺ- 9.42 ലക്ഷം, ടി 8 എഎംടി-9.94 ലക്ഷം, ടി8 എഎംടി 100 എച്ച്പി- 10.02 ലക്ഷം.