ലോകത്തിലെതന്നെ ആദ്യ കാർ നിർമാതാക്കളിലൊന്നായ മെഴ്ഡിസീസ് ബെൻസ് 1994 ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാല്‍ അതിനും വര്‍ഷങ്ങൾക്കുമുമ്പേ ബെൻസ് എന്ന പേര് നമുക്കു സുപരിചതമാണ്. ഇന്ത്യയിൽ മെഴ്സിഡീസ് ബെൻസ് എന്നാൽ ആഡംബരം എന്നു ചേർത്തു വായിക്കണം. എ ക്ലാസ് തുടങ്ങി മെബാക്ക് വരെയുള്ള അവരുടെ മോഡൽ നിരയിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് ജിഎൽസി. മാത്രമല്ല കമ്പനി പ്രാദേശികമായി നിർമിക്കുന്ന ഒൻപതാമത്തെ മോഡലുമാണ് ജിഎൽസി.
ജിഎൽസിയുടെ ഡീസൽ മോഡലായ 220 ഡി ഫോർമാറ്റിക്ക് ടെസ്റ്റ് ഡ്രൈവ്.
∙ജിഎൽസി: ഓഫ് റോഡ് വാഹനം എന്നർഥം വരുന്ന ജർമൻ വാക്കിൽനിന്നാണ് ജിഎൽസിയുടെ ‘ജി’ വന്നിരിക്കുന്നത്. ഇവൻ മാത്രമല്ല ബെൻസിന്റെ എല്ലാ എസ്‌യുവികളുടേയും പേര് ആരംഭിക്കുന്നത് ‘ജി’യിൽ നിന്നാണ്. ‘ജി’യെ തൊട്ടടുത്ത വാക്കുമായി ബന്ധിപ്പിക്കാനാണ് ‘എൽ’ ഉപയോഗിക്കുന്നത്. അടുത്ത വാക്ക് ഏതു സെഡാനിനു സമമാണ് വാഹനം എന്നു കാണിക്കുന്നതാണ്. ‘ജിഎൽസി’ എന്നാൽ ‘സി’ ക്ലാസ് സെഡാനോടു സാമ്യമുള്ള എസ്‌യുവി എന്നർഥം. ബെൻസിന്റെ എസ്‌യുവിയായ ജിഎൽകെയുടെ പിൻഗാമിയായി 2015 ലാണ് ജിഎൽസി വിപണിയിലെത്തുന്നത്.
∙ഡിസൈൻ: സി ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ജിഎൽസിയുടെ ഉത്ഭവം, മിഡിസൈസ് സെഗ്‌മെന്റിൽ ഒൗഡി ക്യു5 നോടും ബിഎംഡബ്‌ള്യു എക്സ് 3 യോടുമാണ് ജിഎൽസി മത്സരിക്കുന്നത്. സി ക്ലാസ് സെഡാന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ജിഎൽസി നിർമിച്ചിരിക്കുന്നതെങ്കിലും സി ക്ലാസിനെക്കാളും 33 എംഎം വീൽബേസ് കൂടുതലുണ്ട് ജിഎൽസിക്ക്. എസ്‌യുവി ലുക്കുണ്ടെങ്കിലും മുന്നിലെ ഗ്രില്ലിന് സി ക്ലാസിനോടാണ് സാമ്യം.
മസ്കുലറായ ബംബറും ക്രീസ് ലൈനുകളുമാണ് മുന്നിൽ. ബ്രഷ്ഡ് അലുമിനിയത്തിന്റെയും ക്രോമിന്റെയും സ്പർശമുള്ള ഗ്രില്ലിലാണ് ബെൻസിന്റെ ത്രീ പോയിന്റഡ് സ്റ്റാർ ലോഗോ. ഓട്ടമാറ്റിക്കായി ക്രമീകരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റിൽ കോർണറിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. കുറഞ്ഞ ഊർജം ഉപയോഗിച്ച് കൂടുതൽ പ്രകാശം പൊഴിക്കുന്നതാണ് ഹെഡ്‌ലൈറ്റ്. വശങ്ങളിലെ മസ്കുലറായ ബോഡി ലൈനുകൾ എസ്‌യുവിത്വം വർധിപ്പിക്കുന്നുണ്ട്. അലുമിനിയം റണ്ണിങ് ബോർഡ് വാഹനത്തിന് സ്പോർടി ഭാവം നൽകുന്നു. 18 ഇഞ്ച് അലോയ് വീലുകളാണ്. ക്രോം ഫിനിഷ്ഡ് ഡ്യുവൽ എക്സോസ്റ്റും ക്വിഡ് പ്ലേറ്റും സ്പോർട്ടിനെസ്സിനൊപ്പം മസിൽ ലുക്കും നൽകുന്നു. അഡാപ്റ്റീവ് ഇല്യൂമിനേഷനോടുകൂടിയ എൽഇഡി ടെയിൽലാംപാണ്.
∙ ഉള്ളിൽ: ബ്ലാക്കും ബീജും ഇടകലർന്ന ഇന്റീരിയറിന് സി ക്ലാസിനോടു സാമ്യം. തടിയുടെയും അലുമിനിയത്തിന്റെയും ഫിനിഷുകളും ക്രോം ചുറ്റുള്ള വെന്റുകളും മെറ്റൽ ഫിനിഷുള്ള സ്വിച്ചുകളും ഇരട്ട തുന്നലോടുകൂടിയ തുകലും എല്ലാം പ്രൗഢി കൂട്ടുന്നു. പാഡിൽ ഷിഫ്റ്റോടു കൂടിയ മൾട്ടിഫങ്ഷൻ സ്റ്റിയറിങ് വീലാണ്. സ്റ്റിയറിങ് ഇലക്ട്രിക്കായി ക്രമീകരിക്കാം. ഉയരവും അകലവും ലുബാർ–സപ്പോർട്ടുമെല്ലാം ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വലിയ മുൻ സീറ്റുകളാണ്. ലെഗ് സ്പെയ്സും നീ റൂമും ഹെഡ് റൂമും ധാരാളം. രണ്ടാം നിര എസി വെന്റ് പിൻയാത്ര സുഖകരമാക്കും. തൈ സപ്പോർട്ട് കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ മുഴുവൻ മാർക്കും നൽകാമായിരുന്നു. പനോരമ സൺറൂഫാണ്. 550 ലീറ്റർ ബൂട്ട് സ്പെയ്സുണ്ട്.
∙ എൻജിൻ: 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡി 4 മാറ്റിക്കിൽ ഉള്ളത്. 3300-4200 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 1400 ആർപിഎമ്മിൽ 400 എൻഎം ടോർക്കുമുണ്ട്. ഇക്കോണമി, കംഫർട്, സ്പോർട്, സ്പോർട് പ്ലസ് എന്നിങ്ങനെ നാലു മോഡുകളുണ്ട്. ഇക്കോണമി മോഡിൽ വാഹനം സൗമ്യനാണ്. ഇന്ധനക്ഷമതയ്ക്ക് കൂടുതൽ പ്രാധാന്യം. കംഫർട്ട് മോഡിൽ യാത്രാസുഖവും കരുത്തും ഒരുപോലെ പ്രദാനം ചെയ്യുന്നു. വാഹനത്തിന്റെ കരുത്തു മുഴുവൻ പുറത്തുകാട്ടുന്ന മോഡുകളാണ് സ്പോർട്ടും സ്പോർട് പ്ലസ്സും. ഈ മോഡുകളിൽ എൻജിന്റെ സ്വരം കടുപ്പമാകും. ഒാഫ് റോഡിങ്ങിനായി നാലു മോഡുകളുണ്ട്– സ്ലിപ്പറി, ഒാഫ്റോഡ്, ഇൻക്ലൈൻ, ടോവിങ് ട്രെയ്‍ലേഴ്സ്.
∙സുരക്ഷ: ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, അറ്റെൻഷൻ അസിസ്റ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ജിഎൽസിയിലെ യാത്ര സുരക്ഷിതമാക്കുന്നു.
∙ വിധി: വിശാലമായ ഇന്റീരിയർ, സുഖ–സുരക്ഷിത യാത്ര, കിടിലൻ പെർഫോമൻസ്, ഒാഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത ഇവയെല്ലാം കൂടിച്ചേർന്ന ലക്‌ഷ്വറി എസ്‌യുവിയാണ് ജിഎൽസി.