ക്ലാസ് പറഞ്ഞാൽ അത്ര വലിയ പാരമ്പര്യമൊന്നും പറയാൻ ജി എൽ സിക്കില്ല. മെഴ്സെഡിസ് നിരയിലെ പുതുമോടിയാണ് ജി എൽ സി. രണ്ടു കൊല്ലം മുമ്പ് ആദ്യമായി അവതരിപ്പിച്ചു. കഴിഞ്ഞ കൊല്ലം വിപണിയിലെത്തി. ഒൗഡി ക്യൂ 5 നോടും ബി എം ഡബ്ല്യു എക്സ് 3 നോടും നേരിട്ടു പോരാടിയിരുന്ന ജി എൽ കെ ക്ലാസിനു പകരക്കാരാനായാണ് ജി എൽ സി പിറന്നത്.
∙ സി ക്ലാസ് എസ് യു വി: സി ക്ലാസിനു തുല്യമായ എസ് യു വിയാണത്രെ ജി എൽ സി. ജി എന്നാൽ ഓഫ് റോഡിങ്. സി എന്നാൽ സി ക്ലാസ്. ഈ രണ്ട് അക്ഷരങ്ങളെ ജർമൻ ഭാഷയിൽ സന്ധി ചേർക്കുന്ന എൽ. ജി എൽ സി എന്നു കൂട്ടി വായിക്കുമ്പോൾ സി ക്ലാസിനു സമാനമായ എസ് യു വി എന്നർത്ഥം.
∙ ജി എന്നാൽ ഓഫ് റോഡിങ്: സി ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ജി എൽ സിയുടെ രൂപകൽപന. സി ക്ലാസ് പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിച്ചിരിക്കുന്നതെങ്കിലും സി ക്ലാസിനെക്കാളും 33 എം എം വീൽബേസ് കൂടുതലുണ്ട്. എസ് യു വി ലുക്കുണ്ടെങ്കിലും മുന്നിലെ ഗ്രില്ലിൽ ഈ സി ക്ലാസ് ബന്ധം കണ്ടെത്താം. സി ക്ലാസ് ഗ്രിൽ തന്നെ.
∙ കരുത്തൻ: പേശിബലം തെളിയിക്കുന്ന ബംബറും ലൈനുകളുമാണ് മുന്നിലാകെ. ബ്രഷ്ഡ് അലുമിനിയത്തിന്റെയും ക്രോമിന്റെയും സ്പർശമുള്ള ഗ്രില്ലിലാണ് ത്രീ പോയിന്റഡ് സ്റ്റാർ. സ്വയം ക്രമീകരിക്കുന്ന എൽ ഇ ഡി ഹെഡ് ലൈറ്റിന് കോർണറിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. കുറഞ്ഞ ഊർജം ഉപയോഗിച്ച് കൂടുതൽ പ്രകാശം നൽകും. വശങ്ങളിലെ മസ്കുലറായ ബോഡി ലൈനുകൾ ഗൗരവം കൂട്ടുന്നു.
∙ സ്പോർട്ടി: അലുമിനിയം റണ്ണിങ് ബോർഡ് സ്പോർടി ഭാവം നൽകുന്നുണ്ട്. കൂട്ടിന് 18 ഇഞ്ച് അലോയ് വീലുകൾ. ക്രോം ഫിനിഷുള്ള ഡ്യുവൽ എക്സോസ്റ്റും സ്ക്വിഡ് പ്ലേറ്റും സ്പോർട്ടിനെസ്സിനൊപ്പം കരുത്തൻ ഭാവവും നൽകുന്നു. അഡാപ്റ്റീവ് ഇല്യൂമിനേഷനോടുകൂടിയ എൽ ഇ ഡി ടെയിൽ ലാംപ്.
∙ കാറിനൊത്ത ഉൾവശം: കറുപ്പും ബെയ്ജും ഇടകലർന്ന ഇന്റീരിയറിന് സി ക്ലാസിനോടു സാമ്യം. തടിയുടെയും അലുമിനിയത്തിന്റെയും ഫിനിഷുകളും ക്രോം ചുറ്റുള്ള വെന്റുകളും മെറ്റൽ ഫിനിഷുള്ള സ്വിച്ചുകളും ഇരട്ട തുന്നലോടുകൂടിയ സീറ്റുകളും പ്രൗഢി കൂട്ടുന്നു. പാഡിൽ ഷിഫ്റ്റോടു കൂടിയ മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീലാണ്. സ്റ്റിയറിങ് ഉയരവും അകലവും എല്ലാം ഇലക്ട്രിക്കലായി ക്രമീകരിക്കാം.
∙ കാറിനെക്കാൾ നല്ല സീറ്റ്: വലിയ മുൻ സീറ്റുകളാണ്. ലെഗ് സ്പെയ്സും നീ റൂമും ഹെഡ് റൂമും ധാരാളം. രണ്ടാം നിര എസി വെന്റ് പിൻ യാത്ര സുഖകരമാക്കും. കാലുകൾക്ക് കുറച്ചു കൂടി സപ്പോർട്ട് ആകാമായിരുന്നു. മുകൾവശം പൂർണമായി മാറുന്ന പനോരമിക് സൺറൂഫാണ്. 550 ലീറ്റർ ബൂട്ട് ഇടം.
∙ ഡ്രൈവിങ്ങും സുഖം: 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡി 4 മാþറ്റിക്ക് മോഡലിന്്. 3300–4200 ആർ പി എമ്മിൽ 168 ബി എച്ച് പി കരുത്തും 1400 ആർ പി എമ്മിൽ 400 എൻ എം ടോർക്കുമുണ്ട്. ഇക്കോണമി, കംഫർട്, സ്പോർട്, സ്പോർട് പ്ലസ് എന്നിങ്ങനെ നാലു മോഡുകൾ. ഇക്കോണമി മോഡിൽ ഇന്ധനക്ഷമതയ്ക്ക് കൂടുതൽ പ്രാധാന്യം. കംഫർട്ട് മോഡിൽ യാത്രാസുഖവും കരുത്തും ഒരുപോലെ. കരുത്തു മുഴുവൻ പുറത്തെടുക്കുന്ന മോഡുകളാണ് സ്പോർട്ടും സ്പോർട് പ്ലസും. ഈ മോഡുകളിൽ എൻജിൻ സ്വരം കടുപ്പിക്കും. പ്രകടനം മാറും. ഓഫ് റോഡിങ്ങിനായി നാലു മോഡുകൾ – സ്ലിപ്പറി, ഓഫ്റോഡ്, ഇൻക്ലൈൻ, ടോവിങ് ട്രെയ്‌ലേഴ്സ്.
∙ എന്തിനു വാങ്ങണം ? സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത. ആഡംബരത്തിനു പുറമെ ഇക്കാര്യങ്ങളും നോക്കുന്നവർക്കാണ് 52 ലക്ഷത്തിൻറെ ജി എൽ സി.