ഇതെന്താ ഇവിടെയൊക്കെ പൂക്കൾ പറിച്ചിട്ടിരിക്കുന്നത് ? മുറ്റത്തിരുന്ന് പൂക്കളമിടുന്ന ഗീതയോട് അമ്മ ചോദിച്ചു. ഇന്നത്തമല്ലേ ? അമ്മയിട്ടിരുന്നതു പോലെ അത്തം തൊട്ട് പൂക്കളമിടണമെന്ന് മകൾ വിളിച്ചപ്പോൾ പറഞ്ഞിരുന്നില്ലേ ? അമ്മ കൂടുന്നോ ? അത്തം, ഓണം, അത്തം, ഓണം… അമ്മയുടെ മനസ്സ് കേട്ട വാക്കുകളെ ഓർമ്മകളുമായി കൂട്ടിച്ചേർക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നു.
ഗീത വീട്ടിലുള്ള പൂക്കൾ കൊണ്ട് ഒരു കൊച്ചു പൂക്കളമുണ്ടാക്കി. തൃപ്തിയോടെ അമ്മയെ നോക്കി. ഒന്നര വർഷത്തോളമായി ഗീത അമ്മയുടെ അടുത്ത് ഈ വീട്ടിലെത്തിയിട്ട്. ഒരു ഏജൻസി വഴി വന്ന ഹോം നഴ്സാണ് ഗീത. അടുക്കളയിൽ സഹായത്തിന് എന്നും ഉച്ചവരെ വന്നു പോകുന്ന റോസിച്ചേച്ചിയുമുണ്ട്. അമ്മയും ഗീതയുമാണ് ഈ വീട്ടിലെ സ്ഥിര താമസക്കാർ. അച്ഛൻ നാലു വർഷം മുമ്പ് മരിച്ചു. മകളും കുടുംബവും അമേരിക്കയിലും മകനും കുടുംബവും ഗൾഫിലുമാണ്. അത്തത്തിന് തുളസിയും തുമ്പയുമാണിടുന്നത്. വിദൂരതയിലേക്ക് കണ്ണ് നട്ട് അമ്മ പറഞ്ഞു. ആണോ ? അമ്മ പറഞ്ഞു തന്നാൽ മതി. നാളെത്തൊട്ട് അമ്മ പറയുന്നതുപോലെ ഞാൻ പൂക്കളമൊരുക്കാം.
എന്റെ മരുന്ന് തന്നില്ലല്ലോ? രാത്രിയിലെ മരുന്ന്… ഉറങ്ങുന്നതിന് മുമ്പുള്ള മരുന്ന്. ഗീത അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് നടത്തി. ഇതിപ്പോൾ രാവിലെയല്ലേ ? രാവിലെ രുന്നൊന്നുമില്ലല്ലോ.
ഗീത അമ്മയ്ക്കു പ്രഭാത ഭക്ഷണത്തിനുള്ള ദോശയും ചമ്മന്തിയും ചായയും മേശപ്പുറത്ത് വച്ചിട്ട്, അമ്മയെ ഒരു കസേര വലിച്ചിട്ട് ഇരുത്തി. ചിലപ്പോൾ നിർബന്ധിച്ചാലെ കഴിക്കൂ. ചിലപ്പോൾ വീണ്ടും വീണ്ടും ചോദിച്ച് നിർത്താതെ കഴിക്കും.
തലച്ചോറിലെ പല സന്ദേശങ്ങളും പകുതിക്കു വച്ച് നഷ്ടപ്പെട്ട് പോകുന്നു. ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിൽ പെൻഡുലം പോലെ ആടുന്ന മനസ്സ് !
ഓണത്തിന് പാലടയും ശർക്കരപ്പായസവും വേണം. മോൾക്ക് ശർക്കരപ്പായസമാണിഷ്ടം, അച്ഛനും മകനും പാലടയും അമ്മയുടെ മുഖം നിറയെ ഒരു ചിരി പടർന്നു. വെയ്ക്കാം ഒക്കെ വെയ്ക്കാം. ഗീത ചമ്മന്തിയിൽ മുക്കി ദോശ അമ്മയുടെ വായിൽ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.
ഫോണടിക്കുന്നു. ഗീത ഫോണെടുത്തു. മകളാണ്, രാവിലെയുള്ള പതിവ് വിളി. പൂക്കളം കണ്ടപ്പോൾ അമ്മയ്ക്കു നല്ല സന്തോഷമുണ്ട്. എന്തൊക്കെയോ ഓർമ്മ വരുന്നതുപോലെ. ഗീത അമ്മയുടെ വിശേഷങ്ങൾ പറഞ്ഞശേഷം അമ്മ മിണ്ടിത്തുടങ്ങി. മകളുടെ ചോദ്യങ്ങൾക്ക് ബന്ധമില്ലാത്ത എന്തൊക്കെയോ മറുപടികൾ മറവിയുടേയും ഓർമ്മയുടേയും ഇടയിലൽ ചിതറി വീഴുന്ന ചില മുത്തുമണികൾ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു.
അമ്മയുടെ ശബ്ദം കേൾക്കുക, അതാണ് മകൾക്ക് പ്രധാനം. ഓണത്തിന് എന്നാ എത്തുക ? രണ്ടീസം നേരത്തെയെത്തണം. ഗോപിയുടെ കടയിൽ കുഞ്ഞുങ്ങൾക്ക് ഓണക്കോടി തുന്നിക്കണം. പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിന് മുമ്പിൽ മകൾ ഒന്നു പതറി. പക്ഷെ അമ്മയ്ക്കു വെറുതെ പ്രതീക്ഷ കൊടുക്കണ്ടല്ലോ എന്നോർത്ത് മകൾ പറഞ്ഞു. ഈയോണത്തിന് വരാൻ പറ്റില്ലല്ലോ അമ്മേ. എല്ലായിടത്തും അസുഖമല്ലേ. അമ്മ കേട്ടില്ലേ, കൊറോണ ? അടുത്ത വർഷം നമുക്കെല്ലാവർക്കും കേമമായി ഓണം വയ്ക്കണം. മകളുടെ ശബ്ദം ഇടറി.
അമ്മ അതൊന്നും കേൾക്കുന്നേയില്ല. ഓണക്കോടിയെടുക്കണം കുട്ടികൾക്ക്. അച്ഛനെവിടെ ? ഗീത അമ്മയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി മകളെ ആശ്വസിപ്പിച്ചു.
അമ്മ മെല്ലെ നടന്ന് മുറ്റത്തിറങ്ങി. ഇതെന്താ ഈ ചെടിയും പൂക്കളുമൊക്കെ ഇങ്ങനെ നിരത്തിയിട്ടിരിക്കുന്നത്. ? ഇന്ന് മുറ്റമടിച്ചില്ലേ. ഗീത ക്ഷമയോടെ പൂക്കളത്തേക്കുറിച്ചും വരാനിരിക്കുന്ന ഓണത്തേക്കുറിച്ചും വീണ്ടും അമ്മയെ ഓർമ്മിപ്പിച്ചു.
അമ്മയുടെ മുറിയിലെ കിടക്കവിരി മാറ്റി പുതിയതിടുന്നതിനിടയിൽ എല്ലാവരും ഓണത്തിനു വരുമെന്നും വീടൊക്കെ വൃത്തിയാക്കണമെന്നും അമ്മ ഗീതയെ ഓർമ്മിപ്പിച്ചു.
ഗീത ഇതിനു മുമ്പും വയ്യാത്ത അച്ഛനമ്മമാരെ നോക്കാൻ പലയിടത്തും നിന്നിട്ടുണ്ട്. ആദ്യമായിട്ടാണ് മറവി രോഗമുള്ള ഒരാളെ നോക്കുന്നത്. നല്ലയൊരമ്മ. സ്നേഹമുള്ള മക്കൾ. മകൾ വർഷത്തിലൊരിക്കൽ വരും. മകൻ മൂന്നോ നാലോ പ്രാവശ്യം വന്ന് വേണ്ടതൊക്കെ ചെയ്തിട്ട് പോകും. ഈയോണത്തിന് എല്ലാവരും കുടുംബസമേതം വരാനിരുന്നതാണ്. കൊറോണ വന്നതോടെ എല്ലാ പദ്ധതികളും തകിടം മറിഞ്ഞു.
അമ്മയ്ക്ക് ഗീതയെ വളരെ ഇഷ്ടമാണ്. മോളേ എന്നാണ് വിളിക്കുക. സ്കൂളിൽ ടീച്ചറായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ശിഷ്യന്മാരാണ് നാട്ടിൽ മുഴുവൻ.
എന്നും ആരെങ്കിലുമൊക്കെ കാണാൻ വരും. ആരേയും ഓർത്തെടുക്കാൻ പറ്റില്ലെങ്കിലും കാണാൻ ആരെങ്കിലും വരുന്നത് അമ്മയ്ക്കു സന്തോഷമാണ്.
ഉച്ചഭക്ഷണം കൊടുത്ത് ഗീത അമ്മയെ മുറിയിൽ കട്ടിലിലിരുത്തി. ഇനിയൊന്നുറങ്ങും. രാവിലെ തൊട്ട് പല കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ച് തളർന്ന മനസ്സിന് വിശ്രമം കിട്ടുന്ന സമയം.
ഒരു കണക്കിനു പറഞ്ഞാൽ മറവി ഒരനുഗ്രഹമാണ്. ഗീത ഓർത്തു. വിഷമിപ്പിക്കുന്നതെല്ലാം മറന്ന് സന്തോഷമുള്ളത് മാത്രം ഓർക്കുക. അമ്മയുടെ മുറിയിൽ ഇട്ടിരിക്കുന്ന ചെറിയ കട്ടിലിൽ കിടന്ന് ഗീത മനസ്സിലെ വിഷമങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചതിനുശേഷം അമ്മയും അവളുമൊഴുക്കിയ കണ്ണീരിൽ നനഞ്ഞ ദിവസങ്ങളെ ഭർത്താവിന്റെ ഉപദ്രവങ്ങൾ സഹിച്ചു കഴിഞ്ഞ രണ്ടു വർഷത്തെ ദാമ്പത്യദുരിതങ്ങളെ മൂന്നു വർഷം മുമ്പ് തന്നെ തനിച്ചാക്കി അമ്മ കടന്നു പോയ ദിവസത്തെ… അങ്ങിനെ പലതും. അടുത്തുള്ള കട്ടിലിൽ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അമ്മയും !
ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു. സദ്യയ്ക്കു അച്ഛന് പുളിയിഞ്ചി നിർബന്ധമാണ്. അടുക്കള വഴി പുറത്തിറങ്ങി പറമ്പിൽ ഇഞ്ചി നിൽക്കുന്ന സ്ഥലം കൃത്യമായി അമ്മ ഗീതയ്ക്കു കാണിച്ചു കൊടുത്തു. ആവശ്യത്തിനുള്ള ഇഞ്ചി പറിച്ചെടുത്ത് ഇതുണ്ടാക്കി കഴിക്കാൻ അച്ഛനില്ലല്ലോ എന്ന വിഷമത്തിൽ ഗീതയും, അച്ഛനേറ്റം ഇഷ്ടമുള്ള പുളിയിഞ്ചി ഉണ്ടാക്കുന്നതിന്റെ സന്തോഷത്തിൽ അമ്മയും വീട്ടിലേക്ക് നടന്നു.
അമ്മയ്ക്കു ഇഷ്ടമുള്ള രീതിയിൽ ഓണമൊരുക്കാനായി മകൾ എല്ലാം പറഞ്ഞേൽപിച്ചിരുന്നു. അതുപോലെ നേരത്തെ തന്നെ ഗീത എല്ലാ സാധനങ്ങളും കടയിൽ നിന്നും വരുത്തി.
എന്തിനാ ഇതൊക്കെ എന്നൊരു നൂറാവർത്തി ചോദിച്ചുകൊണ്ട് അമ്മ അടുക്കളയിലൂടെ പരതി നടന്നു. മറവി രോഗമുള്ളയാളെയാണ് നോക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ ഏജൻസിയിലെ പല ചേച്ചിമാരും ഗീതയെ നിരുത്സാഹപ്പെടുത്തിയിരുന്നു. നല്ല പണിയാണ്. പറഞ്ഞത് തന്നെ പറഞ്ഞ് കഷ്ടപ്പെടും. നല്ല ക്ഷമയുണ്ടെങ്കിൽ പോയാൽ മതി, എന്നൊക്കെ ? പക്ഷെ ഇവിടെ അവളെ കാത്തിരുന്നത് അവൾക്ക് നഷ്ടമായ അമ്മയാണ്. സ്നേഹം കൊടുത്താൽ സ്നേഹം കിട്ടും എന്നവൾ അനുഭവിച്ചറിഞ്ഞു.
ഇന്ന് തിരുവോണം. ഗീത വെളുപ്പിനെയെണീറ്റ് പൂക്കളമിട്ട് പ്രഭാത ഭക്ഷണം ഉണ്ടാക്കി. സദ്യ വട്ടങ്ങൾക്കുള്ള കാര്യങ്ങൾക്ക് റോസി ചേച്ചിയെയും ഒരു കൈ സഹായിച്ചിട്ടാണ് ഗീത അമ്മയെ ഉണർത്തിയത്. അമ്മയെ കുളിക്കാൻ സഹായിച്ച്, അതിനുശേഷം ഭക്ഷണം കൊടുത്തിരുത്തിയിട്ട് ഗീത കുളിച്ചു വേഷം മാറി. ഓണക്കോടി അമ്മയ്ക്കൊപ്പം ഗീതയ്ക്കും റോസി ച്ചേച്ചിയ്ക്കും മകൾ അയച്ചിരുന്നു. അമ്മയെ വീതിയിൽ സ്വർണ്ണക്കരയുള്ള സെറ്റ് മുണ്ടും ചേരുന്ന ബ്ലൗസുമിടുവിച്ച് റെഡിയാക്കി. അമ്മ ആഭരണപ്പെട്ടിയിൽ നിന്ന് മുല്ലമൊട്ട് മാല എടുത്ത് അണിഞ്ഞു. എന്തൊരൈശ്വര്യം. നിലവിളക്ക് കത്തി നിൽക്കുന്നതുപോലെ. പിന്നെ ഒരു പാലയ്ക്കാ മാല ഗീതയുടെ നേരെ നീട്ടി. ഗീത എത്ര തടഞ്ഞിട്ടും സമ്മതിക്കാതെ നിർബന്ധിച്ച് അതവളെ അണിയിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ അവളും ഈ വീട്ടിലെ ഒരംഗമായതുപോലെ ഗീതയ്ക്കു തോന്നി.
മകളും കുടുംബവും മകനും കുടുംബവും ഒക്കെ ഒരുമിച്ച് വീഡിയോയിൽ കണ്ടു സംസാരിച്ചപ്പോൾ അമ്മയുടെ പുറകിൽ നിന്ന് പാലയ്ക്കാമാല ഇടേണ്ടി വന്ന സാഹചര്യം ഗീത ജാള്യതയോടെ വിവരിച്ചു.
അമ്മ സന്തോഷത്തോടെ ഇടുവിച്ചതല്ലേ എന്ന് മകൾ ഗീതയെ ആശ്വസിപ്പിച്ചു. അമ്മ പൂക്കളത്തെക്കുറിച്ചും പുളിയിഞ്ചിയേക്കുറിച്ചും പാലടയേയക്കുറിച്ചും ശർക്കരപ്പായസത്തേക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. അമ്മയുടെ മനസ്സ് നിറയെ സന്തോഷമാണെന്ന് മകനും മകളും നിറകണ്ണുകളോടെ കണ്ടറിഞ്ഞു.
ഒന്നിരിക്കാൻ പോലും കൂട്ടാക്കാതെ റോസിച്ചേച്ചിയും ഗീതയും വച്ചുണ്ടാക്കുന്ന ഓരോ വിഭവങ്ങളുടേയും ഉപ്പും പുളിയും എരിവുമൊക്കെ നോക്കി അമ്മ അടുക്കളയിൽത്തന്നെ കറങ്ങി നടന്നു. അമ്മയുടെ ആവശ്യപ്രകാരം ഗീത നാലു തൂശനില വെട്ടിക്കൊണ്ടു വന്നു. നാലിന്റെ കണക്ക് ഗീതയ്ക്കു മനസ്സിലായില്ല. വരാന്തയിൽ ഒരു വശത്ത് രണ്ടിലയും എതിർവശത്ത് രണ്ടിലയും അമ്മ നിരത്തി. ഇവിടെ അച്ഛനം മോനും, ഇവിടെ ഞാനും മോളും. അമ്മ നാലിലയുടെ കാരണം വ്യക്തമാക്കി. പിന്നെ അമ്മയുടെ അടുത്ത് മകൾക്കായി ഇട്ടിരിക്കുന്ന ഇലയുടെ പുറകിൽ ഗീതയെ ഇരുത്തി. അരികിൽ അമ്മയും ഇരുന്നു. റോസിച്ചേച്ചി നാലിലയിലും ചോറും കറികളും വിളമ്പി. പുളിയിഞ്ചി നന്നായിട്ടില്ലേ ? അമ്മയുടെ ചോദ്യം അച്ഛനോടാണ്. രുചിയോടെ ഓരോ വിഭവങ്ങളും ആസ്വദിച്ച് അമ്മ കഴിക്കുന്നു. കഴിച്ച് കഴിഞ്ഞ് മുമ്പിലിരിക്കുന്ന പാത്രത്തിലെ പാലട രണ്ടു സ്റ്റീൽ ഗ്ലാസുകളിലേക്ക് പകർന്ന് മുമ്പിലുള്ള അച്ഛനും മകനും കൊടുത്തശേഷം ശർക്കരപ്പായസം ഒരു ഗ്ലാസ്സിൽ അടുത്തിരിക്കുന്ന മകൾക്കും തന്റെ പങ്ക് ഇലയിലേക്കും വിളമ്പി. ആസ്വദിച്ചു പായസം കഴിക്കുന്ന അമ്മയെ ഗീത നിറകണ്ണുകളോടെ നോക്കി. കഴിച്ചു കഴിഞ്ഞ് കൈയും മുഖവും കഴുകി തുടച്ച് അമ്മ വരാന്തയിലെ അരഭിത്തിയിൽ ചെന്നിരുന്നു.
അമ്മയ്ക്കു സദ്യ ഇഷ്ടമായോ ? ഗീതയുടെ ചോദ്യത്തിന് മറുപടിയായി അമ്മ അവളെ അരികിലേക്ക് ചേർത്ത് നെറുകയിൽ ചുംബിച്ചു. തിളക്കമാർന്ന ആ കണ്ണുകളിൽ മനോഹരമായ ഒരു കാഴ്ച ഗീത കണ്ടു. മുറ്റത്ത് വർണ്ണഭംഗിയുള്ള പൂക്കളം, ഓണക്കോടിയുടുത്ത് ഓടിക്കളിക്കുന്ന മകനും മകളും ചാരുകസേരയിൽ വിശ്രമിക്കുന്ന അച്ഛൻ, തൊട്ടടുത്ത് സെറ്റുമുണ്ടുടുത്ത് മുല്ലമൊട്ടു മാലയണിഞ്ഞ് സിന്ദൂരം തൊട്ട് ചെറുപ്പക്കാരിയായ അമ്മ. മനസ്സിന്റെ ഉള്ളറകളിലൊന്നിൽ നിന്നും എടുത്ത് അമ്മ പുനഃസൃഷ്ടിച്ച നിറമുള്ള ഓണം ! ആ കാഴ്ചയുടെ നിർവൃതിയിൽ ഗീത അമ്മയോട് ചേർന്നിരുന്നു.