ഭൂമിയുടെ അവകാശികൾ

Column-Jane-Joseph
SHARE

സ്റ്റിനിലെ ഞങ്ങളുടെ വീടിന് പിൻവശത്ത് രണ്ട് വലിയ മരങ്ങൾ ഉണ്ട്. സമീപ പ്രദേശത്ത് നിന്നൊക്കെയായി പറന്നെത്തുന്ന പക്ഷിക്കൂട്ടങ്ങൾ അന്തിമയങ്ങുമ്പോൾ ഈ മരങ്ങളിൽ താവളമടിക്കും. അതിരാവിലെ തന്നെ ഇവർ ഇര തേടി യാത്രയാവും. എന്നാൽ ഈ മരങ്ങളിൽ സ്ഥിരതാമസക്കാരായ ചിലരുണ്ട്; മുതുകിൽ വരയില്ലാത്ത ഉടലിനേക്കാൾ വലിപ്പമുള്ള അഴകുള്ള വാലുള്ള അണ്ണാന്മാർ. പകൽ മുഴുവൻ ഞങ്ങളുടെ വീടിന് ചുറ്റുവട്ടത്തും അയൽവീടുകളുടെ പരിസര പ്രദേശങ്ങളിലുമൊക്കെയായി ചുറ്റിനടന്ന് ഇവരുടെ ആമാശയാവശ്യങ്ങളൊക്കെ സാധിക്കും. സന്ധ്യയാവുമ്പോൾ മരങ്ങളുടെ ഉയരങ്ങളിലേക്കും വീടിന്റെ മുകളിലേക്കുമൊക്കെ മറയുന്നത് കാണാം.

രാത്രിയിൽ ചേക്കേറാൻ വരുന്ന പക്ഷികൾക്കു പുറമേ പകൽ സമയത്ത് വിവിധയിനം പക്ഷികൾ ഞങ്ങളുടെ വീടിനും ചുറ്റും ഭക്ഷണമന്വേഷിച്ച് എത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പുറക് വശത്തുള്ള മുറ്റത്ത് ഒരു ഫീഡർ ഞങ്ങൾ സജ്ജമാക്കിയത്. മണ്ണിൽ നാട്ടിയ ഒരു കമ്പിയിൽ തൂക്കിയിട്ടിരിക്കുന്ന കൂടിന്റെ ആകൃതിയിലുള്ള ഒരു പാത്രം. പക്ഷികൾ വന്നിരുന്ന് കൊത്തുന്നതനുസരിച്ച് അതിൽ നിന്നും തീറ്റ വന്നുകൊണ്ടിരിക്കും. പല തരത്തിലുള്ള ധാന്യങ്ങൾ പക്ഷികൾക്കായി കടയിൽ നിന്നും വാങ്ങാൻ കിട്ടും. ഞങ്ങൾ തിനയാണ് ഫീഡറിൽ വയ്ക്കുന്നത്.

ഫീഡർ വന്നതോടെ പക്ഷികളുടെ എണ്ണം കൂടി. ഇതുകൊണ്ട്  രണ്ടുണ്ടായി പ്രയോജനം. ഒന്ന് പക്ഷികൾക്ക് ആവശ്യത്തിന് ഭക്ഷണം; രണ്ട് ഞങ്ങൾക്ക് വിവിധയിനം പക്ഷികളെ അടുത്ത് കാണാനുള്ള അവസരം. മകൾക്കായിരുന്നു കൂടുതൽ ഉത്സാഹം. ഓരോ പക്ഷിയേയും അതിന്റെ നിറവും രൂപവുമൊക്കെ നോക്കി എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം ; അതിൽ ഞങ്ങളും പങ്കു ചേർന്നു.

ഫീഡറിൽ ഭക്ഷണമുണ്ടെന്ന കാര്യം അതിവേഗം അണ്ണാന്മാരും മണത്തറിഞ്ഞു. കമ്പയിൽക്കൂടി മുകളിലേക്ക് കയറി അവിടെ നിന്ന് ഫീഡറിലേക്ക് എത്തിപ്പിടിച്ച് ഇറങ്ങി ആർത്തിയോടെ തിന കഴിച്ചു തുടങ്ങി. പക്ഷികൾ ഏതാനും ആഴ്ചകൾ കൊണ്ട് കഴിക്കുന്നത് ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായിത്തുടങ്ങി. ഇത് ഞങ്ങൾക്ക് പ്രായോഗികമായ കാര്യമല്ലാത്തതുകൊണ്ട് ഞങ്ങൾ ഫീഡറിനെ കുറച്ചുകൂടി നീളമുള്ള ഒരു ചരടിൽ കെട്ടിത്തൂക്കി. എന്നിട്ടും കായികാഭ്യാസികളായ ചില അണ്ണാന്മാർ വാലുചുറ്റി തലകീഴായി കമ്പിയിൽത്തൂങ്ങിക്കിടന്നു കൊണ്ട് കഴിക്കാമെന്ന് തെളിയിച്ചു. 

ഭക്ഷണ സമ്പാദനത്തിനായി, അതിജീവനത്തിനായി ഈ കൊച്ചു ജീവികൾ എടുക്കുന്ന ശ്രമം കണ്ണുതുറപ്പിക്കുന്നതായിരുന്നു. എന്നാലും എല്ലാ ദിവസവും കിലോക്കണക്കിന് തിന വാങ്ങിക്കുന്നത് സാധ്യമല്ലാത്തതുകൊണ്ട് അണ്ണാനെ തടുക്കാനായി ഭർത്താവ് ഒരു തട്ട്, കമ്പിയുടേയും ഫീഡറിന്റേയും ഇടയിൽ ഘടിപ്പിച്ചു. തട്ടിലേക്ക് കയറിയാൽ അത് കറങ്ങും, അതോടെ നിലയുറപ്പിക്കാൻ കഴിയാതെ  അണ്ണാൻ താഴെ വീഴും. ഈ മത്സരത്തിൽ ഒടുവിൽ അണ്ണാൻ തോൽവി സമ്മതിച്ചു.

എന്നാൽ തങ്ങളുടെ നിസ്സഹായാവസ്ഥ പക്ഷികളോട് വിനിമയം ചെയ്തിട്ടെന്ന പോലെ ചില പക്ഷികൾ ഫീഡറിൽ നിന്ന് കഴിക്കുന്നതിനിടയിൽ കുറച്ച് ധാന്യങ്ങൾ താഴെയിട്ട് തുടങ്ങി. അറിയാതെ സംഭവിക്കുന്നതാണെന്ന് ഞങ്ങൾ കരുതിയെങ്കിലും, പിന്നീട് ചില പക്ഷികൾ കഴിക്കുന്നതിന് പകരം തിന മണികൾ കൊത്തിക്കൊത്തി താഴെയിടുന്നു. അണ്ണാന്മാർ സന്തോഷത്തോടെ അത് കഴിക്കുന്നു. സഹകരണാടിസ്ഥാനത്തിലുള്ള അവരുടെ അതിജീവന ശ്രമം ഞങ്ങളെ ലജ്ജിപ്പിച്ചു.

മരങ്ങളിലെ ഇലകൾ പൊഴിഞ്ഞ് പകലുകളുടെ നീളം കുറയുകയും തണുപ്പ് കൂടിവരികയും ചെയ്യുന്ന ശരത്കാലത്തിലെ ഒരു ദിവസം ചായ കുടിച്ചുകൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. പുറകുവശത്തെ ഡെക്കിൽ ഇട്ടിരിക്കുന്ന കസേരയിലെ കുഷ്യനിൽ നിന്നും ഒരു കുഞ്ഞിപ്പക്ഷി എന്തോ കൊത്തിപ്പറിക്കുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ നോക്കി നിന്നു. നിമിഷങ്ങൾക്കുള്ളിൽ എന്തോ കൊത്തിയെടുത്ത് പക്ഷി പറന്നകന്നു. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ കുഷ്യനിൽ ചെറിയ ഒരു തുള. ഒരു പഞ്ഞിക്കഷണം പുറത്തേക്ക് തള്ളി നിൽക്കുന്നു. കൂടൊരുക്കാനുള്ള  പണിപ്പുരയിലാണവർ എന്ന് ഞാൻ മനസ്സിലാക്കി.

അടുത്ത ദിവസം എന്തോ ശബ്ദം കേട്ട് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ, തലേ ദിവസം പക്ഷി  കൊത്തിപ്പറിച്ച അതേ കുഷ്യനിലിരുന്ന് ഒരു അണ്ണാൻ കരളുന്നു. വേഗം ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി. അണ്ണാൻ കടിച്ചു പിടിച്ച ഒരു  വലിയ പഞ്ഞിക്കഷണവുമായി ഓടിപ്പോയി. നോക്കിയപ്പോൾ തുള കുറച്ചു കൂടി വലുതായിരിക്കുന്നു. പഞ്ഞി കുറച്ചു കൂടി അപ്രത്യക്ഷമായിരിക്കുന്നു. പുതിയ കുഷ്യനാണ്. എനിക്ക് വിഷമം വന്നു. ‍ഞാൻ കുഷ്യനുകൾ മറിച്ചിട്ടു. അടുത്ത ദിവസങ്ങളിൽ പല കുഷ്യനുകളിലും ചെറുതും വലുതുമായ തുളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കിളികളുണ്ടാക്കിയ തുളകളിൽ നിന്നും അണ്ണാന്മാരും, അണ്ണാന്മാരുണ്ടാക്കിയ തുളകളിൽ നിന്നും കിളികളും കൂടൊരുക്കാനുള്ള തത്രപ്പാട് തുടർന്നു. എന്റെ ഭൂമിയുടെ അവകാശി ഞാനാണെന്ന് ഓർമ്മപ്പെടുത്തി കുഷ്യനുകൾ ഞാൻ വീടിനുള്ളിലേക്ക് മാറ്റി.

രണ്ടായിരത്തി ഇരപുത്; കോവിഡ് മനുഷ്യ ജിവിതത്തിന്റെ യാത്രികതാളക്രമങ്ങളെ തെറ്റിച്ച വർഷം. ലോകം വീടുകൾക്കുള്ളിലേക്ക് ചുരുങ്ങി. കോവിഡിൽ പൊലിയുന്ന ജീവനുകൾ, കോവിഡുണ്ടാക്കിയ സാമ്പത്തിക തകർച്ചയിൽ ജോലി നഷ്ടപ്പെടുന്നവർ, പുതിയ ജോലി കണ്ടെത്താൻ കഷ്ടപ്പെടുന്നവർ, ആകെ അനിശ്ചിതാവസ്ഥ. ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും കിട്ടാതെ വരുമോയെന്ന ആശങ്ക. ഫെബ്രുവരി മുതൽ മാനവരാശിയാകെ ജീവിതത്തെ  പുനരവലോകനം ചെയ്ത മാസങ്ങൾ ! ഞങ്ങളുടെ ജീവിതവും വീടുനുള്ളിലും പരിസര പ്രദേശങ്ങളിലുമായി ചുരുങ്ങി.

വസന്തം വന്നപ്പോൾ കിളികൾ വന്നു തുടങ്ങി. ഞങ്ങൾ ഫീഡറിൽ ഭക്ഷണം നിറച്ചു. പുതിയൊരു ഫീഡറും. പിന്നെ ഹംമ്മിംങ്ങ് പക്ഷികൾക്കായി നെക്ടർ നിറച്ച മറ്റൊരു ഫീഡറും ഞങ്ങളുടെ വീടിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചു. ഒരു മരത്തിന്റെ ചുവട്ടിലായി ഒരു പാത്രത്തിൽ അണ്ണാന്മാർക്കായി കുറച്ചു ധാന്യങ്ങൾ ദിവസേന നിറച്ചു.  പിന്നെ വെള്ളം നിറച്ച വലിയൊരു പാത്രവും.

പതിവിലുമേറെ പക്ഷികൾ വന്നു തുടങ്ങി. ഫീഡറുകളിൽ തിരക്കേറിയപ്പോൾ പക്ഷികൾ അണ്ണാന്മാരോടൊപ്പം താഴെയുള്ള പാത്രത്തിൽ നിന്നും ധാന്യങ്ങൾ കഴിച്ചു. പിന്നെ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ആവോളം വെള്ളം കുടിച്ചു; അതിൽ കുളിച്ചു. ഞങ്ങളുടെ പട്ടി, കോക്കോ പക്ഷികളേയും അണ്ണാന്മാരേയും ശല്യപ്പെടുത്താതെ പുറത്തിറങ്ങി ചുറ്റിക്കറങ്ങി നടന്നു. ഇതിനിടയിൽ ചെറിയ ശരീരവും നീണ്ട കൊക്കുമുള്ള ഹമ്മിംഗ് ബേർഡ്, നെക്ടർ നിറച്ച ഫീഡറിൽ നിന്നും ആവോളം കുടിച്ചു സംതൃപ്തയായി.

തണുപ്പായിത്തുടങ്ങിയപ്പോൾ പഞ്ഞിതേടി ആദ്യം പക്ഷികൾ വന്നു. കുഷ്യനുകളിൽ പുതിയ തുളകൾ പ്രത്യക്ഷപ്പെട്ടു. പിന്നെ അണ്ണാന്മാർ വരവായി. തുളകൾ വലുതായിത്തുടങ്ങി. കുഷ്യനുകൾ അകത്തെടുത്ത് വെയ്ക്കണ്ടേ ? ഭർത്താവ് എന്നെ ഓർമ്മപ്പെടുത്തി. വേണ്ട, അടുത്ത സമ്മറിൽ നമുക്ക് പുതിയത് വാങ്ങാം. അവർ ആവശ്യമുള്ളിടത്തോളം എടുത്തോട്ടെ. ആ വാർത്ത ഞങ്ങളുടെ പരിസര പ്രദേശങ്ങളിലെല്ലാം പരന്നു സമീപ ദേശങ്ങളിൽ നിന്നും കിളികളും, അണ്ണാന്മാരും ഞങ്ങളുടെ കുഷ്യനുകളിലെ പഞ്ഞി തേടിയെത്തി.

ഭൂമിയിലെ ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ജാലവിദ്യ ഞാൻ കൺകുളിർക്കെ നോക്കി നിന്നു. പക്ഷികൾ കൊത്തിവലിച്ച് കിട്ടിയ പഞ്ഞിയുമായി പറന്നകലും  പിന്നെയും വരും. എന്നാൽ അണ്ണാന്മാരുടെ രീതി വ്യത്യസ്തമാണ്. ഓരോ പ്രാവശ്യവും കടിച്ച് വലിച്ചെടുക്കുന്ന പഞ്ഞി രണ്ടു കൈയ്യും കൂട്ടിപിടിച്ച് വായിലേക്ക് തിരുകിക്കയറ്റും. പിന്നെയും പഞ്ഞിയെടുക്കും, വായിലേക്ക് കയറ്റി ഒരു ഉരുളപോലെയാക്കും. വായ് നിറഞ്ഞു കഴിയുമ്പോൾ കൂട്ടിലേക്ക് പോകും. ഇത് തുടരും. ഈ കാഴ്ചകൾ വിരസമായ ഞങ്ങളുടെ കോവിഡ് ദിനങ്ങളെ അർത്ഥമുള്ളതാക്കി.

ജോലിയും വീടുമൊക്കെ നഷ്ടപ്പെടുമോയെന്ന ആശങ്കയോടെ എല്ലാം ചേർത്തു പിടിക്കാൻ, നഷ്ടപ്പെടാതെ നോക്കാനുള്ള ഞങ്ങളുടെ കഠിനമായ പരിശ്രമം ; അതേ സമയം ഓരോ ശരത്കാലത്തിലും  ഒന്നുമില്ലായ്മയിൽ നിന്ന് ഓടി നടന്ന് സ്വരുക്കൂട്ടി വീടു പണിത് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള ജീവജാലങ്ങളുടെ തത്രപ്പാട് ! ഞങ്ങളെ പ്രകൃതിയോടേറ്റവും അടുപ്പിച്ച വർഷം ! എന്റെ ഒരു തുണ്ട് ഭൂമി സകല ചരാചരങ്ങൾക്കുമായി തുറന്ന് കൊടുക്കുമ്പോൾ,  അവരും ഞങ്ങളും ഭൂമിയുടെ അവകാശികളായി സഹവർത്തിത്വത്തോടെ വസിക്കുമ്പോൾ ഭൂമിയുടെ ഹൃദയം സന്തോഷിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA