കത്രീന എന്നു പേരുളള കാറ്റഗറി 5 ചുഴലിക്കാറ്റാണ് 2005-ൽ ന്യൂ ഓർലൻസ് നഗരത്തെ തകർത്തത്. രണ്ടായിരത്തിനടുത്ത് മനുഷ്യരുടെ ജീവഹാനിക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രകൃതി ദുരന്തം. മിസിസിപ്പി നദിക്കരയിലുളള ഈ നഗരത്തെ സംരക്ഷിക്കാൻ കെട്ടിയ ബണ്ടുകൾ പൊട്ടിയതാണ് ദുരന്തം രൂക്ഷമാകാൻ ഒരു കാരണമായത്. കത്രീനക്കു ശേഷം ആഴ്ച്ചകളോളം നഗരം രാജ്യത്തിൽ നിന്നു പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു.
“2021-ൽ ഐഡ ചുഴലിക്കാറ്റ് വന്നപ്പോഴേക്ക് പക്ഷേ ഞങ്ങളുടേ ബണ്ടുകൾക്ക് കുറേക്കൂടെ ബലം വച്ചിരുന്നു. അതു കൊണ്ട് പൊട്ടിയില്ല. പിന്നെ, ഞങ്ങളും പഴയ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുകയും ദുരന്ത വേളകളിൽ പരസ്പരം സഹായിക്കാൻ കൂടുതൽ സന്നദ്ധത കാട്ടുകയും ചെയ്തു. അത് കൊണ്ട് ഐഡ ഞങ്ങളെ കത്രീനയോളം ഉപദ്രവിച്ചില്ല.” കടൽനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന, വെളളം കയറി തകർന്നു പോയ, ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണിച്ചു കൊണ്ട് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. എല്ലാം ഏറെക്കുറെ ഒരേ പാറ്റേണിലുളള വീടുകൾ. “ഷോട്ട് ഗൺ വീടുകൾ എന്നു പറയും. എന്നു വച്ചാൽ പുറകിലെ വാതിൽ വഴി വെടി വച്ചാൽ വെടിയുണ്ട മുന്നിലെ വാതിൽ വഴി പുറത്തു വരും.”
ചുഴലിക്കാറ്റുകൾ ഉണ്ടാക്കിയ പ്രളയ ജലവും അതു പോലെ എളുപ്പത്തിൽ ഈ വീടുകൾക്കകത്തേക്കും പുറത്തേക്കുമുളള വഴി കണ്ടു പിടിച്ചു കാണണം.
അമേരിക്കയുടെ തെക്കു ഭാഗത്ത് ഗൾഫ് ഓഫ് മെക്സിക്കോക്ക് സമീപമുളള ഈ നഗരം ‘ബിഗ് ഈസി’ എന്നറിയപ്പെടുന്നു. ആ പേര് പ്രധാനമായും ഇവിടുത്തെ ത്രസിക്കുന്ന രാത്രി ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ജാസ് സംഗീതത്തിനും, ഫഞ്ച്, ആഫ്രിക്കൻ ഭക്ഷണ വിഭവങ്ങൾക്കും പേരു കേട്ട നഗരം. എല്ലവർഷവും മഞ്ഞു കാലത്ത് നടക്കുന്ന മാർഡി ഗ്ര (Mardi Gras) എന്ന കാർണിവൽ ആണ് ന്യൂ ഓർലൻസിന്റെ ഏറ്റവും വിശേഷപ്പെട്ട ആഘോഷം. പരേഡുകളും തെരുവു പാർട്ടികളും കൊണ്ട് ആ ദിവസങ്ങളിൽ നഗരം മറ്റൊരു വേഷമണിഞ്ഞു നിൽക്കും.
ദ സിറ്റി ദാറ്റ് കെയർ ഫൊർഗൊട്ട് (The City That Care Forgot). ഈ നഗരത്തിന് അങ്ങനെയും ഒരു വിളിപ്പേരുണ്ട്. ഗൈഡ് പറയുന്നു. ഒരു നോവലിന്റെ പെരു പോലെയുണ്ടെന്നെനിക്കു തോന്നി. ഇവിടെ വരുന്ന സന്ദർശകരോടുളള സ്നേഹക്കൂടുതൽ കാരണം അവർ ഇവിടെ ചെയ്തു കൂട്ടുന്ന പാപങ്ങൾ ഈ നഗരം പൊറുക്കുന്നു എന്നാകുമോ?! അല്ലെങ്കിൽ സംഗീത പ്രിയരും ലഹരി പ്രിയരുമായ ന്യൂ ഓർലൻസ് വാസികൾ ഒന്നിനേയും ഒരു പരിധിയിൽ കൂടുതൽ വക വെക്കുകയോ മനസ്സിൽ ഇട്ടു നടക്കുകയോ ചെയ്യുന്നില്ല എന്നായിരിക്കണം.
എന്തായാലും ഇത് മാർഡി ഗ്രയുടെ സമയമല്ല. ഞങ്ങൾക്ക് ഫ്രഞ്ച് ക്വാർട്ടറിലെ തെരുവുകൾ നടന്നു കാണണം. പെരു കേട്ട ന്യൂ ഓർലൻസ് രാത്രി ജീവിതം എങ്ങിനെയാണെന്ന് അറിയണം. ഇഷ്ടപ്പെട്ട കടൽ വിഭവങ്ങൾ വേണ്ടുവോളം കഴിക്കണം. ഒരു വാരാന്ത്യം. ഒരു വ്യത്യസ്ത അനുഭവം. അത്ര മാത്രം.
വേൾഡ് വാർ 2 മ്യൂസിയത്തിൽ പട്ടാള റിക്രൂട്ടുകളായ യുവാക്കളുടെ നീണ്ട നിര. ദേശീയത വിജ്രംഭിക്കുന്ന വാർ തിയേറ്റർ. യൂറോപ്യൻ, അമേരിക്കൻ വേർഷനുകൾ ഒരു വശത്ത്. മറുവശത്ത് ജപ്പാന്റെ യുദ്ധാഖ്യാനങ്ങൾ. യുദ്ധത്തിന്റെ ഭീകരത മുഴുവൻ വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകൾ. മനുഷ്യ ദൈന്യത്തിന്റെ ഏറ്റവും രൂക്ഷമായ മുഖങ്ങൾ. ടോം ഹാങ്ക്സ് നരേറ്റ് ചെയ്ത ഡോക്യുമെന്ററി കണ്ടിറങ്ങുമ്പോൾ മിനി പറഞ്ഞു: “എത്ര സമർത്ഥമായിട്ടാണ് ജപ്പാനിലെ അണുബോംബ് വർഷത്തെക്കുറിച്ചും തുടർ കെടുതികളെക്കുറിച്ചും മൌനം പാലിക്കുന്നത്.“ അതെ, സെലക്‌ടീവ് ഹിസ്റ്ററി. കുട്ടികൾ ഹിറ്റ്ലറുടേയും മുസോളിനിയുടേയും അന്ത്യ ദിനങ്ങളുടെ ചിത്രങ്ങൾ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ കണ്ണൂർക്കോട്ടയിലെ വരികൾ ഓർമ വന്നു:
എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൗതുകപൂര്‍വ്വം നോക്കികാണും
ആൻ ഫ്രാങ്കിന്റെ പ്രതിമക്കു മുന്നിൽ നിന്നു ഫോട്ടൊയെടുക്കുമ്പോൾ എല്ലാ ദുരന്തങ്ങൾക്കുമിടയിൽ, എല്ലാം വെന്ത് വെണ്ണീറാവുന്ന ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഒരു പക്ഷിയെക്കുറിച്ച് കുട്ടികളോട് വേണമെങ്കിൽ പറയാം. പക്ഷേ, വേണ്ട. അവർ അത് സ്വയം കണ്ടെത്തിക്കോളും. ബർബൺ സ്ട്രീറ്റ് എന്ന ലഹരി നിറഞ്ഞ പേരുളള റൌഡി തെരുവിലൂടെയുളള രാത്രി നടത്തം. ചില വഴിയരികിൽ കൂടി നിൽക്കുന്ന, പണം ചോദിക്കുന്ന, ലഹരി വിൽക്കുന്ന ബൊഹീമിയൻ വേഷധാരികൾ. വായുവിൽ തങ്ങിനിൽക്കുന്ന ലഹരിപ്പുകയുടെ മണം “ഇതിലെ കുറച്ചു നേരം കൂടി നടന്നാൽ കിറുങ്ങി വീഴും” ശ്വാസം പിടിച്ചു കൊണ്ട് തിരക്കിനിടയിലൂടെ നടക്കുമ്പോൾ മിനി പറഞ്ഞു.
മറ്റൊരിടത്ത് ഒരാൾ അൽപ വസ്ത്രധാരികളായ ഒരു കൂട്ടം പെണ്ണുങ്ങൾക്ക് രാത്രി നിയമങ്ങളെക്കുറിച്ച് നിർദ്ദേശം കൊടുക്കുന്നു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഭക്ഷണ ശാലകളുടെ നീണ്ട നിര തുടങ്ങി. ലൈവ് മ്യൂസികും, ഡാൻസും, മദ്യവും. മിക്ക റസ്റ്ററന്റുകൾക്ക് പുറത്തും നീണ്ട ക്യൂ. ന്യൂ ഓർലൻസിൽ കഴിക്കെണ്ടത് ഓയസ്റ്ററാണ്, അതും ചാർഡ് ഓയിസ്റ്റർ. ഓയിസ്റ്റർ എന്നു കേട്ടപ്പോൾ മുഖം ചുളിച്ച ഞങ്ങളെ നോക്കി ഗൈഡ് രാവിലെ പറഞ്ഞത് ഓർത്ത് ഒരു സീ ഫുഡ് സ്ട്ട്ലത്ത് തന്നെ കയറി. 40 മിനിട്ട് വെയിറ്റ് ടൈം. 28000 സ്റ്റെപ്പുകൾ ആയെന്ന് ഫോണിലെ ആപ്പ് വിളിച്ചു പറയുന്നു. ദിവസം മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. ഒരു വാഹനത്തിലും കയറാതെ. അതു കൊണ്ടു കൂടെയായിരിക്കണം ഓയിസ്റ്ററും മറ്റ് കടൽ വിഭവങ്ങളുമടങ്ങിയ രാത്രിഭക്ഷണം ഏറെ രുചികരമായി തോന്നിയത്.
കുതിരപ്പുറത്തിരിക്കുന്ന ഏഴാം പ്രസിഡന്റ് ആൻഡ്രൂ ജാക്സന്റെ പ്രതിമയുളള, ടിവിയിലും സിനിമയിലും ഒക്കെ പല തവണ കണ്ടിട്ടുളള ജാക്സൺ സ്ക്വയറിന് എതിർ വശത്താണ് സെയിന്റ് ലൂയിസ് കഥീഡ്രൽ. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പടുകയും പിന്നീട് പല തവണ പുതുക്കി പണിയുകയും ചെയ്തിട്ടുള്ള, മൂന്നു കൂർത്ത ഗോപുരങ്ങൾ തെളിഞ്ഞ ആകാശത്തിലേക്ക് ഉയർത്തി നിൽക്കുന്ന ഭദ്രാസനപ്പള്ളി.
പ്രാർഥന നടക്കുന്ന സമയമായിരുന്നു. പള്ളിയുടെ അതി വിശാലമായ വാതിലിലൂടെ അകത്ത് കടന്ന് ബെഞ്ചുകളിലൊന്നിലിരുന്നു. മേൽക്കൂരയിൽ സിസ്റ്റൈൻ ചാപ്പലിനെ ഓർമിപ്പിക്കുന്ന തരം പെയിന്റിംഗുകൾ. അലങ്കാരപ്പണികൾ നിറഞ്ഞ ചുമരുകൾ. അനേകം വിശ്വാസികളുടെ കൈപ്പാടുകൾ പതിഞ്ഞ പഴയ ബൈബിൾ. ദൂരെ സ്റ്റേജിൽ ശുഭ്രവസ്ത്രധാരിയായി ദൈവിക ചടങ്ങുകൾ നിർവ്വഹിക്കുന്ന പുരോഹിതർ.
പളളിയോട് ചേർന്നുളള തെരുവിൽ തന്നെയാണ് ഫോക്നർ ഹൗസ്. മഹാനായ നോവലിസ്റ്റിന്റെ വീടു ഇപ്പോൾ ഒരു ചെറിയ ബുക്സ്ടോറായി മാറ്റിയിരിക്കുന്നു. ഒരു എഴുത്തുകാരന് അതിലും ഉചിതമായ മറ്റൊരു സ്മാരകമില്ലല്ലോ. 200000 ഡോളറിന്റെ നഷ്ടമാണത്രേ കത്രീന ഈ സാഹിത്യ സ്മാരകത്തിനു വരുത്തി വെച്ചത്.
കോവിഡ് കാരണം ഒരു സമയം നാലു പേരെയെ അകത്തു കടത്തുന്നുളളൂ. ഞങ്ങളുടെ ഊഴം കാട്ടു നിൽക്കുമ്പോൾ കഥീഡ്രലിന്റെ ഗോപുരങ്ങളിൽ ഏതോ പക്ഷികൾ വന്നിരിക്കുന്നു. പിന്നെ, ആകാശത്തിന്റെ തെളിമയിലേക്ക് പറന്നകലുന്നു. കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ മാത്രമെ ബുക് സ്റ്റോറിനകത്ത് സ്ഥലമുള്ളൂ. ഒരു പുസ്തകശാലയിൽ എന്നതിനേക്കാൾ പുസ്തക പ്രേമിയായ ഒരാളുടെ വീടിനകത്ത് പ്രവേശിച്ചതു പോലെയാണ് തോന്നിയത്. “വീടിന്റെ മുകളിലത്തെ നിലയിൽ ഉടമസ്ഥർ താമസം. താഴെ പുസ്തകശാല. തന്റെ ആദ്യ നോവൽ എഴുതുന്ന കാലത്താണ് (Soldiers Pay) ഫോക്നർ ന്യൂ ഓർലൻസിൽ താമസിച്ചത്.
ഷെർവുഡ് ആൻഡേർസണെ കാണാൻ ആണ് ഫോക്നർ ന്യൂ ഓർലൻസിൽ എത്തിയതെന്ന് പറയപ്പെടുന്നു. ഒരു സുഹൃത്തുമൊത്ത് ഫ്രഞ്ച് ക്വാർട്ടറിൽ താമസം, ലഹരിയും സംഗീതവും നിറഞ്ഞ തെരുവുകളിലെ ആഘോഷങ്ങൾ. ‘സൌണ്ട് ഓഫ് ഫ്യൂറിയും’ ‘ആസ് ഐ ലെ ഡയിംഗും’ ഒക്കെ എഴുതുന്നതിനു മുൻപുളള എഴുത്തുകാരന്റെ വിനീതമായ തുടക്കങ്ങൾ.
“ഇവിടെ നിന്ന് ഫോക്നർ പാരീസിലെക്കാണ് പോയത്, “ പുസ്ത്കശാല നടത്തുന്ന സ്ത്രീ ഫോക്നറെ ക്കുറിച്ച് ചോദിച്ചപ്പോൾ ആവേശഭരിതയായി. കുറച്ചു നേരം ഞങ്ങൾ ഹെമിങ്ങ്‌വേയെയും ഫോക്നറേയും പറ്റി സംസാരിച്ചു കൊണ്ടു നിന്നു. അക്കാലങ്ങളിൽ എഴുത്തുകാർക്ക് പാരീസ് ഒരു വലിയ ആകർഷണമായിരുന്നതിനെക്കുറിച്ചും. ‘ആസ് ഐ ലേ ഡയിംഗിന്റെ’ ഒരു കോപ്പി വാങ്ങി. അഖിലക്ക് ‘ത്രീ മസ്കറ്റീയർസും’. വില കൂടുതലാണ്. പക്ഷേ ഫോക്നർ ഹൗസ് ഒരു സാധാരണ പുസ്തകശാല മാത്രമല്ലല്ലൊ.
മുതലകളെ കാണാനുളള സ്വാംപ് ടൂർ മാത്രമേ ഇനി ബാക്കിയുള്ളൂ. ന്യൂ ഓർലൻസിന്റെ അതിരുകളിലെ ചതുപ്പു നിലങ്ങളിലൂടെയുളള ബോട്ട് യാത്ര. എല്ലാം വെയിലിനെ ആശ്രയിച്ചിരിക്കും. നല്ല വെയിലുള്ള നവംബർ ദിവസങ്ങളിൽ മുതലകൾ കരയ്ക്കു കയറും. പാറ മേൽ വെയിലു കാഞ്ഞു വിശ്രമിക്കും. പറ്റിയാൽ ബോട് ഡ്രൈവർ ഒരു മുതലക്കുഞ്ഞിനെ പിടിച്ചു ബക്കറ്റിലിടും. യാത്രക്കാർക്ക് മുതലക്കുഞ്ഞിനെ കൈയിലെടുത്ത് ഫോട്ടോക്ക് പോസ് ചെയ്യാൻ അവസരം കൊടുക്കും.
ബോട്ടിൽ പത്തിരുപതു യാത്രക്കാർ ഉണ്ടായിരുന്നു. കൈകളും കാലുകളും പുറത്തേക്കിടരുതെന്ന് കർശന നിർദ്ദേശം ബോട്ടിൽ എഴുതി വച്ചിരിക്കുന്നു. ഗോ വിത് ലോ എക്സ്പെക്റ്റേഷൻ വെൻ യു ഗോ ഫോർ ഫിഷിംഗ്. ബോട്ട് വിശാലമായ വെള്ളപ്പരപ്പ് വിട്ട് ഇടുങ്ങിയ ചതുപ്പു പ്രദേശങ്ങളിലെക്കു നീങ്ങി. ഒരിടത്ത് എഞ്ചിൻ ഓഫ് ചെയ്ത് കാത്തു കിടന്നു. കുട്ടികളുടെ കണ്ണുകൾ മുതലകൾക്കായി ആകാംക്ഷയോടെ പരതി. ചില പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യം വെള്ളത്തിലേക്കു ചാഞ്ഞു കിടക്കുന്ന ചില്ലകളിൽ. വെയിൽ എന്തു കൊണ്ടോ പിണങ്ങി നിന്നു. സമയം പോകെ, മൂടിക്കെട്ടിയ അന്തരീക്ഷം കുട്ടികളുടെ മുഖത്ത് നിരാശ നിറച്ചു.
പക്ഷേ, എവിടെ നിന്നോ ഡ്രൈവർ ഒരു മുതലക്കുഞ്ഞിനെ പിടിച്ചു ബക്കറ്റിലിട്ടു ഞങ്ങളെ കാണിക്കാൻ കൊണ്ടു വന്നു. ആദ്യം മടിച്ചെങ്കിലും കുട്ടികൾ അതിനെ കൈയിലെടുത്തു. ഇളം ചൂടുള്ള, പരുക്കൻ ദേഹം. മൂന്നു വയസ്സു പ്രായം വരും – ഡ്രൈവർ പറയുന്നു. കുറെ നേരം കൂടി ഞങ്ങൾ വെയിലിനും മുതലകൾക്കുമായി കാത്തു കിടന്നു. ഒടുവിൽ മടക്കം.
ചതുപ്പു വിട്ട് പുറത്തു വരുന്നതിനു തൊട്ടു മുൻപ് വെയിൽ ഔദാര്യത്തോടെ പ്രത്യക്ഷപ്പെട്ടു. ഒപ്പം അവിടവിടെ ഒന്നു രണ്ടു മുതലകളും. പാറക്കെട്ടുകളിൽ അവ ഉദാസീനരായി കിടന്നു. ഫോൺ ക്യാമറകൾ മിന്നി. കുട്ടികളുടെ മുഖങ്ങളും പ്രകാശിച്ചു. എല്ലാം വെയിലിനെ ആശ്രയിച്ചിരിക്കും. ഡ്രൈവർ വീണ്ടും പറയുന്നു നല്ല വെയിലുണ്ടെങ്കിൽ നിരവധി മുതലകളെ കാണാം. ഈ യാത്രകൾ പോലെ തന്നെ. നിത്യജീവിതത്തിന്റെ ചതുപ്പിൽ നിന്ന് ഇടക്ക് കരക്കു കയറി വെയിൽ കായാൻ ഉളള യാത്രകൾ.